pain

ഇന്ത്യയിൽ ഒരു വർഷത്തിൽ ഏകദേശം ഒരു കോടി ജനങ്ങൾ ചികിത്സ തേടുന്ന രോഗാവസ്ഥയാണ് ഫൈബ്രോമയാൾജിയ അഥവ അകാരണമായ ശരീരവേദന. ചികിത്സിച്ചാലും ജീവിതകാലം മുഴുവനുമോ, നീണ്ട കാലമോ ഇത് കാരണമുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്. പൂർണ്ണമായി ഭേദമാക്കാനായില്ലെങ്കിലും കുറേയൊക്കെ ആശ്വാസമേകാൻ ചികിത്സക്ക് കഴിയും. എന്നാൽ 'ഇപ്പ ശരിയാക്കിത്തരാം' എന്ന രീതിയിൽ വളരെ വീര്യമുള്ളതും പാർശ്വഫലങ്ങൾ ഏറെയുള്ളതുമായ വേദനസംഹാരികളായ മരുന്നുകൾ ഉൾപ്പെടെ ഉപയോഗിക്കുന്നവരുണ്ട്. അമിത പ്രതീക്ഷയിൽ ആരംഭിക്കുന്ന ഇത്തരം ചികിത്സകൾ ഫൈബ്രോമയാൾജിയ രോഗമുള്ളവരിൽ 'കൂനിൻമേൽ കുരു ' എന്ന അവസ്ഥയുണ്ടാക്കുമെന്നതിൽ സംശയമില്ല.

അത് കൊണ്ട് മുൻകൂട്ടി കാര്യം മനസ്സിലാക്കി അത്തരം ചികിത്സകൾ ഒഴിവാക്കേണ്ടതാണ്.

ദേഹമാകെയുള്ള വേദനയും, ചില പ്രത്യേക പോയിൻറുകളിൽ തൊട്ടാൽ സഹിക്കാൻ കഴിയാത്ത വേദനയുമാണ് പലരെയും ചികിത്സതേടാൻ പ്രേരിപ്പിക്കുന്നത്.

ചിലരിൽ പൊതുവായ ദേഹവേദന കൂടാതെ ഇരുവശങ്ങളിലും പുറകിലും ഇടുപ്പിന് മുകളിലും താഴെയും വേദന ഉണ്ടായിരിക്കും. സാമാന്യം കഠിനമായതോ സഹിക്കാൻ കഴിയാത്തതോ ആയ വേദനയാണ് പലർക്കും അനുഭവപ്പെടുന്നത്.

തളർച്ച, ക്ഷീണം, ഉറക്കക്കുറവ്, ഉൻമേഷമില്ലായ്മ, വിഷാദം, ഉത്കണ്ഠ, മാനസിക പ്രശ്നങ്ങൾ, ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥ, തലവേദന, മാംസപേശികളിൽ കോച്ചിപിടുത്തം, പെരുപ്പ്, കൈകാലുകളിൽ തുടിക്കുന്ന പോലെയുള്ള അനുഭവവും എന്നിങ്ങനെ വലിയ പ്രയാസങ്ങൾ ഉണ്ടാക്കാറുണ്ട്.

ശാരീരികവും മാനസികവുമായ വിഷമതകളും അതിന് കാരണമായ സംഭവങ്ങളും രോഗത്തെ വർദ്ധിപ്പിക്കാം. ചതവുകളോ മറ്റ് ക്ഷതങ്ങളോ അണുബാധയോ രോഗത്തെ വർദ്ധിപ്പിച്ചെന്നും വരാം. പുരുഷൻമാരെയും ബാധിക്കാവുന്നതാണെങ്കിലും 80 ശതമാനത്തിലധികവും സ്ത്രീകളിലാണ് അകാരണമായ ശരീരവേദന കാണുന്നത്.

ദീർഘനാൾ നിലനില്ക്കുന്ന ഒരു രോഗാവസ്ഥയാണ് ഫൈബ്രോമയാൾജിയ. എന്നാൽ പോലും എത്രനാൾ നിലനിന്നാലും ഈ രോഗം കാരണം സന്ധികൾക്കോ പേശികൾക്കോ മറ്റ് ഗ്രന്ഥികൾക്കോ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാക്കാറില്ല. പിന്നീട് വർദ്ധിച്ച് മറ്റൊരു രോഗത്തെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അവസ്ഥയല്ല ഫൈബ്രോമയാൾജിയ എന്ന് സാരം.

ചില വാതരോഗങ്ങളിലും ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ എന്ന നിദ്രാ സംബന്ധമായ രോഗത്തിലും ഫൈബ്രോമയാൾജിയ ആണോ എന്ന് സംശയിക്കാവുന്ന ലക്ഷണങ്ങൾ കാണാറുണ്ട്. അതുപോലെ ഈ രോഗങ്ങൾ കാരണം പിന്നീട് ഫൈബ്രോമയാൾജിയ ഉണ്ടാകുകയും ചെയ്യാം.

ഫൈബ്രോമയാൾജിയ എന്ന അവസ്ഥ ഏതെങ്കിലും ലബോറട്ടറി പരിശോധനകൾ നടത്തി തിരിച്ചറിയാൻ കഴിയുന്നതല്ല. എന്നാൽ,​ മറ്റു രോഗങ്ങളുമായി താരതമ്യം ചെയ്ത ശേഷം നിങ്ങളുടെ ഡോക്ടർക്ക് തീരുമാനിക്കാൻ കഴിയുന്ന ഒന്നാണത്. അതിനാൽ ഡോക്ടർ സംശയിക്കുന്ന രോഗമല്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇക്കാര്യത്തിൽ വേണ്ടത്.

