
തിരുവനന്തപുരം: ഒരു നേതാവിന്റെ പിണക്കം തീർക്കാനായി അവസാനവട്ട ശ്രമത്തിലാണത്രെ വിപ്ലവപാർട്ടിക്കാർ. പാർട്ടിയിലെ സീനിയർ നേതാവാണ് അദ്ദേഹം. ഇതുവരെ പ്രചാരണത്തിനിറങ്ങിയിട്ടില്ല. ഇത്തവണ അദ്ദേഹത്തിന് സീറ്റുകൊടുക്കാത്തതുകൊണ്ടാണ് പ്രചാരണത്തിനിറങ്ങാത്തതെന്നാണ് നാട്ടിലെ സംസാരം. അനാരോഗ്യം കാരണമാണ് സീറ്റ് നൽകാത്തതെന്നും സംസാരമുണ്ട്. എന്തായാലും നേതാവിന്റെ മൗനം ഒരുപാട് പേർ വ്യാഖ്യാനിക്കുന്നുണ്ട്. പാർട്ടിയെ സംബന്ധിച്ചിടത്തോളം പാറ പോലെ ഉറച്ച വാർഡാണ്. ഈ നേതാവിന്റെ പിണക്കം കൊണ്ട് അത് നഷ്ടപ്പെടാൻ പാടില്ല. അതുകൊണ്ടാണ് അനുനയ നീക്കം.
ഒരു സമുദായത്തിനിടയിൽ നിർണായക സ്വാധീനം ഈ നേതാവിനുണ്ട്. തിരഞ്ഞെടുപ്പ് ആ സമുദായസംഘടന ബഹിഷ്കരിക്കുമെന്ന കിംവദന്തികൾ എതിർവിഭാഗക്കാർ ഇറക്കിവിടുന്നുമുണ്ട്. എന്തായാലും ഒടുവിൽ നേതാവ് രംഗത്തിറങ്ങുമെന്നും കേൾക്കുന്നു. തിരഞ്ഞെടുപ്പ് ദിനം അടുക്കാറായതോടെ തീരദേശ വാർഡിൽ ഒരു പാർട്ടിയിലെ ഒരു ഗ്രൂപ്പ് നേതാക്കളിൽ ഒട്ടുമുക്കാൽ പേരും റിബൽ സ്ഥാനാർത്ഥിക്കൊപ്പം ചേർന്നത് ഔദ്യോഗിക സ്ഥാനാർത്ഥിയുടെ നെഞ്ചിടിപ്പ് കൂട്ടി. റിബൽ പ്രവർത്തനം കണ്ടപ്പോൾ പ്രതീക്ഷ പുഷ്പിച്ചത് എതിർമുന്നണി സ്ഥാനാർത്ഥിക്കാണ്. ഇവിടെ വോട്ട് മുറിഞ്ഞാൽ അതിന്റെ ഗുണം അവിടെയാണല്ലോ. കഴിഞ്ഞ രണ്ടു തവണയും റിബലുകളില്ലാത്ത മത്സരം നടന്നപ്പോൾ വിജയിച്ചത് ഗ്രൂപ്പുകളുള്ള പാർട്ടി സ്ഥാനാർത്ഥികളായിരുന്നു. റിബലുകൾ മത്സരിക്കുന്ന മിക്കവാറും വാർഡുകളിൽ റിബലില്ലാത്ത മുന്നണി സ്ഥാനാർത്ഥികൾക്ക് പ്രതീക്ഷ ഏറെയാണ്. ചില വാർഡുകളിൽ റിബലുകൾ എതിർമുന്നണി സ്ഥാനാർത്ഥിക്കും ഭീഷണിയാവുന്നുണ്ട്.