
തിരുവനന്തപുരം: ഇന്നു പുലർച്ചെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ഇന്ത്യൻ തീരം തൊട്ട ബുറേവി ചുഴലിക്കാറ്റ് ഉച്ചയ്ക്ക് 12 മണിയോടെ തെക്കൻ കേരളത്തിലേക്കു കടക്കുമെങ്കിലും വേഗം കുറയുമെന്നതിനാൽ കടുത്ത ആശങ്കയ്ക്കിടയില്ലെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. രാത്രിയോടെ തന്നെ ബുറേവി അതിതീവ്ര ന്യൂനമർദ്ദമായി മാറി ശക്തി കുറഞ്ഞതായാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം, ചുഴലിയുടെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകൾക്ക് മുൻകരുതലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത്, പൊന്മുടി വഴി കേരളത്തിലേക്കു കടക്കുമ്പോഴേക്കും ചുഴലിയുടെ വേഗം മണിക്കൂറിൽ 50 കിലോമീറ്ററിലും താഴെയാകുമെന്നാണ് പ്രതീക്ഷ. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം പൂർണസജ്ജമാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. അതിനിടെ, ബുറേവിയുടെ കേരളത്തിലെ സഞ്ചാരപഥവും മാറുമെന്നാണ് ഇന്നലെ വൈകിയെത്തിയ സൂചന.
തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തി വഴി വർക്കലയ്ക്കു സമീപം കടലിലേക്കു മാറുമെന്നാണ് പുതിയ പ്രവചനം. നേരത്തേ നെയ്യാറ്റിൻകര വഴി വെങ്ങാനൂരിലൂടെ അറബിക്കടലിലെത്തി പ്രയാണം തുടരുമെന്നായിരുന്നു അറിയിപ്പ്. ചുഴലിയുടെ തീവ്രത കുറയുമെങ്കിലും കനത്ത മഴയ്‌ക്കും തീരമേഖലകളിൽ കാറ്റിനും വൻതിരമാലകൾക്കും സാദ്ധ്യതയുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെ തീരങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകും. വിവിധ ജില്ലകളിലായി 204 എം.എം.മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട്, ബുധനാഴ്ച ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയിലെ ട്രിങ്കോമാലി തീരത്തു പ്രവേശിച്ച ചുഴലിക്കാറ്റ് ഇന്നലെ പകൽ ഇന്ത്യയ്ക്കും ലങ്കയ്ക്കും ഇടയിലുള്ള മാന്നാർ കടലിടുക്ക് കടന്നിരുന്നു. ഇന്ത്യൻ തീരത്ത് പരമാവധി വേഗത 70 - 80 കിലോമീറ്റർ ആയാണ് കണക്കാക്കുന്നതെങ്കിലും കരയിലേക്കു പ്രവേശിക്കുന്നതോടെ വേഗം കുറയും. കന്യാകുമാരി കടന്ന് ഉച്ചയോടെ തെക്കു കിഴക്കു കൂടി കേരളത്തിൽ കടന്ന് അറബിക്കടലിൽ പ്രവേശിക്കും.
ബുറേവി ശ്രീലങ്കയിൽ കനത്ത നാശമുണ്ടാക്കിയില്ല. തിരിയായ, കുച്ചാവേളി, ട്രിങ്കോമാലി പ്രദേശങ്ങളിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇവിടെ മുക്കാൽ ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. തമിഴ്നാട്ടിൽ കന്യാകുമാരി,തിരുനെൽവേലി, തെങ്കാശി, രാമനാഥപുരം, വിരുദുനഗർ, തൂത്തുകുടി ജില്ലകളിലും പോണ്ടിച്ചേരിയിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
#കെ.എസ്. ഇ.ബി. എമർജൻസി 9496010101
ലൈനുകൾക്ക് തകരാറുണ്ടായാലും അടിയന്തര സഹായത്തിനും അടുത്തുള്ള സെക്‌ഷൻ ഒാഫീസിലോ എമർജൻസി നമ്പറിലോ വിളിക്കണം
#മെഡി. കോളേജിൽ ഡിസാസ്റ്റർ വാർഡ്
നോൺ കൊവിഡ് വാർഡായ ഒന്നാം വാർഡ് അടിയന്തരമായി ഡിസാസ്റ്റർ വാർഡാക്കി ഡോക്ടർമാർ, നഴ്സുമാർ, സെക്യൂരിറ്റി തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കി
#വിമാനത്താവളം അടച്ചു
ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിക്കില്ല.
#മഴ മുന്നറിയിപ്പ്
കൊല്ലം ജില്ലയുടെ വടക്കൻ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴയ്ക്ക് സാദ്ധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലർട്ട്.
അവധിയുള്ള
ജില്ലകൾ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.
പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സർക്കാർ ഓഫീസുകൾക്കും അവധി.
ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ജോലികൾ എന്നിവയ്ക്ക് അവധി ബാധകമല്ല