illustration

ആദ്യഘട്ട പ്രചാരണം അവസാന ലാപ്പിലേക്ക്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് നാല് നാൾ ശേഷിക്കെ, വികസനത്തിലും,വിവാദങ്ങളിലും വാദപ്രതിവാദങ്ങൾ കൊഴുപ്പിച്ച് മുന്നണികൾ.

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾക്കൊപ്പം കൊവിഡ് കാലത്തെ ക്ഷേമനടപടികളും ഉയർത്തിക്കാട്ടുന്ന ഇടതുപക്ഷം, മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വെർച്വൽ റാലി മഹാസംഭവമാക്കാനുള്ള നീക്കത്തിലാണ്. യു.ഡി.എഫും നാളെ വെർച്വൽ റാലിക്ക് തയാറെടുക്കുന്നു. പ്രചാരണ കൊട്ടിക്കലാശത്തിന് പകരമായുള്ള ശക്തിപ്രകടനമാക്കി ഇതിനെ മാറ്റാനാണ് രണ്ട് മുന്നണികളും ഒരുങ്ങുന്നതെങ്കിൽ, ഭവന സന്ദർശനമടക്കം ഊർജിതപ്പെടുത്തിയുള്ള മുന്നേറ്റമാണ് ബി.ജെ.പി ഉന്നമിടുന്നത്.

സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിലെ സർക്കാർ നേട്ടം തുടക്കം തൊട്ട് മുഖ്യപ്രചാരണ വിഷയമാക്കിയ എൽ.ഡി.എഫിന് തടയിടാൻ, മുൻസർക്കാരിന്റെ കാലത്തെ ക്ഷേമപെൻഷൻ ആനുകൂല്യങ്ങളുടെ കണക്കുകൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എടുത്തിട്ടു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ കണക്കുകൾ നിരത്തി മറുപടി നൽകിയതോടെ ക്ഷേമപെൻഷനും ചൂടേറിയ വിഷയമായി.

അധികാര വികേന്ദ്രീകരണം അട്ടിമറിച്ചും, ഫണ്ടുകൾ വെട്ടിക്കുറച്ചും തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളെയാകെ സർക്കാർ തകർത്തെന്നാണ് യു.ഡി.എഫ് പ്രചാരണം. സർക്കാരിന്റെ നാല് മിഷനുകൾ പ്രാദേശിക സർക്കാരുകളെ തകർക്കാനാണെന്നും. എന്നാൽ, ഭൂരഹിതരും ഭവനരഹിതരുമായ രണ്ടര ലക്ഷം പേർക്ക് അടച്ചുറപ്പുള്ള ഭവനങ്ങൾ സാദ്ധ്യമാക്കുന്നതിൽ ലൈഫ് മിഷന്റെ പങ്ക് സർക്കാർ എടുത്തുകാട്ടുന്നു. കൊവിഡ് കാലത്തെ സൗജന്യ ഭക്ഷ്യധാന്യ വിതരണം ദുരിതമനുഭവിക്കുന്നവർക്ക് കാരുണ്യഹസ്തമായെന്ന് ഇടതുപക്ഷവും ചൂണ്ടിക്കാട്ടുന്നു. സർക്കാർ സ്കൂളുകളുടെ നവീകരണവും, ഗെയ്ൽ പൈപ്പ് ലൈനിന്റെയും, ഇടമൺ -കൊച്ചി വൈദ്യുതി ലൈനിന്റെയും പൂർത്തീകരണവും നേട്ടങ്ങളായി ഇടതുമുന്നണി വിലയിരുത്തുന്നു.

സർക്കാരിന്റെ വികസനവാദങ്ങൾ പൊള്ളത്തരമെന്ന് സ്ഥാപിക്കാൻ, മുൻസർക്കാരിന്റെ നേട്ടങ്ങളെടുത്ത് കാട്ടുകയാണ് യു.ഡി.എഫ്. വൻകിട പദ്ധതികളുടെ മറവിൽ അഴിമതി നടമാടുന്നുവെന്ന പ്രചാരണവും ശക്തിപ്പെടുത്തുന്നു. സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളാണ് ഇതിന് പ്രധാന ആയുധം. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിനെതിരെ ഇതേ ആരോപണങ്ങൾ കടുപ്പിക്കുന്ന ബി.ജെ.പി, യു.ഡി.എഫ് നേതാക്കൾക്കെതിരായ അഴിമതിയാരോപണങ്ങളിലെ അന്വേഷണവും ആയുധമാക്കുന്നു. രണ്ട് മുന്നണികളും അഴിമതിയിലാണെന്ന് സ്ഥാപിക്കാനാണ് ശ്രമം.

തദ്ദേശ തിരഞ്ഞെടുപ്പിൽ 2015ലെ വിജയം ആവർത്തിക്കുമെന്ന ശുഭപ്രതീക്ഷ ഇടതുകേന്ദ്രങ്ങളിലുണ്ട്. എന്നാൽ, 2010 ലെ നേട്ടത്തിലേക്ക് എത്താനാവുമെന്നാണ് യു.ഡി.എഫ് അവകാശവാദം. വലിയ മുന്നേറ്റം അവകാശപ്പെടുന്ന ബി.ജെ.പിയാവട്ടെ, തിരുവനന്തപുരം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മികച്ച വിജയ പ്രതീക്ഷയിലാണ്.