orama

കിളിമാനൂർ: ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാമെന്ന നാട്ടുമൊഴിയെ അന്വർത്ഥമാക്കുകയാണ് കിളിമാനൂരിലെ സ്ഥാനാർത്ഥികൾ. പ്രചാരണരംഗത്ത് വീറും വാശിയും കൊടുമ്പിരിക്കൊള്ളുമ്പോഴും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ 'ഒരുമ' പ്രദേശവാസികളെയും വഴിയാത്രികരെയും ഒരുപോലെ ആകർഷിക്കുകയാണ്. കിളിമാനൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് വിവിധ രാഷ്ട്രീയ പാർട്ടിക്കാരുടെ കമ്മിറ്റി ഓഫീസുകളുടെ 'പ്രണയം'. പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട പോങ്ങനാട്- മുളക്കലത്തുകാവ് റോഡിൽ നെല്ലിമൂട് ആരൂർ മൃഗാശുപത്രിക്ക് മുന്നിലാണ് കൗതുകക്കാഴ്ചയായ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ. ഒന്നല്ല മൂന്നുപേരുടെ ഓഫീസുകളാണ് ഒരേ കെട്ടിടത്തിലെ മൂന്ന് മുറികളിൽ പ്രവർത്തിക്കുന്നത്. ഒരു മുറിയിൽ സി.പി.എം ആറാം വാർഡ് സ്ഥാനാർത്ഥിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ജി പ്രിൻസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുകയാണ്. മൂന്നാമത്തേതിൽ ബി.ജെ.പി സ്ഥാനാർത്ഥി ജയകൃഷ്ണന്റെ ഓഫീസും. നടുക്ക് വാർഡിലെ ഏക സ്വതന്ത്ര സ്ഥാനാർത്ഥി ബദറുദീനും ഓഫീസാക്കി. ബദറുദീന്റെ ചിഹ്നം സ്കൂട്ടറാണ്. വാർഡിലെ പ്രചാരണത്തിൽ എതിർ ചേരിയിൽ നിൽക്കുന്നവർ, ഇവിടെ ഒരുമയോടെയാണ് സഹകരിക്കുന്നത്.