
തൃശൂർ: തിരുവില്വാമല, കൊണ്ടാഴി, പഴയന്നൂർ പഞ്ചായത്തിലെ 14 വാർഡുകൾ, ചേലക്കര പഞ്ചായത്തിലെ 1,2 , 4 ,5 വാർഡുകൾ തുടങ്ങി 50 വാർഡുകൾ ഉൾപ്പെട്ടതാണ് തൃശൂർ ജില്ലാപഞ്ചായത്തിലെ തിരുവില്വാമല ഡിവിഷൻ. വനിതകൾ തമ്മിൽ കടുത്ത മത്സരം ഉണ്ടാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണ വിജയിച്ച എൽ.ഡി.എഫിലെ ദീപ.എസ്.നായർ (സി.പി.ഐ) തന്നെയാണ് തന്നെയാണ് ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർത്ഥി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് എത്തിയ ദീപ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയംഗം, കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.ഐ യുടെ മണ്ഡലം കമ്മിറ്റി അംഗവും കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞ പത്തു വർഷമായി കുടുംബശ്രീയുടെ സംസ്ഥാന, തൃശൂർ ജില്ലാ പരിശീലന ടീം അംഗമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കിലയിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിവരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനമികവിൽ തിരുവില്വാമല ഡിവിഷൻ തന്നെ തുണക്കുമെന്നാണ് ദീപയുടെ വിശ്വാസം. മഹിളാ കോൺഗ്രസ് അംഗമായ താര ഉണ്ണികൃഷ്ണൻ ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. പട്ടിപ്പറമ്പ് ക്ഷീര സഹകരണ സംഘം പ്രസിഡന്റും മിൽമ ഡയറക്ടറുമാണ്. കന്നിയങ്കമാണ് താരയുടേത്. ബി.ജെ.പി സ്ഥാനാർത്ഥി പ്രസന്ന ശശിയാണ്. ആർ.എസ്.എസ് അനുഭാവിയായി രാഷ്ട്രീയ രംഗത്തെത്തിയ പ്രസന്ന 1995 മുതൽ ബി.ജെ.പിയുടെ സജീവ പ്രവർത്തകയാണ്. 1995ലും 2005ലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി, 8 വർഷം ബി.ജെ.പി ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയവുമായാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.