കിളിമാനൂർ:തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പുളിമാത്ത് പഞ്ചായത്തിൽ മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കാൽനൂറ്റാണ്ടിനിടെ ഒരു ടേം ഒഴികെ എല്ലാക്കാലവും ശക്തമായ ഇടതുകോട്ടയായിരുന്നു പുളിമാത്ത് പഞ്ചായത്ത്. എന്നാൽ ഇക്കുറി 2010-ലെ വിജയം ആവർത്തിക്കുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിശ്വസിക്കുന്നത്. 19 വാർഡുള്ള പഞ്ചായത്തിൽ 63 പേരാണ് ജനവിധി തേടുന്നത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് പത്താം വാർഡായ പയറ്റിങ്ങാക്കുഴിയിലാണ്. അഞ്ചുപേരാണ് ഇവിടെ മത്സരരംഗത്തുള്ളത്. ദീർഘകാലമായി ബി.ജെ.പിയുടെ ശക്തികേന്ദ്രമായിരുന്ന കാരേറ്റ് ശിവപ്രസാദ് ഇക്കുറി കോൺഗ്രസ് കൂടാരത്തിലാണ്. പാർട്ടിയുമായുള്ള സീറ്റ് ചർച്ചയിൽ പിണങ്ങി അമ്പതോളം പ്രവർത്തകരുമായാണ് ശിവപ്രസാദിന്റെ പോരാട്ടം. 11-ാം വാർഡ് താളിക്കുഴിയിലാണ് ശിവപ്രസാദിന് കോൺഗ്രസ് ടിക്കറ്റിൽ സീറ്റ് നൽകിയിരിക്കുന്നത്. പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ കാരേറ്റ് വാർഡിൽ ബി.ജെ.പി ടിക്കറ്റിൽ സ്ഥാനാർത്ഥിയില്ലെന്നത് ശ്രദ്ധേയമാണ്. ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ബി.ജെ.പി പിന്തുണയാണ്. മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മേഖലയിലെ പ്രമുഖരായ നേതാക്കളെ ഇറക്കിയാണ് കോൺഗ്രസ് അങ്കം മുറുക്കുന്നത്.