
കേളകം: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടുണരുമ്പോൾ മലയോരത്തെ ആദ്യ പഞ്ചായത്ത് പ്രസിഡന്റായ ജോർജ്ജുകുട്ടി മുക്കാടന്റെ മനസ്സിൽ ഇപ്പോഴും അന്നത്തെ ആവേശത്തിരയിളക്കം.1964 ൽ കാപ്പാട് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് എന്ന നിലയിൽ കുടിയേറ്റ ജനതയുടെ അമരക്കാനായി. ഇന്നത്തെ കണിച്ചാർ,കേളകം, കൊട്ടിയൂർ എന്നീ മൂന്നു പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു കാപ്പാട് പഞ്ചായത്ത്.
കൊട്ടിയൂർ കുടിയിറക്ക് ഭീഷണി നിലനിന്ന കാലത്തായിരുന്നു ആദ്യതെരഞ്ഞെടുപ്പ്. ജാതിക്കും മതത്തിനും അതീതമായി കർഷകർ ഒറ്റക്കെട്ടായി അണിനിരന്ന് കുടിയിറക്ക് ഭീഷണിക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. അതിന് നേതൃത്വം നൽകിയ ബി.വെല്ലിംങ്ടൺ, ഫാ.വടക്കൻ എന്നിവരോടൊപ്പം ജോർജ്ജുകുട്ടി മുക്കാടനുമുണ്ടായിരുന്നു.
ചങ്ങനാശ്ശേരിക്കാരനായ ഇദ്ദേഹം 1958ൽ ഒരു സുഹൃത്തിനോടൊപ്പമാണ് മലബാറിലെത്തുന്നത്. പേരാവൂർ തൊണ്ടിയിലുണ്ടായിരുന്ന ബന്ധുവിന്റെ സഹായത്തോടെ കേളകത്ത് ഒരു കച്ചവടം ആരംഭിച്ച് മൂന്ന് നാല് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ കുടിയിറക്ക് വിരുദ്ധ സമരത്തിലേക്ക് ആകർഷിക്കപ്പെട്ടതോടെ ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
1963 നവംബർ 23 നാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്.50 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള അന്നത്തെ കാപ്പാട് പഞ്ചായത്തിലെ ആകെ വോട്ടർമാർ എണ്ണായിരത്തിൽ താഴെ. വാഹന സൗകര്യംപോലുമില്ലാതിരുന്ന അക്കാലത്ത് കുന്നും മലയും കയറിയിറങ്ങിയായിരുന്നു പ്രചാരണം. ഇന്നത്തെപ്പോലെയുള്ള വികസനമോ അടുത്തടുത്ത് വീടുകളോ അന്നുണ്ടായിരുന്നില്ല.
കർഷകർ ഒറ്റക്കെട്ടായി നിന്ന് കർഷക യൂണിയന്റെ സ്ഥാനാർത്ഥികളെ വിജയിപ്പിച്ചു. അവരിൽ ഇന്ന് ജീവിച്ചിരിക്കുന്നവർ രണ്ടാം വാർഡിൽ നിന്ന് ജയിച്ച മാത്യു നെടുല്ലേൽ, അഞ്ചാം വാർഡിലെ സക്കറിയാസ് പുതനപ്ര, എട്ടാം വാർഡംഗം ജോർജ്ജുകുട്ടി മുക്കാടൻ എന്നിവർ മാത്രം. അങ്ങനെ മലനാട് കർഷക യൂണിയനു വേണ്ടി 1964 ജനുവരി ഒന്നിന് ജോർജിജുകുട്ടി മുക്കാടൻ കാപ്പാട് പഞ്ചായത്ത് പ്രസിഡന്റായി.പിന്നീട് കൊട്ടിയൂർ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ അവിടെയും ആദ്യ പ്രസിഡന്റായി. തുടർച്ചയായി പതിനഞ്ച് വർഷമാണ് പ്രസിഡന്റായി തുടർന്നത്. മലയോരത്ത് ഓലക്കുടിലുകളും കച്ചിപ്പുരകളും മാത്രമുണ്ടായിരുന്ന അക്കാലത്ത് പഞ്ചായത്തിന് കാര്യമായ വരുമാനമില്ലായിരുന്നു. സർക്കാരിൽ നിന്ന് പ്രതിവർഷം പദ്ധതി വിഹിതമായി ലഭിച്ചത് 5000 രൂപയിൽ താഴെ.പ്രസിഡന്റിനും മെമ്പർമാർക്കും പ്രതിമാസ പ്രതിഫലം അഞ്ചു രൂപ മാത്രമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എങ്കിലും മലയോര ജനതയുടെ കൂടെനിന്ന് മറ്റ് അംഗങ്ങളോടൊപ്പം നിരവധി വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് 84ാം വയസിൽ കേളകത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹം.
കേളകം പൊലീസ് സ്റ്റേഷൻ, കേളകത്തെയും കൊട്ടിയൂരിലേയും സർക്കാർ ആശുപത്രികൾ, വൈദ്യുതിയുടെ അഭാവത്തിൽ ജനറേറ്റർ ഉപയോഗിച്ച് ടെലിഫോൺ എക്സ്‌ചേഞ്ചിന്റെ പ്രവർത്തനം തുടങ്ങിയത്, ഗതാഗത സൗകര്യത്തിനായി ഒറ്റ ദിവസം കൊണ്ട് മണത്തണ അമ്പായത്തോട് റോഡ് നിർമ്മിച്ചത്, നാട്ടിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനം, അമ്പായത്തോട് 44ാം മൈൽ വഴി മാനന്തവാടിയിലേക്ക് ചുരം രഹിതപാതയുണ്ടാക്കുന്നതിനായി വനംവകുപ്പിൽ നിന്നും സ്ഥലം പാട്ടത്തിനെടുത്തതുൾപ്പെടെ ഒട്ടനവധി വികസന പ്രവർത്തനങ്ങൾക്ക് മലയോരത്ത് തുടക്കം കുറിച്ചു.
കേളകം നിവാസികളായ ജോസഫ് ഏണിയക്കാട്ട്, പള്ളിക്കൽ തോമസ്, വരപ്പോത്തുകുഴി പൈലി, വത്യാട്ട് മത്തായി എന്നീ നാല് പേർ ചേർന്ന് കേളകത്തെ സർക്കാർ ആശുപത്രിക്ക് 1 ഏക്കർ ഭൂമി തികച്ചും സൗജന്യമായി നൽകിയത് ചികിത്സതേടി കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടി വന്ന ജനങ്ങൾക്ക് വലിയൊരനുഗ്രഹമായി മാറി. നാടിന്ന് വികസന പാതയിലാണ്. വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ഇവിടുത്തെ ആദ്യ പഞ്ചായത്ത് പ്രസിഡന്റ് എല്ലാവിധ പിന്തുണയുമായി മലയോര ജനതയ്‌ക്കൊപ്പമുണ്ട്.