
തലശേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഹാസ്യമായിരുന്നു വിടപറഞ്ഞ വടകര സ്വദേശി കലന്തൻ ഹാജിയെ വ്യത്യസ്തനാക്കിയത്. 2009 സെപ്തംബർ 18 നായിരുന്നു ഹാജി വിട പറഞ്ഞത്. ഒാരോ തിരഞ്ഞെടുപ്പ് കാലത്തും ജനം അദ്ദേഹത്തെ ഓർക്കും. അസാമാന്യമായ ഹാസ്യം തന്നെയാണ് ഇതിനു പിന്നിൽ. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന കലന്തൻ ഹാജിയുടെ തമാശ നിറഞ്ഞ പ്രസംഗങ്ങൾക്കും ശൈലികൾക്കും നിരവധി ആരാധകരും ഉണ്ടായിരുന്നു.
1950 മുതൽ 59 വരെ മുസ്ലീംലീഗിൽ പ്രവർത്തിക്കുകയും ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നുവെങ്കിലും 1959ൽ വിമോചന സമരത്തിന് ലീഗ് നൽകിയ പരോക്ഷ പിന്തുണയിൽ പ്രതിഷേധിച്ച് പാർട്ടി വിടുകയായിരുന്നു.
ചോറോട് റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായ കാലത്താണ് ഇക്കാര്യം കലന്തൻ ഹാജി പ്രചാരണത്തിന് ഉപയോഗിച്ചത്.
ഗേറ്റടച്ചാൽ ദേശീയപാതയുടെ ഇരുവശത്തും വാഹനങ്ങളുടെ വലിയ നിരയായിരിക്കും. ഒരിക്കൽ ദേശീയപാതയിലൂടെ പ്രചാരണ വാഹനമായ ജീപ്പുമായി എത്തിയപ്പോഴാണ് ചോറോട് ഗേറ്റടച്ചിരിക്കുന്നത് കണ്ടത്. കലന്തൻ ഹാജി ജീപ്പ് നേരെ റെയിൽവേ ഗേറ്റിനോട് അടുപ്പിച്ചുവച്ചു.
ഗേറ്റ് തുറന്നയുടൻ നാട്ടുകാർ കേട്ടത്
'പ്രിയപ്പെട്ട നാട്ടുകാരെ, നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നമ്മുടെ പ്രിയങ്കരനായ സ്ഥാനാർത്ഥി കലന്തൻ ഹാജിയിതാ കടന്നുവരുന്നു…' എന്ന അനൗൺസ്‌മെന്റാണ്.
ഗേറ്റിൽ കുടുങ്ങിയ വാഹനങ്ങൾ അങ്ങനെ അകമ്പടി വാഹനങ്ങളായി. ജീപ്പ് മെല്ലെ നീങ്ങുന്നതിനിടെ റോഡരികിൽ നിന്ന് ചിലർ വിളിച്ച് ചോദിച്ചു. എവിടെ കലന്തൻ ഹാജി.?
മുഖം ഭാഗീകമായി മറച്ചുകൊണ്ട് അനൗൺസ്‌മെന്റ് ചെയ്തിരുന്നയാൾ മെല്ലെ മുഖത്തെ തുണി മാറ്റിക്കൊണ്ട് പറഞ്ഞു ''ഞാൻ തന്നെയാണ് സ്ഥാനാർഥി.. ഞാൻ തന്നെയാണ് കലന്തൻ ഹാജി '
പിറകിലുണ്ടായ വാഹനങ്ങൾ അവർ പോലുമറിയാതെ ഹാജിയുടെ അകമ്പടി വാഹനങ്ങളായി മാറുകയായിരുന്നു. ഇത്തരം ