
ലക്ഷക്കണക്കിന് വരുന്ന ശ്രീനാരായണ ഗുരുദേവ ഭക്തരെ സംബന്ധിച്ച് വലിയ മാനസിക സംഘർഷത്തിലൂടെ കടന്നുപോകേണ്ടി വന്നിരിക്കുന്ന സന്ദർഭമാണിത്. എല്ലാ മാസവും എല്ലാ ആഴ്ചയിലും ശിവഗിരിയിൽ വന്ന് ഭഗവാനെ സന്ദർശിച്ച് മടങ്ങിയിരുന്നവരെല്ലാം തീർത്ഥാടനത്തിനെങ്കിലും ശിവഗിരിയിലെത്താമെന്നുള്ള പ്രതീക്ഷയിലായിരുന്നു. പക്ഷേ കൊവിഡ് നിയന്ത്രണങ്ങൾ മാറ്റാത്തതുകൊണ്ടാണ് ശിവഗിരി മഠത്തിനും നിയന്ത്രണ വിധേയമായി 88 -ാമത് ശിവഗിരി തീർത്ഥാടനം നടത്തേണ്ടി വരുന്നത്. ആഘോഷങ്ങളും പദയാത്രയും അന്നദാനവും രാത്രി താമസവും ഒഴിവാക്കി കൊടിയേറ്റും ഹോമവും പൂജകളും മാത്രം നടത്തി ആചരിക്കുന്ന ഒരു തീർത്ഥാടന മഹാമഹമായിരിക്കും ഇത്തവണത്തേത്. ഇവിടെ എല്ലാ ഭക്തരും വികാരത്തെ മാറ്റി നിറുത്തി വിവേകപൂർവം പ്രവർത്തിച്ച് മറ്റുള്ളവർക്ക് മാതൃകയാവണം. ക്ഷമയും തിതിക്ഷയും ഏറ്റവും അധികം പരിശോധിക്കാനുള്ള അവസരം കൂടിയാണിത്.
'ശാസ്ത്ര സങ്കേതിക വിദ്യ'യെക്കുറിച്ച് പഠിച്ച്, മറ്റുള്ളവരെ പഠിപ്പിക്കണമെന്ന് തീർത്ഥാടന ലക്ഷ്യങ്ങളിലൊന്നായി ഗുരു പറഞ്ഞിരുന്നു., ബ്രഹ്മസത്യം ജഗത് മിഥ്യയെന്ന് ഓതുന്ന മഹർഷി ഗണത്തിൽപ്പെടുന്ന ഗുരു, ജഗത് ഈ കാണുന്ന രീതിയിൽ സത്യമല്ലെങ്കിലും അതിന്റെ ശാസ്ത്രീയമായ പഠനവും ജീവിതവും മനുഷ്യകുലത്തെ ആകമാനം ശാന്തിയിലേയ്ക്കും സമാധാനത്തിലേക്കും നയിക്കാൻ സഹായിക്കുമെന്ന് കണ്ടിരുന്നതിനാലാണ് ഇങ്ങനെ ഉപദേശിച്ചത്. അതിന്റെ ഒരു ഉദാഹരണമാണ് ഈ ലോക്ഡൗൺ കാലത്ത് ശാസ്ത്ര സങ്കേതിക വിദ്യയുടെ ഉത്പന്നമായ ഇന്റർനെറ്റിന്റെ സഹായത്തോടെ ഇന്ന് നടക്കുന്ന സ്‌കൂൾ കോളേജ് ഓൺലൈൻ വിദ്യാഭ്യാസം. വീട്ടിലിരുന്ന് ഓഫീസുകളിലെ ജോലി നോക്കാം. ഈശ്വരൻ ക്ഷേത്രങ്ങളിൽ മാത്രമല്ല തന്റെ ഗൃഹത്തിലും ഹൃദയത്തിലും കുടികൊള്ളുന്നു എന്നുള്ള അറിവ് ഓൺലൈനിലൂടെ ലക്ഷക്കണക്കിന് ഭക്തരാണ് ഉറപ്പിച്ചത്. പെട്ടെന്ന് ലോകം നിശ്ചലമായപ്പോൾ ആളുകൾക്ക് ആശ്രയമായത് നെറ്റ് വഴിയുള്ള അറിവിന്റെ അനന്ത ലോകമാണ്. പകച്ച് നിന്ന ആയിരക്കണക്കിന് മനസിന് സാന്ത്വനമേകാൻ പ്രത്യേകിച്ച് ശ്രീനാരായണ ഗുരുദേവ കൃതികളെക്കുറിച്ചും ശ്രീനാരായണധർമ്മത്തെക്കുറിച്ചും ഗുരുവിനെ നിത്യവും പൂജിക്കുന്ന ഭക്തർ ഉപയോഗിക്കുന്ന നൂറ്റിയെട്ട് പുഷ്പാഞ്ജലി മന്ത്രത്തിന്റെ അർത്ഥവും ജീവചരിത്രവും ധ്യാനത്തിന്റെയും ജപത്തിന്റേയും ശാസ്ത്രീയമായ പഠനങ്ങളും കൗമുദി ടിവിയിലൂടേയും ശിവഗിരി മഠത്തിന്റെ ഒഫിഷ്യൽ യൂട്യൂബ് ചാനലായ ശിവഗിരി ടിവിയിലൂടേയും പകർന്ന് കൊടുക്കാൻ കഴിഞ്ഞത് ശാസ്ത്രസങ്കേതിക വിദ്യയിലൂടെയാണെന്ന് നാം തിരിച്ചറിഞ്ഞ കാലം.
