1
പൊട്ടിപ്പൊളിഞ്ഞ കൊടങ്ങാവിള റോഡ്

നെയ്യാറ്റിൻകര: അവണാകുഴി മുതൽ കൊടങ്ങാവിള ഓലത്താന്നി കൂട്ടപ്പന വരെയുള്ള യാത്ര നാട്ടുകാർക്ക് ദുഷ്കരമായിട്ട് നാളുകളായി. ടാറിംഗിന്റെ പേരിൽ പി.ഡബ്ലിയു.ഡി അധികൃതർ മെറ്റൽപാകിയിട്ട് മൂന്ന് മാസം കഴിഞ്ഞെങ്കിലും ടാറിംഗ് എപ്പോഴെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. റോഡിന് വശത്തെ ഓടയിൽ സ്ലാബുകൾ നിർമ്മിക്കുന്നതാണ് റോഡ് നിർമ്മാണം നീളാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

നിലവിൽ അവണാകുഴി, ശബരിമുട്ടം കമുകിൻകോട് കൊടങ്ങാവിള ഓലത്താന്നി കൂട്ടപ്പന എന്നിവിടങ്ങളിൽ പാകിയ മെറ്റലുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇതുകാരണം ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. ഓടയും റോഡും നിർമ്മിക്കാനായി 6.6 കോടി രൂപയാണ് അനുവദിച്ചത്. റോഡിന്റെ പലയിടത്തും കൈയേറ്റം ഉണ്ടെങ്കിലും അത്തരം കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെയാണ് ഓട നിർമ്മാണം തുടരുന്നതെന്നും ആക്ഷേപമുണ്ട്. മിക്കയിടങ്ങളിലും പഴയ ഓടകൾക്കുമേൽ സ്ലാബുകൾ സ്ഥാപിച്ചു പണി നടക്കുകയാണിപ്പോൾ. കൈയേറ്റം നീക്കം ചെയ്തു ഓട നിർമ്മിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.

 പരിഹാരം വേണം

ഓട നിർമ്മാണം പൂർത്തിയായാലെ ടാറിംഗ് ആരംഭിക്കാൻ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് പി.ഡബ്ലിയു.ഡി അധികൃതർ. പഴയ ഓടകൾക്കുമേൽ സ്ലാബുകൾ സ്ഥാപിക്കുന്നത് കാരണം സ്ലാബുകൾ പൊട്ടിപോകാനുള്ള സാധ്യതകളേറെയാണ്. അത്തരം സാഹചര്യമുണ്ടായാൽ വാഹനങ്ങൾ അപകടത്തിൽ പെടാനുമിടയാകും. നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 ടാറിംഗ് നടക്കാത്തത്............. അവണാകുഴി മുതൽ കൊടങ്ങാവിള ഓലത്താന്നി കൂട്ടപ്പന റോഡ്

 മെറ്റൽ പാകിയിട്ട്......... 3 മാസം

 നിർമ്മാണത്തിന് അനുവദിച്ചത്............ 6.6 കോടി

കരാറുകാരന്റെയും ബന്ധപ്പെട്ട ഉദ്യാഗസ്ഥരുടെയും കടുത്ത അനാസ്ഥയാണ് നിർമ്മാണ ജോലികൾ നീളുന്നതിനുള്ള കാരണം. എത്രയും പെട്ടന്ന് നിർമ്മാണ ജോലികൾ പൂർത്തിയാക്കിയില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകും.

എസ്. സുരേഷ് കുമാർ ആർട്ടിസ്റ്റ്, പ്രദേശവാസി