
തിരുവനന്തപുരം: കിഫ്ബിയെ വിമർശിക്കുന്ന സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുമ്പ് മാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതിന് ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരായ അവകാശലംഘന പരാതിയിൽ അടുത്ത നിയമസഭാ സമ്മേളനത്തിനു മുമ്പ് പ്രിവിലേജസ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചേക്കും. തുടർച്ചയായി സമ്മേളിച്ച് പ്രതിപക്ഷ നോട്ടീസിൽ വേഗം നടപടിയെടുക്കാനാണ് സി.പി.എം അംഗം എ. പ്രദീപ്കുമാർ അദ്ധ്യക്ഷനായ കമ്മിറ്റിയുടെ ശ്രമം. മന്ത്രിസഭയുടെ അവസാന സമ്മേളനം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആവും ചേരുക.
ഒമ്പതംഗ സമിതിയിൽ ചെയർമാൻ ഉൾപ്പെടെ ആറ് പേരും ഭരണകക്ഷിയിൽ നിന്നായതിനാൽ ഐസക്കിനെതിരെ ശിക്ഷാനടപടിയിലേക്ക് കടക്കാനിടയില്ല. മന്ത്രിയുടെ ഖേദപ്രകടനമോ ക്ഷമാപണമോ സ്വീകരിച്ച് പരാതി തീർപ്പാക്കാനാവും സാദ്ധ്യത.
ആദ്യഘട്ടമായി, പരാതിക്കാരനിൽ നിന്ന് വിശദീകരണം തേടും. തുടർന്ന് മന്ത്രിയുടെയും വിശദീകരണം തേടി തൃപ്തികരമല്ലെങ്കിൽ വിളിച്ചുവരുത്തിയ ശേഷം തുടർ പരിശോധനകളിലേക്ക് കടക്കും.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, പി.ടി.തോമസ്, എം.സി.ഖമറുദ്ദീൻ എന്നിവർക്കെതിരായ പരാതികൾ ചർച്ച ചെയ്യാൻ നേരത്തേ നിശ്ചയിച്ച പ്രകാരം ഇന്ന് ചേരാനിരുന്ന യോഗം മാറ്റിവച്ചു. ഈ നിയമസഭയ്ക്ക് ഇനി കഷ്ടിച്ച് ആറ് മാസമേയുള്ളൂ. . ധന ബിൽ പാസാക്കാൻ സെപ്തംബറിൽ ചേർന്നതിനാൽ ഇനി ഫെബ്രുവരിയിൽ സഭ സമ്മേളിച്ചാലും മതി.
പ്രതിപക്ഷ പ്രക്ഷോഭം ഉറപ്പ്
ഐസക്കിന്റെ വിശദീകരണത്തിന് ശേഷവും സ്പീക്കർ പരാതി സഭാസമിതിക്ക് റഫർ ചെയ്തതോടെ പ്രഥമദൃഷ്ട്യാ മന്ത്രി കുറ്റം ചെയ്തെന്ന് ബോദ്ധ്യമായതായി പ്രതിപക്ഷം പറയുന്നു. സമിതിയുടെ റിപ്പോർട്ട് എന്തുതന്നെയായാലും വരുന്ന സമ്മേളനത്തിൽ ഇത് പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പാണ്. ആ സമ്മേളനത്തിൽ തന്നെ സമർപ്പിക്കേണ്ടതാണ് വിവാദ സി.എ.ജി റിപ്പോർട്ടും. റിപ്പോർട്ട് ചോർത്തിയ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ഗുരുതര കുറ്റകൃത്യമാണ് വി.ഡി.സതീശൻ അവകാശലംഘന നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതേസമയം, സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടയിടാൻ സി.എ.ജി കരുതിക്കൂട്ടി നീങ്ങുന്നത് തുറന്നു കാട്ടാനാണ് റിപ്പോർട്ട് പുറത്തുവിട്ടതിലൂടെ ശ്രമിച്ചതെന്നാണ് ഐസക്കിന്റെ പക്ഷം. അതുകൊണ്ട് സമിതിക്ക് എല്ലാ വശങ്ങളും പരിശോധിക്കേണ്ടിവരും. മറ്റുള്ളവരുടെ അഭിപ്രായവും തേടണം.