behara

ഡി.ജി.പി എന്നാൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ്. കേരളാ പൊലീസിലെ ഇപ്പോഴുള്ള പോക്കു കണ്ടിട്ട് ആ പദവി ഡയക്‌ടർ ജനറൽ ഒഫ് പർച്ചേസ് എന്നാക്കണമെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ തെറ്റുപറയാനാവില്ല. ടെൻ‌ഡറും മാനദണ്ഡങ്ങളുമില്ലാതെ കോടാനുകോടികളുടെ പർച്ചേസ് കണ്ടെത്തിയത് ഇന്ത്യയുടെ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലാണ് (സി.എ.ജി). നിലവാരമില്ലാത്ത ലാത്തി മുതൽ വീടുകളിൽ നിരീക്ഷണ കാമറാ സംവിധാനം വരെ.... പൊലീസിൽ പർച്ചേസിന്റെ പൂക്കാലമാണ്. ലോക്‌നാഥ് ബെഹ്റ പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം 151.41കോടിയുടെ പർച്ചേസ് നടത്തിയെന്നാണ് 2019 ജൂൺ 27നു വി.ടി.ബൽറാമിന്റെ ചോദ്യത്തിനു നിയമസഭയിൽ മുഖ്യമന്ത്റി നൽകിയ മറുപടി. അതിനു ശേഷമുള്ള കണക്കുകൂടി വരുമ്പോൾ കേരളം ഞെട്ടുമെന്നുറപ്പ്.

പൊലീസിലെ പർച്ചേസുകളിൽ സ്​റ്റോർ പർച്ചേസ് മാന്വലും വിജിലൻസ് കമ്മിഷന്റെ മാർഗനിർദ്ദേശങ്ങളും ലംഘിച്ചെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ. പക്ഷേ, സ്റ്റോർ പർച്ചേസ് റൂൾ പ്രകാരമാണ് പർച്ചേസ് നടത്തിയതെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാൽ സി.എ.ജി റിപ്പോർട്ടിൽ ഉപകരണങ്ങൾ വാങ്ങുന്നതിൽ സ്​റ്റോഴ്‌സ് പർച്ചേസ് മാന്വലും കേന്ദ്ര വിജിലൻസ് കമ്മിഷൻ മാർഗനിർദ്ദേശങ്ങളും പൊലീസ് ലംഘിച്ചതെങ്ങനെയെന്ന് വിശദീകരിച്ചത് മുഖ്യമന്ത്രി വിസ്മരിച്ചു. നിയമസഭയിൽ ബെഹറയെ സംരക്ഷിച്ചെങ്കിലും, പൊലീസ് വകുപ്പിന്റെ പർച്ചേസുകൾക്കും സേവന കരാറുകൾക്കും പ്രത്യേകം മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിട്ട. ഹൈക്കോടതി ജഡ്‌ജി സി.എൻ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി ജുഡീഷ്യൽ കമ്മിഷനെ മുഖ്യമന്ത്രി നിയമിച്ചു.

കാര്യങ്ങൾ ഇങ്ങനെയായിരിക്കെയാണ്, സി.എ.ജി അതിരൂക്ഷ വിമർശനം ഉന്നയിച്ചതിനെത്തുടർന്ന് മരവിപ്പിച്ചിരുന്ന, വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും കാമറാനിരീക്ഷണ പദ്ധതി ബെഹ്റ പൊടിതട്ടിയെടുത്തത്. സ്വകാര്യകമ്പനിക്ക് വഴിവിട്ടു ലാഭമുണ്ടാക്കുന്നെന്ന ആരോപണത്തെത്തുടർന്ന് നിറുത്തിവച്ച "സിംസ് " പദ്ധതി വളഞ്ഞവഴിയിലൂടെ സഹകരണ സ്ഥാപനങ്ങളിലും സംഘങ്ങളിലും നടപ്പാക്കാനുള്ള കള്ളക്കളിയാണ് ഏറ്റവും പുതിയത്. ആഭ്യന്തര, സഹകരണ സെക്രട്ടറിമാരെ വകവയ്‌ക്കാതെ, സഹകരണ രജിസ്ട്രാറായ ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ.നരസിംഹുഗരി റെഡ്ഡിക്കാണ് കാമറ സ്ഥാപിക്കാൻ ബെഹ്റ ഒക്ടോബർ ഒൻപതിന് നിർദ്ദേശം നൽകിയത്.

