
പൊലീസ് ഉൾപ്പെടെ രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികളുടെയും പ്രവർത്തന ഇടങ്ങളിൽ നിരീക്ഷണ കാമറകൾ നിർബന്ധമായും സ്ഥാപിക്കാൻ സുപ്രീംകോടതി കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുകയാണ്. രാജ്യത്ത് അങ്ങിങ്ങ് ഈ സംവിധാനം നിലവിലില്ലാതില്ല. എന്നാൽ നിരീക്ഷണ കാമറകൾ ഉള്ളിടങ്ങളിൽ പോലും വേണ്ടവിധം പ്രവർത്തിക്കുകയോ ആവശ്യം വരുന്ന സന്ദർഭങ്ങളിൽ അവയിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപകാരപ്പെടുകയോ ചെയ്യാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ പരമോന്നത കോടതിയുടെ പുതിയ നിർദ്ദേശം ദൂരവ്യാപകമായ ഗുണഫലം സൃഷ്ടിക്കാൻ പര്യാപ്തമാകുമെന്നതിൽ തെല്ലും സംശയമില്ല. പൊലീസ് സ്റ്റേഷനുകളിൽ അരങ്ങേറുന്ന പീഡനമുറകൾ കോടതികൾക്കുപോലും അറിവുള്ളതാണ്. കേസിനു തെളിവുണ്ടാക്കാൻ പൊലീസുകാരും മറ്റ് അന്വേഷണ ഏജൻസികളും സ്വീകരിക്കാറുള്ള മൂന്നാം മുറ ഇക്കാലത്തും വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ്. കസ്റ്റഡിയിലെടുക്കപ്പെടുന്ന പ്രതി പീഡനമുറകൾ താങ്ങാനാവാതെ അബദ്ധത്തിൽ മരണപ്പെടുകയോ മാരകമായ നിലയിൽ ക്ഷതങ്ങളേൽക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ മാത്രമാണ് അന്വേഷണത്തിന്റെ പേരിൽ നടക്കുന്ന കിരാതമുറകൾ പുറംലോകം അറിയുന്നത്. കസ്റ്റഡി മരണങ്ങൾ രാജ്യത്തെ പല പൊലീസ് സ്റ്റേഷനുകളിലും നടക്കാറുണ്ട്. പല സംഭവങ്ങളിലും ഇതിന്റെ തെളിവു നശിപ്പിക്കാനും കുറ്റക്കാരായ ഉദ്യോഗസ്ഥന്മാരെ രക്ഷിക്കാനുള്ള ശ്രമവും പതിവാണ്. പൊലീസിന്റെ മൂന്നാം മുറകൾ താങ്ങാനാവാതെ പ്രതി മരണപ്പെട്ടാലും അത് ആത്മഹത്യയായോ രോഗം മൂലമുള്ള മരണമായോ ചിത്രീകരിക്കാനുള്ള പൊലീസ് കൗശലവും പരക്കെ അറിവുള്ളതാണ്.
സി.സി.ടിവി കാമറകൾ സ്ഥാപിച്ചാൽ മാത്രം പോരാ അതു നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനായിരിക്കും ഇതിന്റെ ചുമതല. രാത്രിദൃശ്യങ്ങൾ കൂടി തെളിമയോടുകൂടി പകർത്താൻ ശേഷിയുള്ളതാകണം കാമറകൾ എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറികൾ, കവാടങ്ങൾ, ഇടനാഴികൾ, ലോബി, റിസപ്ഷൻ എന്നുവേണ്ട ശുചിമുറി 'ഒഴികെ" എല്ലാ ഭാഗങ്ങളിലും കാമറക്കണ്ണുകൾ എത്തണമെന്നാണ് കോടതി നിർദ്ദേശം. സ്റ്റേഷൻ മന്ദിരത്തിന്റെ പുറം ഭാഗങ്ങളും കാമറാ പരിധിയിലാകണമെന്നു പറയാൻ പ്രത്യേക കാരണമുണ്ട്. കാമറാ കണ്ണിൽ പെടാത്ത ഇടം നോക്കി പ്രതികളെ പരുവപ്പെടുത്തിയെടുക്കാൻ പൊലീസ് ശ്രമിക്കാതിരിക്കില്ല എന്നു മനസിലാക്കിയാകാം ഇത്തരത്തിലൊരു നിർദ്ദേശം. കോട്ടയം ജില്ലയിൽപ്പെട്ട ഒരു പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ രണ്ടാം നിലയിൽ കൊണ്ടുപോയി ഒരു പ്രതിയെ 'ചോദ്യം ചെയ്ത്" കൊലപ്പെടുത്തിയ സംഭവം ഉണ്ടായിട്ട് അധികനാളായിട്ടില്ല. കാമറകൾ സ്ഥാപിച്ചിട്ടുള്ള സ്റ്റേഷനുകളിലെ ചോദ്യം ചെയ്യൽ മിക്കവാറും അവ തമസ്കരിച്ചശേഷമാകുമെന്നതിന് ധാരാളം തെളിവുകളുണ്ട്. പൊലീസ് സ്റ്റേഷനുകളിൽ മാത്രമല്ല പരമാവധി സുരക്ഷ പാലിക്കേണ്ട ജയിലുകളിൽ പോലും സി.സി.