
മുക്കം: മുദ്രാവാക്യങ്ങൾ തിരഞ്ഞെടുപ്പു രണാങ്കണത്തിലെ തീയുണ്ടകളാണെന്നും ഈരടികവിതകൾ ആയതിനാൽ അവയ്ക്ക് മരണമില്ലെന്നുമാണ് എഴുത്തുകാരനായ മുക്കം ഭാസിയുടെ അഭിപ്രായം. പോരിനിറങ്ങുന്ന പടയണികളെ രണഭേരികൾ ആവേശഭരിതരാക്കുന്നതു പോലെ രാഷ്ട്രീയ അണികളെ ആവേശം കൊള്ളിക്കാനുള്ളതാണ് മുദ്രാവാക്യങ്ങളെന്നും അദ്ദേഹം അഭിപ്രായപെടുന്നു.
ആവേശോജ്വലവും സരസവുമായ മുദ്രാവാക്യങ്ങൾ പലതും അദ്ദേഹം ഓർമയിൽ നിന്നു പൊടി തട്ടിയെടുക്കുകയാണ് .
സിരിമാവോ ഭണ്ഡാരനായകെ ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒരു പ്രസിദ്ധീകരണത്തിൽ കണ്ട മുദ്രാവാക്യ കവിതയുടെ തുടക്കം ഇങ്ങനെയായിരുന്നു.
'സിംഹള കോമള നാരിളേ സിംഹികളാവു തോഴിളേ'
പഴയ കാലത്ത് മുദ്രാവാക്യ നിർമ്മിതിയിൽ മുന്നിട്ടുനിന്നത് കമ്യൂണിസ്റ്റുകളായിരുന്നു. അവരുടെ ഒരു മുദ്രാവാക്യം
'പാടിക്കുന്നിൽ മുനയൻകുന്നിൽ, സേലം ജയിലിൽ വയലാറിൽ, ചോരത്തുള്ളികൾ വീഴ്ത്തിയ ധീരർ, അവരീ നാടിൻരക്ത സാക്ഷികൾ, അവരെ മറക്കാനാവില്ല, കേരള മക്കൾക്കാവില്ല, അവരുടെ സ്വപ്നം പൂവണിയും, അതിനായ് ഞങ്ങൾ പോരാടും
ഐക്യകേരള പിറവിയോടെ ലോകത്തിലാദ്യമായി കേരളത്തിൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റു. ആ സർക്കാർ ജനോപകാരപ്രദമായ പല നടപടികളും സ്വീകരിച്ചു. എന്നാൽ പല ജാതി സംഘടനകൾക്കും മതമേധാവികൾക്കും അതു സഹിച്ചില്ല. ഇങ്ങനെ പോയാൽ അപകടമാവുമെന്ന് അവർ ഭയപ്പെട്ടു.
കോൺഗ്രസ്, ലീഗ്, പി.എസ്.പി രാഷ്ട്രീയ കക്ഷികളെ അവർ കൂട്ടുപിടിച്ചു. വിമോചന സമരത്തിനു കോപ്പു കൂട്ടി. അതിന്റെ മുന്നോടിയായി വിദ്യാർത്ഥികളെ അണിനിരത്തി ആലപ്പുഴയിൽ ഒരണ ബോട്ടു സമരം ആരംഭിച്ചു. അന്നത്തെ നിയമമന്ത്രി വി.ആർ.കൃഷ്ണയ്യർ നിർദ്ദേശിച്ചത് വിദ്യാർത്ഥികളെ യാതൊരു സാഹചര്യത്തിലും ലാത്തിച്ചാർജ് ചെയ്യരുതെന്നാണ്. നിവൃത്തിയില്ലാെതെ വന്നാൽ ചൂരലുകൊണ്ടടിക്കാം. വന്നല്ലൊ, കുട്ടികളുടെ മുദ്രാവാക്യം.
സാരി ഞങ്ങളഴിക്കൂല, പാവാട ഞങ്ങൾ പൊക്കൂല, പൊക്കിയടിച്ചോ നമ്പൂരിയച്ചാ'
സമരകാലത്ത് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോകുമ്പോൾ അവർ വിളിച്ച മറ്റൊരു മുദ്രാവാക്യമിതാ:
'അമ്മേ ഞങ്ങൾ പോകട്ടെ, കണ്ടില്ലെങ്കിൽ കരയരുതേ'
അക്കാലത്ത് അൽപം ഭക്ഷ്യക്ഷാമം നേരിട്ടപ്പോൾ അതാ വരുന്നു മുദ്രാവാക്യം
അരി ചോദിച്ചാൽ ഭ.ഭ.ഭ, തുണി ചോദിച്ചാൽ ഭ ഭ ഭ, അരിയും തുണിയും ചോദിച്ചാൽ ഭ ദ ഭ ഭ, ഭ ഭ ഭ
ഇ.എം.എസിന്റെ വിക്കിനെ കളിയാക്കുന്ന മുദ്രാവാക്യം.
