കൊല്ലം: ആശ്രാമം ലിങ്ക് റോഡ് ബോട്ടുജെട്ടിയിലെ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ കോഴിക്കോട് ബാങ്ക് ഒഫ് ബറോഡ നടക്കാവ് ബ്രാഞ്ച് മാനേജരുടെ മൃതദേഹം കണ്ടെത്തി. മങ്ങാട് വില്ലേജിൽ അറുന്നൂറ്റിമംഗലം ചേരിയിൽ മംഗളം നഗർ 183ൽ ഷറഫുദ്ദീന്റെ മകൻ അൻവറാണ് (36) മരിച്ചത്.
കഴിഞ്ഞദിവസം പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. ചായക്കടയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരാണ് യുവാവ് കായലിൽ വീഴുന്നത് കണ്ടത്. വെളിച്ചക്കുറവും ചെളി അധികവും ഉള്ള പ്രദേശം ആയതിനാൽ ആദ്യ തിരച്ചിലിൽ കണ്ടെത്താനായില്ല. പിന്നീട് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്കൂബ ഡൈവിംഗ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കരയിൽനിന്ന് ഇയാളുടെ തിരിച്ചറിയൽ കാർഡും മൊബൈൽ ഫോണും ലഭിച്ചിരുന്നു. അൻവർ മൂന്നു ദിവസം മുൻപാണ് നാട്ടിലെത്തിയത്.