
തിരുവനന്തപുരം: എയ്ഡഡ് കോളേജുകളിൽ 721 അദ്ധ്യാപക തസ്തികകൾ അനുവദിക്കാൻ ധനവകുപ്പ് അനുമതി. തദ്ദേശ തിരഞ്ഞെടുപ്പിലെ പെരുമാറ്റചട്ടം മാറിയ ശേഷം മന്ത്രിസഭാ തീരുമാനമുണ്ടാകും. ആഴ്ചയിൽ 16 മണിക്കൂർ അദ്ധ്യാപനം ഉറപ്പാക്കിയും പി.ജി. വെയിറ്റേജ് ഒഴിവാക്കിയുമാണ് തസ്തിക അനുവദിക്കുക. 16 മണിക്കൂർ അടിസ്ഥാനമാക്കി കണക്കാക്കിയ ശേഷം അവസാനം വരുന്ന ഒമ്പത് മണിക്കൂറിനും നേരത്തേ തസ്തിക അനുവദിച്ചിരുന്നു. പി.ജി. കോഴ്സുകൾക്ക് ഒരു മണിക്കൂർ ഒന്നര മണിക്കൂറായും കണക്കാക്കിയിരുന്നു. ഈ രണ്ട് വ്യവസ്ഥകളും ഒഴിവാക്കാതെ പുതിയ തസ്തിക അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ധനവകുപ്പ്. പുതിയ തസ്തികകൾക്കായി പ്രതിവർഷം 35 കോടിയോളം രൂപയാണ് ശമ്പളയിനത്തിൽ വേണ്ടിവരുക. 16 മണിക്കൂർ നിബന്ധനയും പിജി വെയിറ്റേജ് ഒഴിവാക്കലുമില്ലാതെ ആയിരത്തോളം തസ്തികകളാണ് ആദ്യം കണക്കാക്കിയിരുന്നത്.