ഫൈബ്രോമയാൾജിയയുടെ ലക്ഷണങ്ങൾ കൃത്യമായി മനസിലാക്കിയാൽ അത് യഥാസമയം തിരിച്ചറിയുന്നതിനും അനാവശ്യ ചികിത്സകൾ ഒഴിവാക്കുന്നതിനും രോഗിയെ സഹായിക്കും.

വേദന മിക്കവാറും മാംസപേശികൾ,വയർ,കഴുത്ത്, പുറംഭാഗം എന്നിവിടങ്ങളിലായിരിക്കും.

വേദന ദീർഘനാൾ നീണ്ടു നിൽക്കുന്നതും കൃത്യമായ ഒരു സ്ഥലം പറയാൻ ബുദ്ധിമുട്ടുള്ളതും ചിലപ്പോൾ വളരെ വർദ്ധിക്കുന്നതും ആയിരിക്കും. രാത്രിയിൽ വേദന കൂടുന്നതായും കാണാം.

ശരീരം മുഴുവനും വേദന, തളർച്ച, ക്ഷീണം,ഉന്മേഷമില്ലായ്മയും ലക്ഷണങ്ങളാണ്.

മലശോധനക്കുറവും ഓക്കാനവും വളരെ വലിയ അളവിൽ വായു പുറത്തേക്ക് പോകുന്നതും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം. അമിതമായ ഉത്കണ്ഠ, പെട്ടെന്ന് മാറുന്ന സ്വഭാവം, പരിസരത്തിനൊത്ത് മനസിനെ നിയന്ത്രിക്കാൻ സാധിക്കായ്കയും സംഭവിക്കാം.

കാര്യങ്ങൾ ഓർമ്മിച്ചെടുക്കാൻ പ്രയാസം അനുഭവപ്പെടുകയോ, ഒന്നിലും ശ്രദ്ധിക്കാൻ സാധിക്കാതെ വരികയോ ചെയ്യാം. കൈകാലുകളിൽ തണുപ്പ് അനുഭവപ്പെടുകയോ, പേശികൾ ഇടയ്ക്കിടെ തുടിക്കുന്നതായോ തോന്നാം. കൂടാതെ എന്തിനോടും അസഹിഷ്ണുത, സന്ധികൾ ചലിപ്പിക്കാൻ പ്രയാസം, പെരുപ്പ്, ആർത്തവ സമയത്തുള്ള വേദന തുടങ്ങിയവയും അനുഭവപ്പെടും.

മരുന്നുകൊണ്ടുള്ള ചികിത്സയിൽ ശമനമുണ്ടാക്കുവാൻ സാധിക്കുമെന്ന് നേരത്തെ പറഞ്ഞുവല്ലോ? രോഗികളുമായി നന്നായി ആശയവിനിമയം നടത്തുന്നതും നല്ലതാണ്.

മനുഷ്യന്റെ മനസിന് വലിയ പ്രാധാന്യവും പരിഗണനയും നൽകുന്ന ആരോഗ്യശാസ്ത്രമാണ് ആയുർവേദം. അതിനാൽ മാനസിക വിക്ഷോഭങ്ങൾ കുറയ്ക്കാൻ പാർശ്വഫലങ്ങൾ വളരെ കുറവുള്ള ആയുർവേദ മരുന്നുകൾ നൽകുന്നത് ഫൈബ്രോമയാൾജിയക്ക് വളരെ ഫലപ്രദമാണ്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി ആയുർവേദ രീതിയിലുള്ള ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ ശീലിച്ചാൽ അത്ഭുതകരമായ മാറ്റം രോഗികൾക്ക് ലഭിക്കും.

വേദന,വീക്കം തുടങ്ങിയ ലക്ഷണങ്ങൾ മാത്രമായി കുറയ്ക്കുന്നത് ആയുർവേദ ചികിത്സാ രീതിയല്ല. അതുകൊണ്ടുതന്നെ ഇവയൊക്കെ പെട്ടെന്ന് കുറയണമെന്നുള്ള രോഗികളുടെ ആവശ്യം സാധിച്ചു കൊടുക്കാൻ ആയുർവേദ ചികിത്സയ്ക്കു തുടക്കത്തിൽ സാധിച്ചുവെന്ന് വരില്ല. എന്നാൽ,​ തുടർച്ചയായി ചെയ്യുന്ന ചികിത്സ കാരണം രോഗം ഭേദമായി തുടങ്ങുന്നതിനൊപ്പം ലക്ഷണങ്ങൾ ഓരോന്നായി കുറഞ്ഞുതുടങ്ങും എന്നകാര്യത്തിൽ യാതൊരു തർക്കവുമില്ല. അതുകൊണ്ട്,​ ആയുർവേദ ചികിത്സ തുടർച്ചയായി ചെയ്യുന്നവരിലാണ് പൂർണ്ണമായ രോഗശമനം ഉണ്ടാകുന്നതെന്ന് കാണാം. രോഗം ശമിക്കാനും ആവർത്തിക്കാതിരിക്കാനും അർഹതയും കഴിവുമുള്ള ഒരു ഡോക്ടറുടെ സേവനം തന്നെ ആവശ്യമായി വരും. അതായത് സ്വയം ചികിത്സ പാടില്ലെന്ന് അർത്ഥം.