
ദുൽഖർ സൽമാന്റെ കരിയറിൽ വലിയ വഴിത്തിരിവായ ചിത്രമായിരുന്നു ചാർലി. മാർട്ടിൻ പ്രകാട്ട് സംവിധാനം ചെയ്ത സിനിമയിലെ പ്രകടനത്തിന് മികച്ച നടനുളള സംസ്ഥാന പുരസ്കാരവും താരത്തിന് ലഭിച്ചിരുന്നു. ചാർളിയിൽ ദുൽഖറിന് വേണ്ടി വസ്ത്രങ്ങൾ ഒരുക്കിയത് കോസ്റ്റ്യൂം ഡിസനൈർ സമീറ സനീഷാണ്.ചാർളി ഉൾപ്പെടെയുള്ള സിനിമകളിൽ ദുൽഖറിനൊപ്പം പ്രവർത്തിച്ച അനുഭവം പങി്കുവച്ചിരിക്കുകയാണ് സമീറ സനീഷ്. 'അലങ്കാരങ്ങളില്ലാതെ' എന്ന തന്റെ പുതിയ പുസ്തകത്തിലാണ് പ്രിയ സുഹൃത്തിനെ കുറിച്ച് സമീറ മനസുതുറന്നത്. തന്റെ എറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകരിൽ ഒരാളാണ് ദുൽഖറെന്ന് സമീറ സനീഷ് പറയുന്നു.

"പേഴ്സണലായും പ്രൊഫഷണലായും എനിക്ക് എറ്റവും ബഹുമാനമുളള ഒരാളാണ് ദുൽഖർ. മമ്മൂക്കയേക്കാൾ കൂടുതൽ ഞാൻ വർക്ക് ചെയ്തിരിക്കുന്നത് ദുൽഖറിന് വേണ്ടിയാണ്. ദുൽഖറിനോടുള്ള ബഹുമാനം നടൻ എന്നതിനപ്പുറം ആ വ്യക്തിയുടെ ചില പ്രത്യേകതകൾ കൊണ്ടാണ്. എല്ലാവരോടുമുളള പെരുമാറ്റം തന്നെയാണ് ഒരു കാരണം. താരജാഡയില്ല. ഉസ്താദ് ഹോട്ടൽ ചെയ്യുമ്പോൾ ഇടയ്ക്ക് ഞാൻ ലൊക്കേഷനിൽ ഉണ്ടായിരുന്നില്ല. അപ്പോൾ ലൊക്കേഷനിൽ നിന്ന് ദുൽഖർ മെസേജ് അയക്കും.
ഷൂസ് കംഫർട്ടബിളാണ് എന്നൊക്കെ. പുറത്ത് നിന്ന് നോക്കുമ്പോൾ ഇതൊന്നും വലിയ കാര്യമല്ലായിരിക്കും. പക്ഷേ സിനിമയ്ക്കുളളിൽ ഇത്തരം പരിഗണനയൊക്കെ വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത്തരം അനുഭവങ്ങൾ നൽകുന്ന സന്തോഷം വലുതാണ്. മമ്മൂക്കയുടെയും ദുൽഖറിന്റെയും എറ്റവും വലിയ ഗുണം എന്താണെന്ന് വെച്ചാൽ അവർക്ക് ഫാഷനെ കുറിച്ചും ഫാബ്രിക്കിനെ കുറിച്ചുമെല്ലാം നല്ല ധാരണയുണ്ട് എന്നതുതന്നെയാണ്. ഡ്രസ് മാത്രമല്ല. അതിന് ചേരുന്ന ബെൽറ്റ്, കൂളിംഗ് ഗ്ലാസ്, ആക്സസറീസ് ഇതിന്റെയൊക്കെ ചേർച്ച ഉൾപ്പെടെ നല്ല ബോധ്യമുണ്ട്.
പുതിയ ഫാഷനുകൾ, ട്രെൻഡ് ഒകെ നീരിക്ഷിക്കുകയും ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിയ്ക്കുകയും ചെയ്യും. അത് മാത്രമല്ല എറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. നമ്മൾ ഡിസൈൻ ചെയ്ത് കൊടുത്താൽ അത് എങ്ങനെ എറ്റവും നന്നായി ക്യാരി ചെയ്യണം എന്നറിയാം. അത് നമ്മൾ ചെയ്ത ജോലിയ്ക്ക് ഒരു വലിയ അംഗീകാരമാണ്. ഒരു ഡിഗ്നിറ്റി ലഭിക്കുന്നത് പോലെയാണ്. ചിലർ പക്ഷേ നേരെ തിരിച്ചാണ്. കൊടുക്കുന്ന ഡ്രസ് വേണ്ട രീതിയിലായിരിക്കില്ല ഇടുന്നത് പോലും, എന്തിനാണ് ദൈവമേ ഇത്രയും കഷ്ടപ്പെട്ടതെന്ന് ചിന്തിച്ച് പോകും ചാർളി ചെയ്യുമ്പോൾ ദുൽഖർ എപ്പോഴും പറയുമായിരുന്നു തനിയ്ക്ക് ഇതിന് അവാർഡ് കിട്ടുമെടോ എന്ന്. കുറെ നാളുകൾ കഴിഞ്ഞ് ഞാൻ പോലും മറന്നുകഴിഞ്ഞതായിരുന്നു ആ വർഷത്തെ സംസ്ഥാന അവാർഡ് പ്രഖ്യാപനം. പക്ഷേ ചാർലിയിലെ അഭിനയത്തിന് ദുൽഖറിന് മികച്ച നടനുളള അവാർഡ് ഉണ്ടായിരുന്നു. അന്ന് അവാർഡ് പ്രഖ്യാപനം കഴിഞ്ഞ് അധികസമയം കഴിയുന്നതിന് മുൻപ് എനിക്ക് ഒരു മെസേജ് വന്നു. യൂ ആർ ദ ബെസ്റ്റ് ഡിസൈനർ എന്ന്. സ്വന്തം സന്തോഷത്തിലും നമ്മളെ ഓർമ്മിച്ച ആ കരുതലുണ്ടല്ലോ. എനിക്ക് അതാണ് എറ്റവും വലിയ അവാർഡ്..." സമീറ സനീഷ് പറയുന്നു. പുസ്തകം മമ്മൂട്ടി, സംവിധായകൻ ആഷിഖ് അബുവിന് നൽകി പ്രകാശനം ചെയ്തു.