നോക്കൂ, ഗുരുവിന്റെ ദീർഘദൃഷ്ടി പതിയാത്ത മേഖലകളൊന്നും തന്നെയില്ല. പക്ഷേ നാം ഈ അനന്തമായ യാത്രയിൽ എവിടെ എത്തി. ഗുരുവിനോടോപ്പം സഞ്ചരിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ.? ഗുരുവിന്റെ പരമപ്രധാനമായ ശ്രീനാരായണ ധർമ്മത്തിലൂടെ ഉദ്‌ബോധിപ്പിച്ച പഞ്ചശുദ്ധി അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ഇന്ന് ലോകം. ശരീരശുദ്ധിയും ജാതി-മത വർണവർഗ ദേശ ഭേദമന്യേ അനുഷ്ഠിക്കണമെന്ന് ഗുരു നിഷ്‌കർഷിച്ചപ്പോൾ നമ്മൾ അതിന് വേണ്ടത്ര വില നൽകിയില്ല. പക്ഷേ ലോകാരോഗ്യ സംഘടന ശുചിത്വത്തെക്കുറിച്ച് പറഞ്ഞപ്പോൾ മാത്രം അത് ശാസ്ത്രീയമായി. ഈ മനോഭാവമാണ് വിചിത്രമായിരിക്കുന്നത്. ആധുനിക ശാസ്ത്രം പറയുന്നത് മാത്രം സത്യമെന്ന് പറയുന്ന മനോഭാവം ശരിയല്ല. ഒരുപാട് കാര്യങ്ങൾ അവർക്ക് മനസിലാകാത്തതുണ്ട്. പക്ഷേ അവർ അത് സമ്മതിക്കില്ല.
കുഞ്ഞുങ്ങൾ മുതൽ ശുചിത്വം
ശുചിത്വം മാതാപിതാക്കളാണ് കുഞ്ഞുങ്ങളിലേയ്ക്ക് പകർന്നുകൊടുത്ത് മാതൃകയാകേണ്ടത് എന്ന അവബോധം നമുക്ക് ഉണ്ടാകണം. വീടിന്റെ ഇറയത്തിരുന്ന് മുറുക്കിയും കാർക്കിച്ചും മുറ്റത്തേയ്ക്ക് തുപ്പുന്ന സ്വഭാവം മോശമാണെന്ന് നാം തിരിച്ചറിഞ്ഞിട്ടില്ല. ആ സ്വഭാവം വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോഴും നാം പിന്തുടരുന്നു. പഠിപ്പുള്ളവർ പോലും ഈ പ്രക്രിയയിൽ അവബോധം വളർത്തുന്നില്ല. ഇത് കണ്ടല്ലേ കുട്ടികൾ പഠിക്കുന്നത്. അതുകൊണ്ട് നാം ഒരോരുത്തരും ഇങ്ങനെയുള്ള ശുചിത്വത്തെക്കുറിച്ച് കൂടുതൽ ബോധവാൻമാരാവുകയും മറ്റുള്ളവർക്ക് മാതൃകയാവുകയും വേണം. പിന്നീട് സ്‌കൂളിലേയും കോളേജിലേയും അധ്യാപകരാണ് ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്.
