siva

തിരുവനന്തപുരം: ശിവശങ്കറിനെ നാലാം പ്രതിയാക്കിയും, സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയും ഡോളർ കടത്ത് കേസന്വേഷണം കസ്റ്റംസ് ബലപ്പിക്കുന്നു.

ലൈഫ് ഇടപാടിലെ കോഴപ്പണം 1.90ലക്ഷം ഡോളറാക്കി (1.40കോടി രൂപ) വിദേശത്തേക്ക് കടത്തിയ യു.എ.ഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ് ഈജിപ്ഷ്യൻ പൗരൻ ഖാലിദിനെ പിടികൂടുകയാണ് അടുത്ത ദൗത്യം. കേസിൽ മൂന്നാംപ്രതിയായ ഖാലിദിനെതിരെ അറസ്റ്റ് വാറണ്ട് നേടിയ കസ്റ്റംസ്, ഇന്റർപോൾ വഴി തെരച്ചിൽ നോട്ടീസിറക്കും. തിരുവനന്തപുരത്തു നിന്ന് മസ്കറ്റ് വഴി ഈജിപ്‌റ്റിലെ കയ്‌റോയിലേക്കാണ് ഡോളർ കൊണ്ടുപോയത്. മസ്കറ്റിൽ ഏതൊക്കെ ഉന്നതർക്ക് പണം വീതംവച്ചെന്നും കണ്ടെത്തണം. ഡോളർ കടത്തിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഒമാൻ വരെ ഡോളർ കടത്തിന് അകമ്പടി പോയത് സ്വപ്നയും സരിത്തുമാണ്.

കേരളത്തിലെ ചില ഉന്നതർക്കു വേണ്ടിയാണ് കോഴപ്പണം ഡോളറാക്കി കടത്തിയതെന്ന് സ്വപ്ന മൊഴി നൽകിയെന്നാണ് സൂചന. കസ്റ്റംസ് മുദ്രവച്ച കവറിൽ സമർപ്പിച്ച മൊഴിയിൽ ഉന്നതരുടെ പേരുകളുള്ളതായി നിരീക്ഷിച്ച കോടതി, അന്വേഷണം കോടതിയുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഡോളർ കടത്തിലെ ഉന്നതരെത്തേടിയുള്ള കസ്റ്റംസിന്റെ അടുത്തനീക്കങ്ങൾ കോളിളക്കം സൃഷ്ടിച്ചേക്കും. കൂടുതൽ വിദേശികളും പ്രതിയാകാനിടയുണ്ട്.

ഡോളർ കടത്തിന് വഴിവിട്ട സഹായം ചെയ്തതും ശിവശങ്കറാണെന്നാണ് കണ്ടെത്തൽ. ശിവശങ്കറിന്റെ നിരന്തരമായ ഇടപെടൽ കാരണമാണ് ഡോളർ കൈമാറിയതെന്ന് മൊഴിനൽകിയ ആക്സിസ് ബാങ്ക് മാനേജർ ശേഷാദ്രിയെ മാപ്പുസാക്ഷിയാക്കും. ബാങ്ക് ഉദ്യോഗസ്ഥരുടെ തെളിവുമൂല്യമുള്ള മൊഴികൾ നിർണായകമാണ്. യു.എ.ഇ കോൺസുലേറ്റിലെ രേഖകൾ ഉപയോഗിച്ചും ശിവശങ്കറുമൊത്ത് നടത്തിയ ആറ് വിദേശയാത്രകളിലും സ്വപ്ന ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ശിവശങ്കർ ഒപ്പമുള്ളതുകൊണ്ട് വിമാനത്താവളത്തിൽ പരിശോധനകൾ ഒഴിവായി. ജൂണിൽ എയർ ഇന്ത്യയുടെ വന്ദേഭാരത് വിമാനത്തിൽ വിദേശികളെ ദുബായിലെത്തിക്കുന്നതിന് അഞ്ച് ടിക്കറ്റെടുക്കാൻ ശിവശങ്കർ ഇടപെട്ടിരുന്നു. ഇവരുടെ ബാഗുകളിലും വിദേശകറൻസി കടത്തിയെന്ന് കസ്റ്റംസ് സംശയിക്കുന്നു.

ഡോളർ കടത്ത്

 ചട്ടപ്രകാരം രണ്ടായിരം മുതൽ അയ്യായിരം ഡോളർ വരെ മാറ്റിയെടുക്കാനേ കഴിയൂ. 1.90ലക്ഷം ഡോളർ ശേഖരിച്ചത് ഗുരുതര കുറ്റം

 ലൈഫ് കോഴയാണ് ഡോളറാക്കി കടത്തിയതെന്നതിനാൽ ശിവശങ്കറിന് പുറമെ, മസ്കറ്റിൽ പണം സ്വീകരിച്ച ഉന്നതരും പ്രതികളാവും.

 അനധികൃത ഡോളർ ഇടപാടിന് റിസർവ് ബാങ്കിന്റെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണവുമുണ്ടാകും.

 കള്ളപ്പണ ഇടപാടിന് തെളിവുകൾ കണ്ടെത്തിയാൽ ശിവശങ്കറിന്റെ സ്വത്തുക്കൾ ഇ.ഡിക്ക് കണ്ടുകെട്ടാം