cpm

കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നഗരസഭയിലെ നാലാം വാർഡിൽ സി.പി.എം ചെയർപേഴ്സൺ സ്ഥാനാർത്ഥിക്കെതിരെ സി.പി.എം മഹിളാ നേതാവ് പി. ലീല റിബലായി മത്സരിക്കുന്നത് സി.പി.എമ്മിന് നെഞ്ചിടിപ്പ് കൂട്ടി. 2005ൽ ഇതേ വാർഡിൽ സി.പി.എം സ്ഥാനാർത്ഥിക്കെതിരെ യു.ഡി.എഫ് പിന്തുണയോടോ മത്സരിച്ച റിബൽ, പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിച്ച അനുഭവമാണ് ആശങ്കയ്ക്ക് കാരണം.

2005 ൽ നെഹ്രു കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. കരുണാകരനെയാണ് സി.പി.എം സ്ഥാനാർത്ഥിയാക്കിയിരുന്നത്. എന്നാൽ കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്ന് പാർട്ടി അണികൾ വാശി പിടിച്ചു. ഫലം വന്നപ്പോൾ നേതൃത്വത്തെ ഞെട്ടിച്ച് യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച അശോകൻ വിജയിച്ചു. 2010 ൽ നിലവിലെ സി.പി.എം റിബൽ പി. ലീല എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015ൽ മുൻ നഗരസഭ ചെയർമാൻ വി.വി രമേശനായിരുന്നു മത്സരിച്ചിരുന്നത്.

ലോക്കൽ കമ്മിറ്റികൾ ഏകോപിപ്പിച്ച് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം കൊടുത്താൽ പരാജയപ്പെട്ടേക്കുമെന്ന ഭീതിയിൽ സി.പി.എം ജില്ലാ കമ്മിറ്റി തന്നെ നേരിട്ട് പ്രചരണത്തിനിറങ്ങാനാണ് സാദ്ധ്യത. കുടുംബ യോഗങ്ങളിലും കോർണർ യോഗങ്ങളിലും ജില്ലാ നേതാക്കൾ നേരിട്ട് തന്നെ വിമത പ്രശ്നം സംബന്ധിച്ച് വിശദീകരണം നൽകുന്നുണ്ട്. ബീഡിത്തൊഴിലാളിയായിരുന്ന ലീലയുടെ കുടുംബം ഉറച്ച കമ്മ്യൂണിസ്റ്റുകാരായിരുന്നു. സി.ഐ.ടി.യു നിർമ്മാണത്തൊഴിലാളി യൂണിയൻ ജില്ല നേതാവ് രാജൻ ലീലയുടെ ഭർത്താവാണ്. രാജനും അടുത്ത കാലത്ത് പാർട്ടിയും അകന്ന് കഴിയുകയാണ്. ചെയർപേഴ്സൺ സ്ഥാനാർത്ഥിക്കെതിരായുള്ള വിമത പ്രശ്നത്തിന് പുറമേ എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ബേബിക്കെതിരെയുള്ള പരാതിയും തലവേദനയാകുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനാർത്ഥിയായി മടിക്കൈയിൽ നിന്ന് മത്സരിക്കുന്ന പി. ബേബി ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം പദവി വഹിച്ചിരുന്നുവെന്ന എതിർ സ്ഥാനാർത്ഥി സി.എം.പിയിലെ ശ്രീജ നൽകിയ പരാതിയും പ്രശ്നമാണ്. ജില്ലാ വരണാധികാരിയായ കാസർകോട് ജില്ലാ കളക്ടർ ബേബിക്കെതിരായ പരാതി തള്ളി പത്രിക സ്വീകരിച്ചെങ്കിലും കോടതിയിൽ ചോദ്യം ചെയ്യുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. സർക്കാറിൽ നിന്നുള്ള പ്രതിഫലമായി കൈപ്പറ്റുന്ന ഒരാൾക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടമാണെന്നും ഇത്തരം പദവികൾ 30 ദിവസം മുമ്പ് രാജിവെക്കണമെന്നതാണ് തിരഞ്ഞെടുപ്പ് ചട്ടമെന്നുമാണ് വാദം.
ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം പദവി പി. ബേബി രാജിവെച്ചത് നവംബർ 16നാണ്. പത്രിക സമർപ്പിക്കുന്നത് നവംബർ 19നും. നവംബർ 16ന് ബേബി പദവി രാജിവെക്കാൻ കാരണം, മാസത്തിൽ 15 നാൾ കഴിഞ്ഞ് 16ാം ദിവസം ജുവനൈൽ ബോർഡിൽ തുടർന്നാൽ ഒക്ടോബർ മാസത്തെ മുഴുവൻ ശമ്പളവും കൈപ്പറ്റാൻ സാധിക്കുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് എന്നും ആരോപിക്കുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗത്വം രാജിവെച്ചുവെന്ന് പി. ബേബി നാമനിർദ്ദേശപ്പത്രികയിൽ എഴുതിക്കൊടുത്തതല്ലാതെ, ബേബിയുടെ രാജി ജുവനൈൽ ബോർഡ് അംഗീകരിച്ച കത്ത് ബേബി ജില്ലാ കളക്ടർ മുമ്പാകെ ഹാജരാക്കിയിട്ടില്ല. എന്നാൽ ഈ വാദം അസംബന്ധമാണെന്നും പാർട്ടി സ്ഥാനാർത്ഥിയായി തീരുമാനിച്ചാലല്ലേ രാജി വെക്കേണ്ട ആവശ്യമുള്ളൂയെന്നും സി.പി.എം നേതാക്കൾ പറയുന്നു.