
തിരുവനന്തപുരം: കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെ.ടി.ഡി.എഫ്.സി) മുൻ മാനേജിംഗ് ഡയറക്ടർ രാജശ്രീ അജിത്, മുൻ ചീഫ് മാനേജർ നിർമ്മല ദേവി എന്നിവർ സാമ്പത്തിക ക്രമക്കേട് കാട്ടിയെന്ന കേസിൽ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിയ്ക്കാൻ പ്രത്യേക വിജിലൻസ് കോടതി ഉത്തരവിട്ടു. അൻപത് ലക്ഷം രൂപയിലധികം തട്ടിയെടുത്ത കേസ് എഴുതി തളളാൻ ശ്രമിച്ച വിജലൻസ് പ്രത്യേക അന്വേഷണ സംഘത്തിനേറ്റ തിരിച്ചടിയാണ് കോടതി ഉത്തരവ്.
തലസ്ഥാനത്തെ പ്രമുഖ വസ്ത്രശാല,ഹോട്ടലുകൾ,തിരുവനന്തപുരത്തെയും എറണാകുളത്തെയും പഞ്ച നക്ഷത്ര ഹോട്ടലുകൾ എന്നിവിടങ്ങളിലേയ്ക്ക് പണം നൽകി എന്ന വ്യാജേന ക്രമക്കേട് കാട്ടിയെന്നാണ് കേസ്. ചെക്കുകൾ സ്ഥാപനങ്ങളുടെ പേരിൽ നൽകാതെ ആർക്കും സ്വതന്ത്രമായി മാറാവുന്ന തരത്തിലാണ് നൽകിയിരുന്നത്. ഇതിനൊന്നും വ്യക്തമായ രേഖകളോ കണക്കുകളോ സ്ഥാപനത്തിൽ ഇല്ലാതിരുന്നു. 2005-2008 കാലഘട്ടത്തിലെ കണക്കുകളാണ് വിജിലൻസ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഒരു ബേക്കറിയ്ക്ക് 25000 രൂപ നൽകിയതായി കണക്ക് കാണിച്ചിരുന്നു. എന്നാൽ തുക കെെപ്പറ്റിയിട്ടില്ലെന്ന് ബേക്കറി ഉടമ വിജിലൻസിന് മൊഴി നൽകിയിരുന്നു. പ്രമുഖ ഹോട്ടലിന് 19 ചെക്കുകൾ നൽകിയതായി ചെലവിനത്തിൽ കാണിച്ചിരുന്നു. ഇവയൊന്നും ഹോട്ടലിന് ലഭിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാരും മൊഴി നൽകി. മാത്രമല്ല കെ.ടി.ഡി.എഫ്.സിയ്ക്ക് യാതൊരു സേവനവും തങ്ങളുടെ ഹോട്ടൽ നടത്തിയിട്ടില്ലെന്നും ജീവനക്കാരുടെ മൊഴിയിലുണ്ട്.