ആറ്റിങ്ങൽ: ചുഴലിക്കാറ്റ് ആറ്റിങ്ങലിലൂടെ കടന്നു പോകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചിറയിൻകീഴ് താലൂക്കിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി തഹസിൽദാർ ആർ. മനോജ് പറഞ്ഞു. പൊലീസ്, കെ.എസ്.ഇ.ബി എന്നീ വകുപ്പുകളും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുകയും സജ്ജീകരണങ്ങൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.
അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രാൾ റൂമുകൾ താലൂക്ക് ഓഫീസിലും ആറ്റിങ്ങൽ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിലും തദ്ദേശ സ്ഥാപനങ്ങളിലും ആരംഭിച്ചു.
മത്സ്യ ബന്ധനവും ക്വാറി പ്രവർത്തനവും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിറുത്തിവയ്ക്കാൻ തഹസിൽദാർ ഉത്തരവിട്ടു. ശക്തമായ കാറ്റിന് സാദ്ധ്യത പറയുന്നതിനാൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ വസ്തു ഉടമകൾ കോതി ഒതുക്കി ദുരന്തം ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും തഹസിൽദാർ പറഞ്ഞു.
കെ.എസ്.ഇ.ബി ആറ്റിങ്ങൽ ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ വരുന്ന ആറ്റിങ്ങൽ, അവനവഞ്ചേരി, ചിറയിൻകീഴ്, കടയ്ക്കാവൂർ, നഗരൂർ, കിളിമാനൂർ, മടവൂർ, പള്ളിയ്ക്കൽ, കല്ലമ്പലം, പാലച്ചിറ, വർക്കല, ഇടവ, കെടാകുളം, വക്കം എന്നീ സെക്ഷൻ പരിധിയിൽ ഉണ്ടായേക്കാവുന്ന വൈദ്യുതി തടസങ്ങളും ദുരന്തങ്ങളും ഉടൻ അറിയിക്കണമെന്നും അടിയന്തര നടപടികൾക്ക് എല്ലാം സജ്ജമാണെന്നും എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
ആറ്റിങ്ങൽ സി.ഐ ഷാജിയുടെ നേതൃത്വത്തിൽ പൊലീസ് സേന ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘത്തെ സജ്ജമാക്കിക്കഴിഞ്ഞു. ക്രൈൻ, ആംബുലൻസ്, പ്രത്യേക വാഹനങ്ങൾ എന്നിവ പൊലീസ് ഒരുക്കിക്കഴിഞ്ഞു. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലും സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ദുരന്ത നിവാരണത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി അറിയിച്ചു.