സ്വകാര്യ സ്ഥാപനങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തിരുന്ന് നിരീക്ഷിക്കുന്ന സിംസ് പദ്ധതിയിലെ ക്രമക്കേടുകൾ സി.എ.ജിയാണ് കണ്ടെത്തിയത്. തലസ്ഥാനത്തെ ഗാലക്‌സോൺ ഇന്റർനാഷനൽ എന്ന സ്വകാര്യകമ്പനിയെയാണ് പദ്ധതിനടത്തിപ്പിന് തിരഞ്ഞെടുത്തത്. അതീവസുരക്ഷാമേഖലയായ പൊലീസ് ആസ്ഥാനത്ത് കൺട്രോൾ റൂം സ്ഥാപിച്ച് യഥേഷ്ടം കയറിയിറങ്ങാനുമുള്ള അധികാരം ഡി.ജി.പി ഈ കമ്പനിക്കു നൽകി. യോഗ്യതയില്ലാത്ത കമ്പനിയെ തെരഞ്ഞെടുത്തതും ആർക്കും പ്രവേശനമില്ലാത്ത പൊലീസ് ആസ്ഥാനത്തിനുള്ളിൽ അനുമതിയില്ലാതെ ഈ കമ്പനി കൺട്രോൾ റൂം സ്ഥാപിച്ചതുമെല്ലാം വിവാദമായിരുന്നു. നിയമസഭയിലടക്കം വൻവിവാദമായതോടെ, സിംസ് പദ്ധതി സർക്കാർ നിറുത്തിവച്ചു. 12 സ്ഥാപനങ്ങൾ മാത്രമാണ് സിംസിന്റെ ഭാഗമായത്. ഇതൊന്നും വകവയ്‌ക്കാതെയാണ് ബാങ്കുകളിലടക്കം സഹകരണ സ്ഥാപനങ്ങളിലെല്ലാം പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ സഹകരണ വകുപ്പ് റജിസ്ട്രാർക്ക് കത്തുനൽകിയത്. സാധാരണ ഇത്തരം നടപടികൾ ആഭ്യന്തര, സഹകരണ സെക്രട്ടറിമാർ വഴിയാണ് നടത്തേണ്ടത്. സഹകരണ സ്ഥാപനങ്ങളിലും ബാങ്കുകളിലും കാമറ സ്ഥാപിക്കണമെങ്കിൽ സർക്കാർ ഉത്തരവും വേണം. നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളിൽ കാമറ സ്ഥാപിച്ചാൽ ഗാലക്‌സോണിന് ലക്ഷങ്ങളുടെ വരുമാനമുണ്ടാകും. 77 ശതമാനം ലാഭവിഹിതം ഗാലക്‌സോൺ കമ്പനിക്ക്, 13 ശതമാനം കെൽട്രോണിന്, 10 ശതമാനം സർക്കാരിന് എന്നാണ് വ്യവസ്ഥ.

