
മലയിൻകീഴ്: വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ അലകുന്നത്ത് ക്ഷേമ പെൻഷൻ വിതരണത്തിനെത്തിയ വിളപ്പിൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെ 10 പേർക്കെതിരെ വിളപ്പിൽശാല പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ 11നായിരുന്നു സംഭവം. ബാങ്ക് ജീവനക്കാരയ അനൂപ്ചന്ദ്രൻ, ജെ.എസ്. രഞ്ജിത് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കുവേണ്ടി വോട്ട് അഭ്യർത്ഥിച്ചെന്ന് ആരോപിച്ച് ബി.ജെ.പി നേതാവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ സി.എസ്. അനിലിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയും പെൻഷൻ വിതരണത്തിന്റെ ഗുണഭോകൃത ലിസ്റ്റ് പിടിച്ചെടുക്കുകയുമായിരുന്നുവെന്നാണ് വിളപ്പിൽശാല പൊലീസ് പറയുന്നത്. എന്നാൽ വോട്ടുചോദിച്ചത് ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. മർദ്ദനമേറ്റവരെ വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐ.ബി. സതീഷ് എം.എൽ.എ, വിളപ്പിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചെറുകോട് മുരുകൻ എന്നിവർ പരിക്കേറ്റവരെ സന്ദർശിച്ചു.