ടിവി സംവിധാനങ്ങൾ വേണ്ട വിധത്തിലല്ല പ്രവർത്തിക്കുന്നത്. കാമറകൾ ഉള്ളപ്പോൾത്തന്നെയാണ് അവിടങ്ങളിൽ സർവ്വവിധത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കാറുള്ളത്. അതുകൊണ്ടാണ് കാമറകൾ സ്ഥാപിച്ചതുകൊണ്ടായില്ല അവ കൃത്യമായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് പറയാൻ കാരണം. റെക്കാഡ് ചെയ്യപ്പെട്ട ദൃശ്യങ്ങൾ ഒന്നര വർഷമെങ്കിലും സൂക്ഷിക്കാനും ആവശ്യമുള്ള ഘട്ടങ്ങളിൽ വീണ്ടെടുക്കാനും ശേഷിയുള്ള കാമറകളാകണം സ്ഥാപിക്കേണ്ടത്. ആവശ്യമായ ഘട്ടങ്ങളിൽ തെളിവിനായി പൊലീസുകാർ, സ്വകാര്യ വ്യക്തികൾ സ്വന്തം സുരക്ഷയ്ക്കായി വച്ചിട്ടുള്ള കാമറകളെ ആശ്രയിക്കാറാണു പതിവ്. സർക്കാർ ചെലവിൽ നാടുനീളെ കാമറകൾ വച്ചിട്ടുണ്ടെങ്കിലും ഒട്ടുമിക്കവയും കണ്ണടച്ച നിലയിലാകും. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പോലും സ്ഥിതി ഭിന്നമല്ല. കേന്ദ്ര അന്വേഷണ ഏജൻസികൾക്കും സുപ്രീംകോടതി നിർദ്ദേശം ബാധകമാണ്. ചോദ്യം ചെയ്യാൻ അവർക്ക് പ്രത്യേക മുറികളൊന്നുമില്ലാത്തതിനാൽ അതിനായി തിരഞ്ഞെടുക്കുന്ന മുറികളിൽ കാമറാ സംവിധാനം ഒരുക്കണമെന്നാണു നിർദ്ദേശം.
പൊലീസ് സേനയെ പരിഷ്കരിക്കാനും നവീകരിക്കാനും ഏഴു പതിറ്റാണ്ടിലധികമായി ശ്രമങ്ങൾ നടക്കുകയാണ്. കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ഇപ്പോഴും അപരിഷ്കൃതവും മനുഷ്യത്വഹീനവുമായ വഴികളിലൂടെ പൊലീസ് ഇപ്പോഴും നീങ്ങുന്നുവെങ്കിൽ അതിനു കാരണം സംവിധാനങ്ങൾ ശരിയല്ലാത്തതാണ്. നീതിപീഠങ്ങളുടെ ഇടപെടലുകൾക്കു കാത്തുനിൽക്കാതെ പൊലീസ് പരിഷ്കാരത്തിന് ഭരണകൂടങ്ങൾക്ക് നടപടികളെടുക്കാൻ കഴിയുമായിരുന്നു. പൊലീസ് ഭീകരതയ്ക്കെതിരെ ഏറ്റവുമധികം ശബ്ദമുയർത്താറുള്ളത് രാഷ്ട്രീയകക്ഷികളാണ്. എന്നിട്ടും അവർ അധികാരത്തിലെത്തുമ്പോൾ ഒന്നും ചെയ്യുന്നില്ല. മാത്രമല്ല സ്വന്തം താത്പര്യങ്ങൾക്കായി പൊലീസിനെ ഉപയോഗപ്പെടുത്താനും മടികാട്ടാറില്ല.
സ്റ്റേഷനുകളിൽ നിരീക്ഷണ കാമറാ സംവിധാനം സാർവത്രികമാക്കണമെന്ന സുപ്രധാന നിർദ്ദേശത്തിനു പുറമെ പരമോന്നത കോടതി അതിപ്രധാനമായ മറ്റൊരു നിബന്ധന കൂടി മുന്നോട്ടുവച്ചിട്ടുണ്ട്. രാജ്യത്തെ ഓരോ ജില്ലയിലും മനുഷ്യാവകാശ കോടതികൾ സ്ഥാപിക്കണമെന്നതാണത്. മനുഷ്യാവകാശ ലംഘന കേസുകൾ കൈകാര്യം ചെയ്യേണ്ടത് ഇത്തരം കോടതികളാകണം. പൊലീസിനെതിരായ പീഡന കേസുകൾ ഉൾപ്പെടെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും മനുഷ്യാവകാശ കോടതിയിലേക്കു മാറ്റണം. മനുഷ്യാവകാശ കമ്മിഷൻ എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട കേസുകൾ നിലവിൽ പരിഗണിക്കുന്നത് ഈ കമ്മിഷനാണ്. സുപ്രീംകോടതി നിർദ്ദേശ പ്രകാരം മനുഷ്യാവകാശ കോടതികൾ പ്രവർത്തിച്ചുതുടങ്ങുമ്പോൾ ഇത്തരം കേസുകൾ ഇങ്ങോട്ടു മാറ്റാനാകും. പൊലീസിൽ നിന്ന് അടിക്കടിയുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് നല്ല തോതിൽ തടയിടാൻ സുപ്രീംകോടതിയുടെ പുതിയ നിർദ്ദേശങ്ങൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കാം. രാജ്യത്തെ പൊലീസ് സേനയ്ക്ക് പുതിയൊരു മാനുഷിക മുഖം നൽകാനുള്ള ശ്രമം കൂടിയാണിത്.