സിംസ് പദ്ധതിക്കായി സ്വകാര്യകമ്പനി ഇറക്കുമതി ചെയ്ത, പൊടിപിടിച്ചിരിക്കുന്ന 15 കോടിയുടെ കാമറകൾ വളഞ്ഞവഴിയിലൂടെ വിറ്റഴിക്കാനുള്ള നീക്കമാണ് ഡി.ജി.പി നടത്തുന്നതെന്നാണ് ആക്ഷേപം. സിംസ് പദ്ധതിയിൽ കാമറ സ്ഥാപിക്കാനുള്ള സ്ഥാപനങ്ങളെ കണ്ടെത്തേണ്ടത് സ്വകാര്യകമ്പനിയാണെന്നിരിക്കെയാണ് ഡി.ജി.പി തന്നെ കമ്പനിയെ സഹായിക്കാൻ രംഗത്തിറങ്ങിയത്. അതേസമയം, കെൽട്രോൺ ആവശ്യപ്പെട്ടതു പ്രകാരമാണ് സഹകരണ രജിസ്ട്രാർക്ക് കത്തയച്ചതെന്നാണ് ഡി.ജി.പിയുടെ വിശദീകരണം. ഒന്നരവർഷമായിട്ടും പദ്ധതിയിൽ പരമാവധി പേരെ ചേർക്കാനായിട്ടില്ല. കൊവിഡ് കാലത്ത് പൊലീസിന് എല്ലാ സ്ഥാപനങ്ങളുടെയും നിരീക്ഷണം സാദ്ധ്യമല്ല. സഹകരണ സ്ഥാപനങ്ങളുടെ സുരക്ഷ മുൻനിറുത്തിയാണ് താൻ കത്തയച്ചതെന്നാണ് ബെഹ‌്റയുടെ വിശദീകരണം. നേരത്തേ മാവോയിസ്റ്റ് വേട്ട നടത്തുന്ന തണ്ടർബോൾട്ടിനായി 95ലക്ഷം മുടക്കി നിലവാരമില്ലാത്ത നൈറ്ര് വിഷൻ കാമറകൾ വാങ്ങിക്കൂട്ടിയത് വിവാദമായിരുന്നു.

പർച്ചേസിലെ കള്ളക്കളികൾ ഇങ്ങനെ

നിരീക്ഷണ കാമറകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും വാങ്ങുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരും കെൽട്രോണും വിൽപ്പനക്കാരും തമ്മിൽ അവിശുദ്ധബന്ധം പുലർത്തുന്നതായി സി.എ.ജി കണ്ടെത്തി. വാങ്ങാനുദ്ദേശിക്കുന്ന ഉത്പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതു പോലും ഇങ്ങനെയാണ്. കെൽട്രോൺ ഇ-ടെൻഡർ വിളിക്കുന്നതിൽ വൻ ക്രമക്കേടുണ്ട്. ഒരു കമ്പനിയുടെ പേരുപറഞ്ഞ് മറ്റുള്ളവരെ ഒഴിവാക്കും. പാനാസോണിക് കമ്പനി ക്വോട്ട് ചെയ്യേണ്ട തുക പോലും കെൽട്രോണാണ് നിർദ്ദേശിക്കുന്നത്. കെൽട്രോണിന് കൂടുതൽ ലാഭം കിട്ടുന്ന തരത്തിലാണ് ഇടപാടുകൾ.