ഉടൻ ആന്ധ്രയിൽ നിന്ന് കൂടിയ വിലയ്ക്ക് അരി ഇറക്കുമതി ചെയ്ത് പ്രശ്നം പരിഹരിച്ചെങ്കിലും അത് പ്രതിപക്ഷം അഴിമതിയായി ഉന്നയിച്ചു. ആന്ധ്ര അരി കുംഭകോണം. ഇന്ദിരാഗാന്ധി അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയും വി.കെ.കൃഷ്ണമേനോൻ രാജ്യരക്ഷ മന്ത്രിയുമായ അക്കാലത്ത് സമരക്കാർ നെഹ്റുവിനെ കേരളത്തിൽ കൊണ്ടുവന്നു.രാഷ്ട്രീയക്കാരും മതമേധാവികളും എല്ലാം കൂടി ഒന്നിച്ചു ചേർന്ന് ഒരുവൻനിര ഇ എം.എസ് മന്ത്രിസഭയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് നെഹ്രുവിനെ ഞെട്ടിച്ചു. നെഹ്രു ഡൽഹിയിൽ തിരിച്ചെത്തിയ ഉടൻ ഇ.എം.എസ് മന്ത്രിസഭയെ
പിരിച്ചു വിട്ടത് ചരിത്രം. പഞ്ചാബ് ഗവർണർ ഗാഡ്ഗിലും ഇന്ദിര ഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിയും മാത്രമാണ് അന്ന് ഈ ജനാധിപത്യ വിരുദ്ധ നടപടിയെ ചോദ്യം ചെയ്ത കോൺഗ്രസുകാർ. അടുത്ത തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റുകളുടെ ചോദ്യമിതാ:
നിങ്ങൾക്കൊക്കെ അഞ്ചു കൊല്ലം
ഞങ്ങൾക്കെന്തേ രണ്ടര കൊല്ലം?
അക്കാലത്താണ് കോൺഗ്രസ് ലീഗ്-പി.എസ്.പി സഖ്യം രൂപപ്പെട്ടത്. കോഴിക്കോട് കടപ്പുറത്ത് നെഹ്റു പ്രസംഗിക്കുന്നു. മുൻ മന്ത്രി പി.പി.ഉമ്മർകോയ പരിഭാഷകൻ. ലീഗിന്റെ കൊടികണ്ട് ക്ഷുഭിതനായ നെഹ്രു ലീഗ് ചത്ത കുതിരയാണെന്നും അതെങ്ങനെ കോൺഗ്രസ്സിന്റെ കൂടെ വന്നെന്നും ക്ഷോഭത്തോടെ ചോദിക്കുന്നു. അത് കമ്യൂണിസ്റ്റുകാർ തിരഞ്ഞെടുപ്പിൽ ആയുധമാക്കി.
അഛന് ലീഗ് ശവക്കുതിര, പുന്നാരമോൾക്ക് പടക്കുതിര. ഇ.എം.എസിന്റെ കാലത്ത് ദൗർഭാഗ്യകരമായ ഒരു വെടിവെപ്പ് നടന്നു. അങ്കമാലിയിൽ ഗർഭിണിയായ ഫ്ലോറി മരിച്ചു. അതൊരു മുദ്രാവാക്യമായി കേരളത്തിലാകെ പരന്നു.
തെക്കു തെക്കൊരു ദേശത്ത്
അലമാലകളുടെ തീരത്ത്
ഫ്‌ളോറിയെന്നൊരു ഗർഭിണിയെ
വെടിവച്ചവരേ കാപാലിരേ
അക്കഥ ഞങ്ങൾ മറക്കൂല
കേരള ജനത പൊറുക്കൂല
മറ്റൊന്ന്.
കെ സി ജോർജിന്റെ
നൊണ്ടലുമാറ്റാൻ
കെ.ആർ.ഗൗരിടെ
കൊഞ്ചലുമാറ്റാൻ
ഇ എം എസ്സിന്റെ വിക്കലു മാറ്റാൻ
ഓരാേ വോട്ടും കോ ലീ പിക്ക്
ലീഗുകാരുടെ ഒരു മുദ്രാവാക്യം:
രണ്ടും കെട്ടും നാലും കെട്ടും
ഇ.എം.എസ്സിന്റെ ഓളേം കെട്ടും
ഇന്ദിര ഗാന്ധി ഭരിക്കുമ്പോളും അരി ക്ഷാമം രൂക്ഷമായി.ആറ് ഔൺസ് റേഷൻ നടപ്പാക്കി. പിന്നാലെ വന്നു മുദ്രാവാക്യം:
ഇന്ദിരേ നീയൊരു പെണ്ണല്ലേ
ആറൗൺസെങ്ങനെ വച്ചു വിളമ്പും? അടിയന്തരാവസ്ഥയ്ക്കു ശേഷം
കേരളമാകെ മുഴങ്ങിയ ഒരു മുദ്രാവാക്യം:
സീതാദേവി ലങ്ക മുടിച്ചു
ഇന്ദിരയക്ഷി ഇന്ത്യ മുടിച്ചു
ശുദ്ധരിൽ ശുദ്ധനായ ഇ.കെ.നായനാർ നിര്യാതനായപ്പോൾ പാർടി പ്രവർത്തകർ വിളിച്ചു
ഇല്ല സഖാവു മരിച്ചിട്ടില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ
എത്രയെത്ര മുദ്രാവാക്യങ്ങൾ. മുദ്രവാക്യങ്ങൾക്ക് മരണമില്ല .കാരണം അത് കവിതകളാണ്.ഈരടികവിതകൾ.