
ചിറയിൻകീഴ്: ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ ക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ലാകളക്ടർ നവജ്യോത് ഖോസ ഇന്നലെ പെരുമാതുറ- മുതലപ്പൊഴി, അഞ്ചുതെങ്ങ് തീരങ്ങൾ സന്ദർശിച്ചു. ആവശ്യമായ ക്യാമ്പുകൾ സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയതായും ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറാൻ ജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. അത്യാവിശ്യരേഖകളും അവശ്യ വസ്തുക്കളും അടങ്ങിയ കിറ്റുകൾ തയ്യാറാക്കി വയ്ക്കാനും റവന്യൂ അധികൃതർ തീരദേശവാസികൾക്ക് ജാഗ്രതാനിർദ്ദേശം നൽകി.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ ശാർക്കര നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിലും കടകം മുസലിയാർ എൻജിനിയറിംഗ് കോളേജിലുമാണ് ക്യാമ്പ് സജ്ജീകരിക്കുന്നത്. ഇതിനുപുറമെ പെരുമാതുറ മേഖലയിലെ പള്ളികളും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ചിറയിൻകീഴ് വില്ലേജ് ഓഫീസ് ഇന്നലെ രാത്രിയിലും തുറന്ന് പ്രവർത്തിച്ചു. ചിറയിൻകീഴ് തഹസീൽദാർ മനോജ്കുമാർ, ഡെപ്യൂട്ടി തഹസീൽദാർ വേണു, ചിറയിൻകീഴ് വില്ലേജ് ഓഫീസർ എസ്. രാജേന്ദ്രൻ, റവന്യൂ ഉദ്യോഗസ്ഥരായ ജീവൻകുമാർ, ലാജി എന്നിവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.