നേരിട്ടു കണ്ട് ബോദ്ധ്യപ്പെടാതെ, പവർപോയിന്റ് അവതരണത്തിനു ശേഷം വാഹനത്തിൽ ഘടിപ്പിച്ച എക്സ്‌റേ ബേഗേജ് പരിശോധനാ സംവിധാനം വാങ്ങി. കമ്പോളവിലയുടെ മൂന്നിരട്ടി നൽകി ശബരിമലയിലേക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങി. ഇതിലൂടെ ഒന്നരക്കോടി നഷ്ടമുണ്ടായി. മൊബൈൽ കമാൻഡ് ആൻഡ് കൺട്രോൾ വാഹനങ്ങൾ എന്ന വ്യാജേന ഉന്നത നിലവാരമുള്ള ആഡംബര കാറുകൾ വാങ്ങി പൊലീസുദ്യോഗസ്ഥർ ഉപയോഗിച്ചു. ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ഉപയോഗിക്കാനുള്ള കമാൻഡ് ആൻഡ് കൺട്രോൾ വാഹനമായി ഉപയോഗിക്കാൻ യോഗ്യമല്ലാത്ത ടൊയോട്ട ഫോർച്യൂണർ വാങ്ങി. രൂപമാറ്റം വരുത്തിയതിലെ സൗകര്യങ്ങൾക്ക് ഗുണനിലവാരമില്ല. പത്ത് സൗകര്യങ്ങളിൽ അഞ്ചെണ്ണം കരാറുകാരൻ ഒരുക്കിയില്ല. വാഹനം പിന്നീട് പൊലീസ് മേധാവിക്ക് വിട്ടുകൊടുത്തു. ഹൈടെക് കമ്മ്യൂണിക്കേഷനുള്ള മൊബൈൽ കമാൻഡ് കൺട്രോളിനായി വാങ്ങിയ രണ്ട് ഇന്നോവ കാറുകൾ ഉത്തരമേഖലാ എ.ഡി.ജി.പിയും പൊലീസ് ആസ്ഥാനത്തും പകുത്തെടുത്തു. സൗജന്യമായി അധികസൗകര്യങ്ങളൊരുക്കാതെ കമ്പനിയിൽ നിന്ന് കാറുകൾ വാങ്ങി. ഗൗരവതരമായ കേസുകളുടെ അന്വേഷണത്തിന് 40 ടാറ്റാസുമോയും 40 ഐപാഡുകളും വാങ്ങിയെങ്കിലും വാഹനങ്ങൾ ഓഫീസർമാർക്കും ടാബ്‌ലറ്റുകൾ ഉന്നത ഉദ്യോഗസ്ഥർക്കും നൽകി. വാഹനങ്ങളിൽ ഐ -പാഡുകൾ ഘടിപ്പിച്ചില്ല.

ഡി.ജി.പിക്കെതിരെ ആഞ്ഞടിച്ച് സി.എ.ജി

കഴിഞ്ഞ ഫെബ്രുവരിയിൽ നിയമസഭയിൽ വച്ച സി.എ.ജി റിപ്പോർട്ടിൽ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണുണ്ടായിരുന്നത്. പർച്ചേസിൽ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നതടക്കം വീഴ്ചകൾ സി.എ.ജി ചൂണ്ടിക്കാട്ടി. പൊലീസ് നവീകരണ പദ്ധതിയിൽ വി.ഐ.പി സുരക്ഷയ്‌ക്ക് വാഹനങ്ങൾ വാങ്ങാനാവില്ലെന്നിരിക്കെ, ദർഘാസ് പോലും വിളിക്കാതെ 1.10കോടിക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങി. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിൽ പൊലീസിന്റെ പ്രവർത്തനത്തിന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങുന്നതിന് പകരം വി.ഐ.പി സുരക്ഷയ്ക്കായാണ് അവ വാങ്ങിയത്. ഡി.ജി.പി അറിഞ്ഞുകൊണ്ടു കേന്ദ്ര മാർഗനിർദേശങ്ങൾ ലംഘിച്ചു.

