kk

തിരുവനന്തപുരം: ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എല്ലാ പ്രവർത്തനങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം.

പ്രധാന ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും അത്യാഹിത വിഭാഗത്തിൽ മാസ് കാഷ്വാലിറ്റി സജ്ജമാക്കണം.ഏത് പ്രതിസന്ധിയും നേരിടാനുള്ള സംവിധാനങ്ങൾ ആശുപത്രി മാനേജ്‌മെന്റ് ഒരുക്കണം. ആന്റി സ്‌നേക്ക്‌ വെനംപോലുള്ള അത്യാവശ്യ മരുന്നുകളും എമർജൻസി മെഡിക്കൽ കിറ്റും ഉറപ്പ് വരുത്തണം. ഓർത്തോപീഡിഷ്യൻ, ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, സർജൻ, അനസ്തീഷ്യാഡോക്ടർ എന്നിവർ ഓൺകോൾ ഡ്യൂട്ടിയിൽ ആയിരിക്കണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സാമൂഹികാരോഗ്യകേന്ദ്രങ്ങളും ജാഗ്രത പുലർത്തണം.

ജില്ലകളിലെ നോഡൽ ഓഫീസർമാർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കണം. പ്രശ്നബാധിത ജില്ലകളിൽ റാപ്പിഡ് റെസ്‌പോൺസ് ടീം എപ്പോഴും ജാഗ്രതയായിരിക്കണം. തീരദേശമേഖലകളിൽ സജ്ജീകരണങ്ങൾ ഒരുക്കണം. വയോജനങ്ങളുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകണം.

എല്ലാ പ്രശ്നബാധിതമേഖലകളിലും കനിവ് 108 ആംബുലൻസുകളുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. കൊവിഡ് ബാധിതരേയും അല്ലാത്തവരേയും പ്രത്യേകം ആശുപത്രിയിലേക്ക് മാറ്റാൻ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.