 
തിരുവനന്തപുരം:ബുറേവി ചുഴലിക്കാറ്റ് ഇന്നുച്ചയ്ക്ക് കേരളത്തിന്റെ തെക്കേയറ്റം വഴി കന്യാകുമാരി തീരത്ത് പ്രവേശിക്കും.തുടർന്ന് വൈകിട്ടോടെ അറബിക്കടലിലെത്തും.നിലവിലെ സ്ഥിതിയനുസരിച്ച്, അതിന് ശേഷം ചുഴലിക്കാറ്റിന്റെ ശക്തി കുറയാനും ഇടയുണ്ടെന്ന് കാലാവസ്ഥാ ഗവേഷകൻ ഗോപകുമാർ ചോലയിൽ (തൃശൂർ )പറഞ്ഞു.
തിരുവനന്തപുരത്തിന്റെ തെക്കൻ മേഖലകളായ നെയ്യാറ്റിൻകരയിലും വിഴിഞ്ഞത്തും അതിനോട് ചേർന്നുള്ള തീര പ്രദേശത്തുമാണ് കാറ്റിന്റെ പ്രഭാവം കൂടുതലായി ഏൽക്കുന്നത്.കാറ്റിന്റെ സഞ്ചാര ഭാഗത്തിന്റെ സമീപമുള്ള സ്ഥലങ്ങളാണിവിടം. കാറ്റ് കൂടുതലായി വീശാൻ സാധ്യതയുള്ളതിനാൽ ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടാവാം.തിരുവനന്തപുരം ,കൊല്ലം ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത.തിരുവനന്തപുരം ജില്ല ലക്ഷ്യമാക്കി നീങ്ങുന്ന ബുറേവിയുടെ വേഗത കേരള തീരത്ത് പ്രവേശിക്കും മുമ്പ് ശക്തി കുറഞ്ഞ് 55 മുതൽ 60 കിലോ മീറ്ററായി മാറും. കേരളത്തിലൂടെ ഇത് അതി തീവ്രന്യൂനമർദ്ദമോ, തീവ്ര ന്യൂനമർദ്ദമോ ആയി കടന്നുപോകാനുള്ള സാധ്യതയുമുണ്ട്. അറബിക്കടലിലെത്തിയ ശേഷം ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അവിടെത്തന്നെ ദുർബ്ബലപ്പെട്ട് ഇല്ലാതാവാനും സാദ്ധ്യത ഏറെയാണ്.