vani-jayaram

''മലയാളികൾ സംഗീതത്തെക്കുറിച്ച് ഏറ്റവും അറിവുള്ള ആസ്വാദകരാണ്. എന്നെ ഏറെ പ്രശസ്തയാക്കിയതിലെ പ്രധാന ക്രഡിറ്റ് മലയാളികൾക്കാണ് '' 77ാം വയസിലേക്ക് കടന്ന മലയാളത്തിന്റെ സ്വന്തം വാണിയമ്മ, വാണി ജയറാം ഇന്നും എന്നും മലയാളികളോട് കടപ്പെട്ട കാര്യം നന്ദിയോടെ പറയുകയാണ്.

"സംഗീതം സരസ്വതീദേവിയുടെ വരദാനമാണ്. അങ്ങേയറ്റം എളിമയോടെ കൂടി മാത്രമേ സംഗീതരംഗത്ത് പ്രവേശിക്കാവൂ. അഹങ്കാരം ഒരിക്കലും സംഗീതവുമായി ചേർന്നു പോകുന്നതല്ല. ഇത് പുതുതലമുറയോടുള്ള എന്റെ ഉപദേശമല്ല, അപേക്ഷയാണ്..." ചെന്നൈയിലെ വീട്ടിലിരുന്ന് വാണിയമ്മ 'കേരളകൗമുദി ഫ്ളാഷ് ' നോട് പറഞ്ഞു. വാണിജയറാം മലയാളത്തിന് സമ്മാനിച്ചത് മനോഹരമായ ഒരുപിടി ഗാനങ്ങളാണ്. പുതിയ തലമുറയിലെ കുട്ടികൾ സംഗീത സംവിധായകരെ ബഹുമാനിച്ചുകൊണ്ട് വേണം പാട്ട് വേദിയിൽ നിലയുറപ്പിക്കാനെന്നും അതിപ്രശസ്തയായ ഈ ഗായിക ഓർമ്മിപ്പിക്കുന്നു. വാണി ജയറാം സിനിമയിൽ പാടിത്തുടങ്ങിയിട്ട് 49 വർഷമാകുന്നു. 1971 ഡിസംബർ 2 ന് 'ഗുഡി ' എന്ന ഹിന്ദി ചിത്രത്തിൽ ആദ്യമായി മൂന്നു പാട്ടുകൾ പാടിക്കൊണ്ടാണ് സംഗീത വേദിയിൽ വാണി ജയറാം സ്ഥാനം ഉറപ്പിക്കുന്നത്. 1973 ജനുവരി 31ന് 'സ്വപ്നം ' എന്ന സിനിമയ്ക്ക് വേണ്ടി ഒ.എൻ.വി കുറുപ്പ് രചിച്ച് സലിൽ ചൗധരി ഈണമിട്ട 'സൗരയൂഥം വിടർന്നു ' എന്ന പാട്ടിലൂടെയാണ് മലയാളത്തിലേക്ക് വന്നത്. തുടർന്ന് മനോഹരമായ ഒരു പിടി പാട്ടുകൾ വാണി അമ്മയുടെ മധുര സ്വരത്തിൽ മലയാളികൾ കേട്ടു.

"മലയാളികൾ എന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചത് വളരെയധികം സന്തോഷമായി..മുംബൈയിൽ ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് സംവിധായകനായ ശിവൻ വിളിച്ച് ചൗധരിയുടെ ഈണത്തിൽ ഒരു പാട്ടു പാടണമെന്ന് ആവശ്യപ്പെട്ടത്. ചൗധരി സാർ എന്നു കേട്ടപ്പോഴേ എന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടി . കുട്ടിക്കാലം മുതൽ സലിൽ ദായുടെ സംഗീതം എനിക്ക് അത്രയ്ക്ക് ക്രയ്സ് ആയിരുന്നു.." വാണിയമ്മ പറഞ്ഞു.

vani

വാണിജയറാം എന്ന ഗായികയെക്കുറിച്ച് മലയാളികളുടെ മുമ്പിൽ ഒരു മുഖവുരയുടെ ആവശ്യമില്ല. അന്യ ഭാഷയിൽ നിന്ന് വന്ന് മലയാളിയുടെ സ്‌നേഹാദരങ്ങൾ ആവോളം ഏറ്റുവാങ്ങിയ ആദ്യകാല ഗായികമാരിൽ പ്രമുഖയാണ് വാണി ജയറാം. സലിൽ ചൗധരിക്ക് ശേഷം എം.എസ് വിശ്വനാഥൻ, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, അർജുനൻ മാസ്റ്റർ, എ.ടി.ഉമ്മർ, കണ്ണൂർ രാജൻ , കെ.ജെ. ജോയ് ജോൺസൺ തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ സംഗീതസംവിധായകരുടെയെല്ലാം സംവിധാനത്തിൽ പാട്ടുകൾ പാടാനുള്ള ഭാഗ്യം വാണിജയറാമിന് ലഭിച്ചു .

1975 മുതൽ ഒരു ദശകത്തോളം മലയാള സിനിമ ഗാനങ്ങൾ കൈയ്യടക്കി വച്ചത് വാണിയമ്മയും എസ്. ജാനകി അമ്മയുമാണ്. നീണ്ട ഇടവേളക്ക് ശേഷം 1983 എന്ന ചിത്രത്തിന് ഗോപിസുന്ദറിന്റെ സംവിധാനത്തിൽ 'ഓലഞ്ഞാലിക്കുരുവി.... എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വാണി മലയാളത്തിലേക്ക് മടങ്ങി വന്നത്. പതിനാലോളം ഭാഷകളിലായി എണ്ണായിരത്തിൽപ്പരം പാട്ടുകൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. 1976, 1980, 1992 കാലഘട്ടത്തിൽ ദേശീയ പുരസ്കാരവും വാണി ജയറാമിനെ തേടിയെത്തി.

ആദ്യമായി സലിൽ ചൗധരിയുടെ ഈണത്തിൽ മലയാളത്തിൽ ഒരു പാട്ടു പാടാൻ കിട്ടിയ അവസരം ഏറ്റവും വലിയ ദൈവാനുഗ്രഹമാണെന്ന് വാണി പറഞ്ഞു. ആഷാഢമാസം ആത്മാവിൽ മോഹം .... കടക്കണ്ണിലൊരു കടൽ കണ്ടു ..... തിരുവോണപ്പുലരിതൻ .... വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി ..... നാടൻ പാട്ടിലെ മൈന ..... മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ ..... ഏതോ ജന്മകല്പനയിൽ .... സീമന്തരേഖയിൽ, തുടങ്ങി എത്രയോ നല്ല പാട്ടുകളാണ് ഈ മധുരശബ്ദത്തിൽ മലയാളികൾ കേട്ടത്. വയസ് 77 ആയെങ്കിലും വാണിയമ്മയുടെ ശബ്ദത്തിന് ഇപ്പോഴും മധുരപ്പതിനേഴാണ്.