ഗുരു ഇതെല്ലാം മനസിൽക്കണ്ട് തന്നെയാണ് പഞ്ചശുദ്ധിയ്ക്ക് ഇത്രമാത്രം പ്രാധാന്യം കൊടുത്തത്. എന്തുകൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ സിലബസിൽ ഇത്ര ഉത്കൃഷ്ടമായ ആശയങ്ങളെ ഉൾപ്പെടുത്തി പഠിപ്പിച്ച് കൂടാ. ശ്രീനാരായണ ഗുരുദേവനെപ്പോലെ ഇത്ര ശാസ്ത്രീയമായി വേറെ ആരെങ്കിലും ഈ വിഷയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ? കാമക്രോധലോഭമോഹമദമത്സാരാദികൾ കൊണ്ട് മലീമസമായ മനസിനുടമകൾ ഇപ്പോഴും ഈ സമൂഹത്തിൽ അധികാര കേന്ദ്രങ്ങളിൽ അവരവരുടെ തേരോട്ടം നടത്തുന്നു. ഇത് തിരിച്ചറിയാതെ ലക്ഷോപലക്ഷം ജനങ്ങൾ ഇവിടെ കഴിയുന്നു. പൊതുജനം കഴുതയെന്ന് പണ്ട് പറഞ്ഞത് എത്രയോ ശരി. ഇത് തെളിയിക്കുന്നതാണ് സന്ധ്യാനേരങ്ങളിലെ ടി.വി. ചർച്ചകൾ. അവർ വീണ്ടും വീണ്ടും പൊതുജനങ്ങളെ കഴുതകളാക്കിക്കൊണ്ടിരിക്കുന്നു. ഇതിൽ നിന്നും നമുക്ക് മോചനം വേണ്ടേ?
ഗുരു തെളിച്ച വഴിയല്ലാതെ ശാസ്ത്രീയമായ മറ്റൊരു വഴി നമുക്ക് ചുറ്റുമില്ല. ഇപ്രകാരമുള്ള സമ്മർദ്ദങ്ങളിൽപ്പെട്ട് വലയുന്ന വേളയിലാണ് നാം ശിവഗിരി തീർത്ഥാടനം കൊണ്ടാടാൻ പോകുന്നത്.
അറിവിന്റെ തീർത്ഥാടനമെന്നാണ് ശിവഗിരി തീർത്ഥാടനത്തെ വിലയിരുത്തുന്നത്. പ്രശസ്തരും പ്രഗൽഭരും പണ്ഡിതരും തപോധനരും ഭക്തരും നേരിട്ട് പങ്കെടുത്ത തീർത്ഥാടനങ്ങളായിരുന്നു കഴിഞ്ഞ തീർത്ഥാടനങ്ങൾ. എന്നാൽ ഈ വർഷത്തെ തീർത്ഥാടനത്തിൽ അറിവ് പകർന്നു കൊടുക്കാൻ പണ്ഡിതരും പ്രഗത്ഭരുമായ ധാരാളം വ്യക്തിത്വങ്ങൾ ഓൺലൈനിലായിരിക്കും നിങ്ങളോട് സംവദിക്കുക. ഗുരുവിന്റെ മഹിതമായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക പരിശീലനങ്ങൾ എന്നീ വിഷയങ്ങളെ അധികരിച്ച് ശിവഗിരി ടിവിയിലൂടെ ലൈവായി ഡിസംബർ 25 മുതൽ ജനുവരി ഒന്നു വരെ വെർച്വൽ മീറ്റിംഗായിട്ടാണ് ശിവഗിരി മഠം സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദിവസവും മുൻകൂട്ടി ബുക്ക് ചെയ്യുന്നത് അനുസരിച്ച് രാവിലെ ആറുമണി മുതൽ വൈകിട്ട് ആറ് വരെ ഭക്തർക്ക് വഴിപാടുകൾ ചെയ്ത് ദർശനം നടത്തി പോകാനുള്ള വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ ലോക്‌ഡൗൺ സമയത്ത് ഓരോ ഭക്തരും പരമാവധി ക്ഷമിച്ച് സാഹചര്യങ്ങൾ മനസിലാക്കി മഠവുമായി സഹകരിച്ച് പോകണമെന്ന് ഗുരുദേവ നാമത്തിൽ ഓർമ്മിപ്പിക്കുകയാണ്. നമ്മുടെ ഓരോരുത്തരുടേയും കടമയാണ് എല്ലാം ഭംഗിയാക്കുക എന്നത്. ഈ സാഹചര്യത്തിൽ അന്നദാനം നടത്താൻ പ്രയോഗികമായ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ഭക്ഷണം അവരവർ കരുതുക. ഈ പ്രതിസന്ധി കഴിയുമ്പോൾ ഗുരുപൂജാപ്രസാദം പഴയതുപോലെ കഴിച്ച് മടങ്ങുവാൻ ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം.