
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഉൾപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ സൂചന നൽകിയ നെയ്യാറ്റിൻകര, പാറശാല, വെങ്ങാനൂർ, നെടുമങ്ങാട്, പാലോട് മേഖലകൾ ഏതു പ്രതിസന്ധി നേരിടാനും സജ്ജം. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ മുൻകരുതൽ നടപടികൾ ആരംഭിച്ചു. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാനും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുമായി ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകരയിലെ താഴ്ന്ന പ്രദേശങ്ങളായ കണ്ണംകുഴി, മൂഴിയാംതോട്ടം, പാലക്കടവ് എന്നിവിടങ്ങളിൽ വെള്ളം കയറിയാൽ ഏതു സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് നെയ്യാറ്റിൻകര ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ സജിത്. ടി.എസ്. കേരളകൗമുദിയോട് പറഞ്ഞു. പ്രാദേശികമായി ആൾക്കാരെ ഉൾപ്പെടുത്തിയാണ് അടിയന്തര സാഹചര്യം ഉണ്ടായാൽ രക്ഷാദൗത്യം നടപ്പാക്കുക. രക്ഷാ പ്രവർത്തനത്തിന് ആധുനിക യന്ത്രസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാദേശിക തൊഴിലാളികൾ, മരംവെട്ടുന്നതിൽ വൈദഗ്ദ്യമുള്ളവർ, വെൽഡിംഗ് ജോലി ചെയ്യുന്നവർ എന്നിവരുടെ ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്.
ഒരുക്കങ്ങൾ ഇങ്ങനെ
ബുറേവിയുടെ സഞ്ചാര മേഖല പൊന്മുടയിലേക്ക് മാറിയെന്ന വിവരത്തെ തുടർന്ന് അടിവാരത്തുള്ള പാലോട് മേഖലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി. പൊലീസ്, ഫോറസ്റ്റ്, ഫയർ ഫോഴ്സ്, റവന്യൂ, പഞ്ചായത്ത്, ഹെൽത്ത്, കെ.എസ്.ഇ.ബി, ട്രൈബൽ ഡെവലപ്പ്മെന്റ് ഉൾപ്പെട്ട മൂന്ന് യൂണിറ്റുകൾ തയ്യാറാക്കി പെരിങ്ങമ്മല ഗാർഡ് സ്റ്റേഷൻ, മടത്തറ ഫോറസ്റ്റ് ഓഫീസ്, പാലോട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സജ്ജരാക്കാനാണ് തീരുമാനം. ഒരോയൂണിറ്റിലും ജെ.സി.ബി, ടിപ്പർ, വുഡ് കട്ടർ, ആംബുലൻസ്, ജനറേറ്റർ, യാത്രാസൗകര്യങ്ങൾക്കായി ജീപ്പ്, വാൻ എന്നിവയും തയ്യാറാക്കും. ഇതിനായി ഓരോ എസ്.ഐമാർ അടങ്ങിയ സംഘത്തെ ചുമതലപ്പെടുത്തും. അടിയന്തര സാഹചര്യം നേരിടുന്നതിന് പാലോട് കമ്മ്യൂണിറ്റി സെന്ററിൽ പ്രാഥമികചികിത്സ സംവിധാനവും 10 ആംബുലൻസുകളും സജ്ജമാക്കി. പൊതുജനങ്ങൾക്ക് ജാഗ്രതാഅറിയിപ്പുകൾ നൽകുന്നതിന് അനൗൺസ്മെന്റും നടത്തും.