തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് മൂലമുണ്ടാകാനിടയുള്ള ദുരന്തമൊഴിവാക്കാൻ സർവ്വ സന്നാഹവുമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാറ്റ് കടന്നുപോകാനിടയുള്ള ജില്ലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ 2891 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന,ജില്ലാ,താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും തുറന്നിട്ടുണ്ട്.

വൈദ്യുതി, കുടിവെള്ളം, അഗ്നിശമനസേന, പൊലീസ്, വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കും നിർദ്ദേശം നൽകി. പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്, സിവിൽ ഡിഫൻസ് തുടങ്ങിയ രക്ഷാസേനകളെ ആവശ്യമായ ഇടങ്ങളിൽ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 8 ടീമുകളെയും വിന്യസിച്ചു. വ്യോമസേനയോട് ഹെലികോപ്ടറും ഫിക്സഡ് വിംഗ് എയർക്രാഫ്റ്റും തയ്യാറാക്കി നിറുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാവികസേനയോട് അറബിക്കടലിൽ 30 നോട്ടിക്കൽ മൈൽ അകലെയായി കപ്പലുകൾ തയ്യാറാക്കി നിറുത്താൻ ആവശ്യപ്പെട്ടു. ആർമിയോടും അർദ്ധ സൈനിക വിഭാഗങ്ങളോടും സജ്ജരായി ഇരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ടെലികോം ഓപ്പറേറ്റർമാരോട് കമ്യൂണിക്കേഷൻ ഓൺ വീൽസ് സൗകര്യം തയ്യാറാക്കി വയ്ക്കാനും ഡീസൽ ജനറേറ്ററുകൾ ടവറുകളിൽ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്

സംസ്ഥാനത്തെ മുൻകരുതലുകൾ അറിയാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടു. ഏത് സാഹചര്യത്തിലും അടിയന്തര സഹായമെത്തിക്കാൻ കേന്ദ്രം സന്നദ്ധമാണെന്ന് അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്നു. ആർമി, നേവി, എയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, കോസ്റ്റ്ഗാർഡ് തുടങ്ങിയ സേനകളുടെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം ഇതുവരെ നടത്തിയ തയ്യാറെടുപ്പുകൾ വിലയിരുത്തി. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കണക്കാക്കി ആ ഭാഗത്തുള്ളവരെ മാറ്റിപ്പാർപ്പിക്കും.

ഹോർഡിംഗുകൾ

മാറ്റണം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപകടകരമായ രീതിയിൽ സ്ഥാപിച്ച ഹോർഡിംഗുകൾ മാറ്റാൻ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളോട് നിർദ്ദേശിച്ചു. ദുരന്ത നിവാരണ മുൻകരുതൽ പ്രവർത്തനങ്ങൾക്ക് ദുരന്ത സാദ്ധ്യതയുള്ള ഏഴ് ജില്ലകളിൽ നിലവിലുള്ള മന്ത്രിമാർ തന്നെ ചുമതല വഹിക്കും.