
കാഞ്ഞങ്ങാട്: പുരപ്പുറം വൈദ്യുതി നിലയമാക്കി വൈദ്യുതി ഉത്പാദനം നടത്തുന്ന പദ്ധതി ജനകീയമാകുന്നു. സംസ്ഥാന സർക്കാർ വൈദ്യുതി വകുപ്പുമായി സഹകരിച്ച് നടത്തുന്ന മഴവിൽ പദ്ധതികളിലൊന്നാണിത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ സംരംഭകത്വത്തിലും ഉപഭോക്താവിന്റെ സംരംഭകത്വത്തിലുമാണ് പുരപ്പുറത്ത് സൗരോർജ നിലയം നിർമ്മിക്കുക. നിലയത്തെ വൈദ്യുതി വകുപ്പിന്റെ ഗ്രിഡിൽ ഘടിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും. പവർകട്ട്, ലോഡ്‌ഷെഡ്ഡിംഗ് തുടങ്ങിയ തടസങ്ങൾ പൂർണമായി ഒഴിവാകും. ഇതു വഴി ആയിരം മെഗാവാട്ട് ശേഷി വർദ്ധനയാണ് ലക്ഷ്യമിടുന്നത്. 2018ലാണ് സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബിയും ചേർന്ന് പദ്ധതി തുടങ്ങിയത്. മൂന്നു പദ്ധതികളാണ് നടപ്പാക്കുന്നത്. ഉപഭോക്താവിന്റെ ചെലവിൽ കെ.എസ്.ഇ.ബി പൂർണമായും നിർമ്മിച്ചു നൽകുന്നതാണ് ഒന്നാമത്തേത്. 2. കെ.എസ്.ഇ.ബിയുടെ ചെലവിൽ ഉപഭോക്താവിന്റെ പുരപ്പുറത്ത് സൗരനിലയം സ്ഥാപിച്ച് 25 വർഷത്തേക്ക് പത്തു ശതമാനം വൈദ്യുതി പൂർണമായും ഉപഭോക്താവിന് നൽകുന്നു. 3. കെ.എസ്.ഇ.ബിയുടെ ചെലവിൽ ഉപഭോക്താവിന്റെ പുരപ്പുറത്ത് സൗരനിലയം സ്ഥാപിച്ച് 25 വർഷത്തേക്ക് നിശ്ചിത നിരക്കിൽ ഉപഭോക്താവിന് നൽകും. രജിസ്റ്റർ ചെയ്തവരുടെ പുരപ്പുറത്ത് സൗരോർജ പാനലിലൂടെ ഊർജോത്പാദനം തുടങ്ങിക്കഴിഞ്ഞു. കേരള മോഡൽ പുരപ്പുറ സൗരോർജ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക് ഇനിയും അവസരമുണ്ട്. നാൽപതു ശതമാനമാണ് സബ്സിഡി. സൗര പദ്ധതിയിൽ അപേക്ഷിച്ച ഗാർഹിക ഉപഭോക്താക്കൾക്ക് കാൻസൽ ചെയ്ത് പുതിയ മോഡലിൽ അപേക്ഷിക്കാം. മോഡൽ ബി. സൗര നിലയം സ്ഥാപിക്കാൻ ആവശ്യമായ തുകയുടെ 12 ശതമാനം അടച്ചാൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 25 ശതമാനം ലഭിക്കും.