
മലയോര മേഖലകളിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി
പാലോട്: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ ഉൾപ്പെടുന്ന മലയോര മേഖലകളിലെ വില്ലേജുകൾ കേന്ദ്രീകരിച്ചുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. പൊലീസ്, ഫയർഫോഴ്സ്, റവന്യു, പഞ്ചായത്ത്, ഹെൽത്ത്, കെ.എസ്.ഇ.ബി, ട്രൈബൽ ഡിപ്പാർട്ട്മെന്റ്, വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള സന്നദ്ധ പ്രവർത്തകർ, പ്രത്യേക വാളന്റിയർമാർ എന്നിവർ ഉൾപ്പെടുന്ന മൂന്ന് യൂണിറ്റുകൾ മേഖലയിൽ പ്രവർത്തനം ആരംഭിച്ചു. പെരിങ്ങമ്മല ഗാർഡ് സ്റ്റേഷൻ, മടത്തറ ഫോറസ്റ്റ് ഓഫീസ്, പാലോട് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായിരിക്കും സംഘം ക്യാമ്പ് ചെയ്യും.
ഓരോ യൂണിറ്റിലും ജെ.സി.ബി, കട്ടർ, ആംബുലൻസ്, ജനറേറ്റർ, ലൈറ്റ്, വാഹനങ്ങൾ എന്നിവ ഉണ്ടാകും. എസ്.ഐമാർക്കായിരിക്കും യൂണിറ്റിന്റെ ചുമതല. അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി പാലോട്, പെരിങ്ങമ്മല ആശുപത്രികളിൽ 24 മണിക്കൂറും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സംഘം പ്രവർത്തന സജ്ജമായിരിക്കും. വൈദ്യുതി ബന്ധം തകരാറിലായാൽ പകരം സംവിധാനവും ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ട്.
വനത്തിനുള്ളിൽ താമസിക്കുന്നവരെ സഹായിക്കാനായി ട്രൈബർ ഫോറസ്റ്റ് വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. ബ്രൈമൂർ, ഇടിഞ്ഞാർ, തെന്നൂർ, വേങ്കൊല്ലാ, താന്നിമൂട്, ശാസ്താനട എന്നിവിടങ്ങളിലെ ആളുകളെ അടിയന്തര സാഹചര്യമുണ്ടായാൽ മാറ്റി പാർപ്പിക്കും. ഇതിനായി രണ്ട് കേന്ദ്രങ്ങൾ സജ്ജമാക്കി കഴിഞ്ഞു. കൊവിഡ് ബാധിതർക്കായി ഞാറനീലി, നന്ദിയോട് കൊവിഡ് സെന്ററുകളിൽ സൗകര്യം ഒരുക്കി.
ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സി.ഐ സി.കെ. മനോജ്, മെഡിക്കൽ ഓഫീസർ ഡോ. ശ്രീജിത്ത്, ഡോ. ജോർജ്ജ് മാത്യു, പഞ്ചായത്ത് സെക്രട്ടറി മനോജ്, വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ടീം മുഴുവൻ സമയവും പ്രവർത്തന സജ്ജമായിരിക്കുമെന്നും പാലോട് പൊലീസിന്റെ നിയന്ത്രണത്തിലുള്ള ദുരന്തനിവാരണ സേനയുടെ തലവൻ സി.കെ. മനോജ് അറിയിച്ചു.
കൺട്രോൺ റൂം: 04722840 260, 9497987023