തിരുവനന്തപുരം: മന്ത്രിമാർ ഒറ്റക്കെട്ടാണെന്നും ധനമന്ത്രിയെ ആരും ഒറ്റപ്പെടുത്തുന്നില്ലെന്നും മന്ത്രി കെ.കെ.ശൈലജ കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തിൽ പറഞ്ഞു. കെ.എസ്. എഫ്.ഇയിൽ നടന്ന റെയ്ഡിൽ പ്രതികരിച്ചതിന്റെ പേരിൽ മന്ത്രി തോമസ് എെസക്കിനെ പാർട്ടിയും മന്ത്രിസഭയും ഒറ്റപ്പെടുത്തുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
റെയ്ഡ് പതിവായി നടക്കുന്ന കാര്യമാണ്. ഇക്കാര്യത്തിൽ സർക്കാരിനോ അതിൽ പ്രതികരിച്ചതിന്റെ പേരിൽ ധനമന്ത്രിക്കോ വീഴ്ച പറ്റിയിട്ടില്ല.
കൊവിഡ് വാക്സിൻ വരുന്നതുവരെ മാസ്ക് ധരിച്ചേ മതിയാകൂ. അത് എത്രനാൾവരെ എന്ന് പറയാനാവില്ല. അതുവരെ ക്വാറന്റൈൻ തുടരും. ജീവിതശൈലീരോഗങ്ങൾ കൂടുതൽ കേരളത്തിലാണ്. അതിനാൽ കൊവിഡ് സാദ്ധ്യതയും കൂടുതലാണ്.
ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്ന പ്രദേശത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുറവാണ്.
# കിഫ്ബി അനുഗ്രഹം
കിഫ്ബി ആരോഗ്യ വകുപ്പിന് അനുഗ്രഹമാണെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ കഴിഞ്ഞത് കിഫ്ബി ഫണ്ടുകൊണ്ടാണ്. ആറായിരം പുതിയ തസ്തികയാണ് സൃഷ്ടിച്ചത്. പ്രൈമറി ഹെൽത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. കേരളത്തിൽ വികസന മാജിക്കാണ് നടന്നത്. ക്ഷേമപെൻഷനുകൾ ഇത്രയധികം നൽകുന്ന മറ്റൊരു സംസ്ഥാനമില്ല. ആരോഗ്യരംഗത്ത് ആർദ്ര മിഷനിലൂടെയാണ് വികസനമെങ്കിൽ വിദ്യാഭ്യാസ മേഖലയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയാണ് വികസനം. ഈ വികസനമെല്ലാം നടത്താനാണ് കിഫ്ബി പണം ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.