
ചെന്നൈ: ഒന്നുകിൽ അധികാരം അതിനായില്ലെങ്കിൽ ആത്മീയത എന്ന തീരുമാനത്തിനൊടുവിലാണ് രജനികാന്ത് രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ നാളുകുറിച്ചത്. 'മതേതര ആത്മീയ രാഷ്ട‌്രീയമാണ് തന്റേതെന്ന്" ഇന്നലെയും രജനി ആവർത്തിച്ചു.
'താൻ വിജയിച്ചാൽ അത് ജനങ്ങളുടെ വിജയമാണ്. തോറ്റാലും അതു തന്നെയാണ്" എന്നായിരുന്നു സ്റ്റൈൽ മന്നന്റെ പഞ്ച് ഡയലോഗ്. സിനിമയിൽ വെന്നിക്കൊടിമാത്രം കണ്ടുപരിചയിച്ച രജനി രാഷ്ട്രീയത്തിലെ തോൽവിയും അഭിമുഖീകരിക്കാൻ തയ്യാറായി എന്നതാണ് ഇത് നൽകുന്ന സൂചന.
രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് മൂന്നു വർഷം മുമ്പ് പ്രഖ്യാപിച്ച രജനിയുടെ കണക്കുകൂട്ടൽ തെറ്റിച്ചത് കൊവിഡായിരുന്നു. രണ്ടു മാസം മുമ്പ് മുൻതീരുമാനത്തിൽ നിന്നും പിൻവാങ്ങാൻ അദ്ദേഹം തയ്യാറായി. അതോടെ ആരാധാകരും അസ്വസ്ഥരായി. അവസരം മുതലാക്കി രജനിയെ ബി.ജെപിയിലെത്തിക്കാനും ശ്രമമുണ്ടായി. രാഷ്ട്രീയ ഉപദേശകൻ തമിഴരുവി മണിയനാണ് രജനിയുടെ പുതിയ തീരുമാനത്തിന്റെ പ്രധാന പ്രേരണാശക്തി.
രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്ന രജനി മക്കൾ മൺട്രത്തിന്റെ ജില്ലാഭാരവാഹികൾ നിർബന്ധിച്ചതിനെ തുടർന്ന് തന്റെ വിശ്വസ്തരുമായി രജനി ചർച്ചകൾ നടത്തിയിരുന്നു. കൊവിഡ് വ്യാപനം തമിഴ്നാട്ടിൽ കുറഞ്ഞതും വാക്സിൻ എത്തുമെന്ന സൂചന ലഭിച്ചതും വൃക്ക രോഗിയായ രജനിക്ക് കൂടുതൽ ആത്മവിശ്വാസമേകി.
ഡിസംബറിലെ ശേഷിക്കുന്ന ദിവസങ്ങൾ മക്കൾ മൺട്രങ്ങൾ ശക്തിപ്പെടുത്താനും പ്രമുഖരായ പലരേയും ഒപ്പം നിറുത്തുന്നതിനുമായിട്ടായിരിക്കും വിനിയോഗിക്കുക.
അനുകൂല ഘടകങ്ങൾ
തമിഴ്നാടിന്റെ മുക്കിലും മൂലയിലും ആരാധകർ
ജയലളിതയ്ക്കും കരുണാനിധിക്കും ശേഷം താരമൂല്യമുള്ള നേതാവില്ല
ജനക്കൂട്ടത്തെ കൈയിലെടുക്കാനുള്ള കഴിവ്
പ്രതികൂല ഘടകങ്ങൾ
ജന്മംകൊണ്ട് തമിഴനല്ല
വൃക്ക രോഗം കാരണം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാനാകില്ല
ബി.ജെ.പി വിരോധികകളുടെ സംശയം
തമിഴരുവി മണിയൻ
പാർട്ടിയിൽ അഴിമതിയുണ്ടെന്ന് തുറന്നുപറഞ്ഞ് പാർട്ടിവിട്ട കോൺഗ്രസ് നേതാവ്. മികച്ച പ്രഭാഷകൻ. ഗാന്ധിമക്കൾ ഇയക്കം എന്ന സംഘടന രൂപീകരിച്ച് ഇതിന്റെ നേതൃത്വത്തിലേക്ക് രജനിയെ കൊണ്ടുവരാൻ ശ്രമിച്ചു. 2018 മേയിൽ കോയമ്പത്തൂരിൽ നടക്കുന്ന സമ്മേളനത്തിൽ രജനിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പിന്നീട് രജനിയുടെ എല്ലാ തീരുമാനത്തിനും പിന്തുണ പ്രഖ്യാപിച്ചു.