
തെലുങ്കിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികമാരിലൊരാളായ പൂജാ ഹെഗ്‌ഡേ ദുൽഖർ സൽമാന്റെ ജോടിയാകുന്നു.
ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് പൂജ ദുൽഖറിന്റെ നായികയാകുന്നത്. 1964 കാലഘട്ടത്തിലൊരുങ്ങുന്ന ഈ പീര്യഡ് ഡ്രാമയിൽ മറ്റൊരു നായിക കൂടിയുണ്ട്. തെലുങ്കിലെ മറ്റൊരു മുൻനിര നായികയായ രശ്മിക മന്ദാനയായിരിക്കും ആ വേഷമവതരിപ്പിക്കുകയെന്നാണ് സൂചന.
ദുൽഖർ നായകനായ ആദ്യ തെലുങ്ക് ചിത്രം മഹാനടി നിർമ്മിച്ച വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രിയങ്കാ ദത്തും സ്വപ്ന ദത്തും ചേർന്ന് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിർമ്മിക്കുന്നത്.ഒരു സിനിമയ്ക്ക് രണ്ടരക്കോടി പ്രതിഫലം വാങ്ങുന്ന പൂജാ ഹെഗ്‌ഡേ ദുൽഖർ ചിത്രത്തിനായി പ്രതിഫലത്തിൽ ഇളവ് വരുത്തിയിട്ടുണ്ടെന്ന് തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അല്ലു അർജുനോടൊപ്പം അല വൈകുണ്ഡപുരമുലോ (അങ്ങ് വൈകുണ്ഠപുരത്ത്) എന്ന തെലുങ്ക് ബ്ളോക്ക് ബസ്റ്ററിലഭിനയിച്ച പൂജാ ഹെഗ്‌ഡേ ഇപ്പോൾ പ്രഭാസിനോടൊപ്പം രാധേ ശ്യാം എന്ന ചിത്രത്തിലഭിനയിച്ചുവരികയാണ്.
അണ്ടാലരാക്ഷസി, കൃഷ്ണഗാഡിവീര പ്രേമഗാഥ, ലൈ, പാടി പാടി ലേച്ചേ മനസ്സു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഹാൻ രാഘവപുഡിയുടെ ദുൽഖർ ചിത്രത്തിന് വിശാൽ ചന്ദ്രശേഖറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
ഇപ്പോൾ ചെന്നൈയിൽ പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദ സംവിധായികയാകുന്ന ഹേ സിനാമിക എന്ന തമിഴ് ചിത്രത്തിലഭിനയിച്ചുവരികയാണ് ദുൽഖർ സൽമാൻ. ഈ ചിത്രത്തിൽ കാജർ അഗർവാളും അതിഥി റാവുവുമാണ് ദുൽഖറിന്റെ നായികമാർ. ഹേ സിനാമിക പൂർത്തിയാക്കിയ ശേഷം ജനുവരി ആദ്യവാരം ദുൽഖർ ഹാനു രാഘവപുഡിയുടെ ചിത്രത്തിൽ ജോയിൻ ചെയ്യും. ബോബി - സഞ്ജയിന്റെ രചനയിൽ റോഷിൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടും ജനുവരിയിൽ ചിത്രീകരണമാരംഭിക്കും. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷൻ.
ദുൽഖർ ആദ്യമായി മുഴുനീള പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന സല്യൂട്ട് നിർമ്മിക്കുന്നത് താരത്തിന്റെ നിർമ്മാണക്കമ്പനിയായ വേ ഫെയറർ ഫിലിംസാണ്.