 
പാലോട്: നന്ദിയോട് പഞ്ചായത്തിലെ കുറുപുഴ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബീന നാട്ടുകാർക്ക് സുപരിചിതമാണ്. ജോലിതേടി വിദേശത്തേക്ക് പോയ മകന്റെ പ്രണയിനിയെ തന്നോടൊപ്പം താമസിപ്പിച്ച് പഠിപ്പിച്ച് മകന് നൽകിയ അമ്മയുടെ കഥ 2017 ആഗസ്റ്റ് 25ന് കേരളകൗമുദിയിലൂടെ വായനക്കാർ വായിച്ചറിഞ്ഞിരുന്നു. ഇപ്പോൾ അതേ കരുതലോടെ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബീന.
സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരിക്കുമ്പോഴാണ് കുടുംബശ്രീയുടെ ചെയർപേഴ്സൺ എന്ന ദൗത്യം പാർട്ടി ബീനയെ ഏൽപ്പിക്കുന്നത്. 290 കുടുംബശ്രീ യൂണിറ്റുകളാണ് ബീനയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചത്. 35 ചെറുകിട വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഒപ്പം സാമൂഹികസേവനവും ആരും ആശ്രയമില്ലാത്തവർക്ക് സഹായമായും ബീന എന്നും സജീവമാണ്. നാളിതുവരെയുള്ള നേതൃപാടവത്തിന്റെ കരുത്തിനുള്ള അംഗീകാരമായാണ് ഇടതു മുന്നണി കുറുപുഴ സീറ്റ് നൽകിയതും.
ഓട്ടോ ഡ്രൈവർ ആയ സുരേഷ് ആണ് ഭർത്താവ്. വിഷ്ണുവും കൈലാസുമാണ് മക്കൾ. വൈഷ്ണവി മരുമകളും.