athirtthi
കളിയിക്കാവിളയിൽ കാൽനടയായി അതിർത്തി കടക്കുന്നയാൾ

 കളിയിക്കാവിളയിൽ സ്ഥിതി രൂക്ഷം

പാറശാല: കൊവിഡിനെ തുടർന്ന് അടച്ചിട്ട സംസ്ഥാന അതിർത്തികൾ തുറന്നെങ്കിലും യാത്രാദുരിതത്തിന് അറുതിയാകുന്നില്ല. ട്രാൻസ്പോർട്ട് ബസുകൾ അതിർത്തികളിൽ തടഞ്ഞുനിറുത്തി യാത്രക്കാരെ വഴിയിലിറക്കി വിടുന്നതായുള്ള ആരോപണം ശക്തമാകുന്നുണ്ട്. അതിർത്തി കടക്കുന്നതിന് ഓട്ടോറിക്ഷാ ഡ്രൈവർമാർ ഭീമമായ തുക ഈടാക്കുന്നതായും ആക്ഷേപമുണ്ട്. അതിർത്തി മേഖലകളിൽ ജീവിക്കുന്നവരാണ് ഇതുമൂലം ഏറെയും ദുരിതമനുഭവിക്കുന്നത്.

കേരളം - തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിലെ ബസ് സ്റ്റാൻഡിലേക്ക് തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസുകൾ എത്തുന്നുണ്ടെങ്കിലും കേരളത്തിൽ നിന്നുള്ള ബസുകൾ കടത്തിവിടാറില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ഇക്കാരണത്താൽ അതിർത്തിയിൽ എത്തുന്നവർ സാധനങ്ങളുമായി പൊരിവെയിലത്ത് ഉൾപ്പെടെ കാൽനടയായി യാത്ര ചെയ്യുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്.

ചികിത്സയ്ക്കായി പോകുന്നവർ, ഇരുജില്ലകളിലുമായി ബന്ധുക്കളുള്ളവർ, സർക്കാർ ജീവനക്കാർ എന്നിവരെല്ലാം യാത്രാദുരിതത്താൽ വലയുകയാണ്. കേരളത്തിൽ നിന്ന് ട്രാൻസ്പോർട്ട് ബസുകളിലെത്തുന്ന യാത്രക്കാരെ കയറ്റാൻ തമിഴ്നാട് രജിസ്ട്രേഷൻ ഓട്ടോറിക്ഷകളുടെ മത്സരമാണ് കളിയിക്കാവിളയിൽ. തങ്ങളുടെ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കാത്ത തമിഴ്നാട് അധികൃതരുടെ നടപടിയിൽ പ്രതിഷേധത്തിലാണ് കേരളത്തിലെ ഓട്ടോ ഡ്രൈവർമാർ.

 ട്രാൻസ്‌പോർട്ട് ബസുകളെ അതിർത്തിയിൽ തടഞ്ഞുനിറുത്തി യാത്രക്കാരെ നടത്തിക്കുന്ന നടപടി അവസാനിപ്പിക്കാൻ സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം

കളിയിക്കാവിള പൗരസമിതി