2016–17ലാണ് പൊലീസ് വകുപ്പിന് രണ്ടു വെടിയുണ്ട പ്രതിരോധ വാഹനങ്ങൾ വാങ്ങുന്നതിനായി 1.26 കോടിരൂപ അനുവദിച്ചത്. സ്​റ്റോഴ്‌സ് പർച്ചേസ് മാന്വലിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്നു വ്യവസ്ഥ ചെയ്താണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ, സ്​റ്റോഴ്‌സ് പർച്ചേസ് മാനുവൽ നിർദേശിക്കുന്നതിനു വിരുദ്ധമായി ടെൻഡർ വിളിക്കാതെ ഡി.ജി.പി ഒരു ടെക്‌നിക്കൽ കമ്മ​റ്റി രൂപീകരിച്ചു. 55.02 ലക്ഷത്തിന് ബുള്ള​റ്റ് പ്രൂഫ് വാഹനം വാങ്ങാൻ ശുപാർശ നൽകി. പിന്നീട് ടെൻഡർ വിളിക്കാതെ 1.10 കോടി രൂപയ്‌ക്ക് രണ്ടു വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. അതേദിവസം തന്നെ, വാഹനങ്ങൾക്ക് ടെൻഡർ വിളിക്കാതെ വിതരണ ഉത്തരവ് നൽകിയ നടപടിക്ക് നിയമ സാധുത നൽകണമെന്നു സർക്കാരിനോട് അഭ്യർത്ഥിച്ചു. സുരക്ഷാ കാരണങ്ങളാൽ ടെൻഡർ വിളിച്ചില്ലെന്നാണ് ഡി.ജി.പിയുടെ വാദം. സർക്കാരിൽനിന്നുള്ള നിയമ സാധുത കാത്തുനിൽക്കാതെ കമ്പനിക്കു 33 ലക്ഷംരൂപ നൽകി. പൊലീസ് മേധാവിയുടെ നടപടിക്ക് നിയമസാധുത നൽകാൻ പിന്നീട് സർക്കാർ വിസമ്മതിച്ചു. ടെൻഡർ വിളിക്കാതെ വിതരണ ഉത്തരവ് നൽകി മുൻകൂറായി തുക വിട്ടുനൽകിയ ഡി.ജി.പിയുടെ നടപടി ചട്ടങ്ങളുടെ ലംഘനമാണെന്ന് സി.എ.ജി തുറന്നടിച്ചു.

വാങ്ങാനുള്ള വാഹനങ്ങൾ നേരത്തെ കണ്ടുവച്ചിരുന്നു എന്നാണ് നടപടി ക്രമങ്ങളിൽനിന്ന് മനസിലാകുന്നതെന്ന് സി.എ.ജി കണ്ടെത്തി. അതിനാൽ തുറന്ന ടെൻഡറോ നിയന്ത്റിത ടെൻഡറോ ആലോചിച്ചില്ലെന്ന് വ്യക്തമാണ്. സുരക്ഷാ കാരണങ്ങളാൽ തുറന്ന ദർഘാസ് ഒഴിവാക്കിയെന്ന ഡി.ജി.പിയുടെ വിശദീകരണം നിലനിൽക്കുന്നതല്ല. ഒഡിഷയിലും ബീഹാറിലുമെല്ലാം തുറന്ന ദർഘാസുണ്ട്. വി.ഐ.പി സുരക്ഷയ്ക്കല്ലാതെ, മാവോയിസ്റ്റ് ബാധിത മേഖലകളിൽ ബുള്ളറ്റ് പ്രൂഫ്, മൈൻ പ്രൂഫ് വാഹനങ്ങൾ ഉപയോഗിക്കേണ്ടതായിരുന്നുവെന്ന് സി.എ.ജി വിലയിരുത്തി.

മാവോയിസ്റ്റ് വേട്ടയ്ക്കുള്ള പണം വകമാറ്റി

എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 30 അപ്പർ സബോർഡിനേറ്റ് ജീവനക്കാർക്ക് ക്വാർട്ടേഴ്സ് നിർമ്മിക്കാൻ കേന്ദ്രം നൽകിയ 4.35 കോടി വകമാറ്റി പൊലീസ് മേധാവിക്ക് ഒരു വില്ലയും ക്യാമ്പ് ഹൗസും മുതിർന്ന ഉദ്യോഗസ്ഥർക്കായി നാല് വില്ലകളും പണിതു. ജീവനക്കാർക്കായി കണ്ടുവച്ച സ്ഥലത്തായിരുന്നു ഇവയും പണിതത്. ഡി.ജി.പിക്കും രണ്ട് എ.ഡി.ജി.പിമാർക്കും വില്ല നിർമ്മിക്കാൻ 4.33കോടിയുടെ വർക്ക് ഓർഡർ നൽകി. 98ലക്ഷം അഡ്വാൻസായി അനുവദിച്ചു. സർക്കാർ അനുമതിയില്ലാതെയായിരുന്നു ഫണ്ട് വകമാറ്റൽ.

മാവോയിസ്റ്റ് ആക്രമണഭീഷണിയുള്ള വടക്കൻ ജില്ലകളിലെ 16 പൊലീസ് സ്റ്റേഷനുകൾ ശക്തിപ്പെടുത്താൻ 3.25കോടി അനുവദിച്ചെങ്കിലും തിരുനെല്ലിയിൽ പൂർത്തിയാക്കിയില്ല. 60ലക്ഷം കിട്ടിയിട്ടും അരീക്കോട്ടെ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ ക്യാംപിന് സംരക്ഷണഭിത്തി നിർമ്മിക്കാനായില്ലെന്നും സി.എ.ജി കുറ്റപ്പെടുത്തുന്നു.

ബെഹ്റയെ വെള്ളപൂശി സർക്കാർ

സി.എ.ജി റിപ്പോർട്ട് തള്ളിയും ബെഹറയെ വെള്ളപൂശിയും ആഭ്യന്തര സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്ത തട്ടിക്കൂട്ട് റിപ്പോർട്ടുണ്ടാക്കി സർക്കാരിന് നൽകി. ആ വെള്ളപൂശൽ ഇങ്ങനെ- ഉപകരണങ്ങൾ വാങ്ങിയതിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദ്ദേശങ്ങളും സ്​റ്റോക്ക് പർച്ചേസ് മാന്വലും ലംഘിച്ചിട്ടില്ല. കെൽട്രോൺ പൊലീസിന് പുറമേ മ​റ്റു വകുപ്പുകളുടെയും ടോട്ടൽ സർവീസ് പ്രൊവൈഡറാണ്. കെൽട്രോണിന്റെ വീഴ്ച കാരണം നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ അത് അവരിൽ നിന്നീടാക്കാൻ കഴിഞ്ഞ മേയിൽ സർക്കാർ തീരുമാനമെടുത്തതാണ്. കെൽട്രോണിനെ സി.എ.ജി കു​റ്റപ്പെടുത്തുന്നത് നീതിപൂർവകമല്ല. ജി.പി.എസ് ടാബ്‌ല​റ്റ് പാനസോണിക്കിൽ നിന്ന് വാങ്ങിയത്, മ​റ്റ് കമ്പനികൾക്ക് സർവീസ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ. കേരളത്തിൽ ബുള്ള​റ്റ് പ്രൂഫ് കാറുകൾ ഇസഡ് പ്ലസ് കാ​റ്റഗറി സുരക്ഷയുളള ഗവർണറും മുഖ്യമന്ത്രിയും ഉപയോഗിക്കുന്നില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ സംസ്ഥാനം സന്ദർശിക്കുമ്പോഴാണ് ഉപയോഗിക്കുന്നത്. ഓപ്പൺ ടെൻഡർ ക്ഷണിച്ചാൽ ബുള്ളറ്റ് പ്രൂഫ് കാറുകളുടെ ബ്ലൂപ്രിന്റ് പുറത്താവുന്നത് സുരക്ഷാ ഭീഷണിക്കിടയാക്കും. ലിമി​റ്റഡ് ടെൻഡർ വഴി വാങ്ങിയതിൽ തെറ്റില്ല. എസ്.ഐ, എ.എസ്.ഐ തസ്തികകളിലുള്ളർക്ക് ക്വാർട്ടേഴ്‌സ് പണിയാനുള്ള കാലതാമസവും നിർമ്മാണച്ചെലവിലെ വർദ്ധനയും കാരണം കേന്ദ്രസഹായം ലാപ്‌സാവാതിരിക്കാനാണ് ഔദ്യോഗിക വസതിയില്ലാത്ത പൊലീസ് മേധാവി, എ.ഡി.ജി.പി തുടങ്ങിയവർക്ക് ക്വാർട്ടേഴ്‌സ് നിർമ്മിച്ചത്

ബെഹ്റയുടെ പർച്ചേസ്

2016-17------- 24,40,93,482

2017-18------- 46,79,43,547

2018-19-------78,79,20,001

2019-20 (ജൂൺ വരെ) -------1,41,84,000