greenland

ഭൂമിയിലെ ഏറ്റവും വലിയ ദ്വീപെന്ന് അറിയപ്പെടുന്ന പ്രദേശമാണ് ഗ്രീൻലാൻഡ്. പേര് ഗ്രീൻലാൻഡ് എന്നാണെങ്കിലും ദ്വീപിന്റെ 90 ശതമാനത്തോളം മഞ്ഞുമൂടിയ നിലയിലാണ്. കൂടാതെ പല പ്രദേശങ്ങളിലും മഞ്ഞിന്റെ കനം ഒരു കിലോമീറ്ററിലേറെയാണ്. ഈ ദ്വീപിന് ഗ്രീൻലാന്റ് എന്ന് പേരുകിട്ടിയതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്.

എട്ടാം നൂറ്റാണ്ടിലും പതിനൊന്നാം നൂറ്റാണ്ടിനുമിടക്ക് യൂറോപ്യൻ പ്രദേശങ്ങളിൽ കൊള്ളനടത്തി സ്വന്തമായൊരു കൊള്ള സാമ്രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നടന്നിരുന്ന ജനസമൂഹമാണ് വൈക്കിംഗുകൾ. സ്വീഡൻ, ഡെൻമാർക്ക്, നെതർലൻഡ്സ്, നോർവെ തുടങ്ങിയ രാജ്യങ്ങളായിരുന്നു അക്കാലത്തെ വൈക്കിംഗുകളുടെ താവളങ്ങൾ. വൈക്കിംഗുകൾ കൊള്ളനടത്തി സമ്പാദിച്ച പണത്തിലൂടെയാണ് പ്രശസ്തമായ സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ ഉല്പത്തിക്ക് കാരണമായി മാറിയതെന്നാണ് ചരിത്രകാരൻമാർ പറയുന്നത്.

വൈക്കിംഗുകൾക്കിടയിൽ കൊള്ളനടത്താനുതകുന്ന പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾക്ക് പുറമേ പര്യവേക്ഷക സംഘങ്ങളും ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള വൈക്കിംഗുകളിൽ ഒരാളായിരുന്നു പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'ഐറിക്ക് ദ റെഡ്".

കൊള്ളനടത്തി യുദ്ധപ്രഭുവായി ദ്വീപുകൾ കൈയടക്കുകയും ഒടുവിൽ സഹകൊള്ളക്കാ‌ർ തന്നെ അദ്ദേഹത്തെ കൂട്ടത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഐറിക്ക് പ്രഭുവും അദ്ദേഹത്തെ അനുകൂലിക്കുന്ന ചിലരും ചെറുകപ്പലുകളിൽ പുതിയ സ്ഥലങ്ങൾ തേടി യാത്രയായി. ഒടുവിൽ ഏതാനും നാളത്തെ തിരച്ചിലിനു ശേഷം ഇന്നത്തെ ഗ്രീൻലാൻഡ് എന്ന് അറിയപ്പെടുന്ന ത്യൂൾ എന്ന ദ്വീപിലെത്തി. ഗ്രീൻലാൻഡിന്റെ പഴയപേരാണ് ത്യൂൾ.

എസ്കിമോകൾ എന്നറിയപ്പെടുന്ന നിരായുധരും ദുർബലരും പ്രാകൃതരുമായ ജനസമൂഹമാണ് അവിടെ ജീവിച്ചിരുന്നത്. ആയുധബലമുണ്ടായിരുന്നതിനാൽ ഐറിക്കിനും കൂട്ടർക്കും ത്യൂളിൽ ആധിപത്യം സ്ഥാപിക്കുന്നതിന് അധികം അദ്ധ്വാനം വേണ്ടി വന്നില്ല. ആ പ്രദേശത്തിന്റെ അധിപനായി സ്വയം പ്രഖ്യാപിച്ച ഐറിക്ക് കൂടുതൽ വൈക്കിംഗുകൾ ദ്വീപിലെത്തിയാൽ മാത്രമേ തനിക്ക് കൊള്ള‌സ്രമാജ്യം സ്ഥാപിക്കാൻ സാധിക്കൂ എന്ന് വിശ്വസിച്ചു. കാരണം എസ്കിമോകളെ കൊള്ളനടത്തുന്നതിൽ പ്രാവീണ്യരാക്കാൻ ധാരാളം സമയം വേണ്ടിവരുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ, തണുത്തുറഞ്ഞ ഈ ദ്വീപിലേക്ക് വൈക്കിംഗുകളെ എത്തിക്കുക എന്നത് ചെറിയ കാര്യമായിരുന്നില്ല.

വൈക്കിംഗുകളെ ആകർഷിക്കാൻ അദ്ദേഹം ദ്വീപിന് പുതിയ പേര് നൽകി. ആ പേരാണ് ഗ്രീൻലാൻഡ്. ഇതിൽ ആകൃഷ്ടരായ ചില വൈക്കിംഗുകൾ ഗ്രീൻലാൻഡിലെത്തിയെങ്കിലും പ്രദേശം തണുത്തുറഞ്ഞതാണെന്ന് മനസിലാക്കി തിരികെ പോയി. ഇങ്ങനെയാണ് ഗ്രീൻലാൻഡിന് ആ പേര് ലഭിച്ചത്. എറിക്കിന്റെ ഗ്രീൻലാൻഡ് പദ്ധതി പാളിപ്പോയെങ്കിലും ദ്വീപ് ഇപ്പോഴും അറിയപ്പെടുന്നത് ഗ്രീൻലാൻഡ് എന്നുതന്നെയാണ്. ഗ്രീൻലാൻഡ് ഇന്ന് ഡെന്മാർക്കിന്റെ സ്വയംഭരണ കോളനിയാണ്.