
കോവളം: ബുറേവി ഭീതി കനത്തതോടെ കോവളത്തെ ബീച്ചുകളിൽ സുരക്ഷ കർശനമാക്കി. തീരത്തെത്തുന്ന സഞ്ചാരികൾ പോലീസുകാരുടെയും ലൈഫ് ഗാർഡുമാരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് ഏഴുമണിക്കുശേഷം സഞ്ചാരികളെ കടലിൽ ഇറങ്ങുന്നതിൽ നിന്ന് കർശനമായി വിലക്കിയിട്ടുണ്ട്. മറ്റ് സമയങ്ങളിലും അപകമേറിയ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയും.
ഇതിനായി ലൈഫ് ഗാർഡുമാർക്കു പുറമേ കൂടുതൽ പൊലീസുകാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കോവളത്ത് നിലവിലുള്ള മുഴുവൻ ലൈഫ് ഗാർഡുമാരും അവധിയെടുക്കാതെ ജോലിയിലുണ്ടാകും. പ്രശ്നം മുന്നിൽക്കണ്ട് കോവളത്ത് നിലവിലുള്ള മുഴുവൻ ലൈഫ് ഗാർഡുമാരും ഈ ദിവസങ്ങളിൽ അവധിയെടുക്കാതെ ജോലിയിലുണ്ടാകും. സമീപ പ്രദേശത്തെ മത്സ്യത്തൊഴിലാളികളും ചുഴലിക്കാറ്ര് ഭീതിയുടെ നടുവിലാണ്. ഓഖി നൽകിയ ആഘാതത്തിൽ നിന്ന് മുക്തരാകാത്ത ഇവർ മത്സ്യബന്ധന യാനങ്ങളടക്കം തീരത്തുനിന്ന് മാറ്റിക്കഴിഞ്ഞു.
പ്രതീക്ഷകൾ ഏറെ...
കൊവിഡ് പ്രതിസന്ധികളിലും ക്രിസ്മസ് അവധിദിനങ്ങൾ ചെലവഴിക്കാനായി ഒട്ടേറെ സഞ്ചാരികൾ തീരത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് കോവളത്തെ ഹോട്ടലുടമകളും അനുബന്ധ കച്ചവടക്കാരും.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ടൂറിസം പ്രൊട്ടക്ഷൻ കൗൺസിലിന്റെയും ഹോട്ടലുകാരുടെയും നേതൃത്വത്തിൽ ബീച്ചിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ദീപാലങ്കാരങ്ങൾ നടത്തും. മിക്ക ഹോട്ടലുകളിലും കൊ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് വരും ദിവസങ്ങളിൽ ഡി.ജെ, സംഗീത നിശകളുമുണ്ടായിരിക്കും. പുതുവർഷരാത്രിയിൽ ജില്ലയിൽ ഏറ്റവുമധികം ആളുകൾ എത്തിച്ചേരുന്ന തീരം കൂടിയാണ് കോവളം. ഉത്തരേന്ത്യയിൽനിന്നുള്ള സഞ്ചാരികളാണ് സാധാരണ ഡിസംബർ ആദ്യവാരം എത്തുന്നത്.
സുരക്ഷ വർദ്ധിപ്പിക്കും
ക്രിസ്മസ് അവധിക്കാലത്തിനും പുതുവത്സര ആഘോഷങ്ങൾക്കുമായി കോവളത്ത് സുരക്ഷ വർദ്ധിപ്പിക്കും. കോവളം ജംഗ്ഷൻ മുതൽ ബീച്ച് വരെയുള്ള ഭാഗങ്ങൾ പലമേഖലകളായി തിരിച്ച് ഓരോയിടത്തും സായുധ, വനിതാ പൊലീസിനെ വിന്യസിക്കും. കോവളം ജംഗ്ഷനിൽ പ്രത്യേക പിക്കറ്റ് സംവിധാനം ഏർപ്പെടുത്തി ബീച്ച് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കർശനമായി പരിശോധിക്കും. മദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവയുടെ വിപണനം, ഉപയോഗം എന്നിവ കണ്ടെത്തിയാൽ കർശനനടപടി സ്വീകരിക്കും. ഇതിന് എക്‌സൈസ് വകുപ്പിനെക്കൂടി ഏകോപിപ്പിച്ച് സംവിധാനം ഏർപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.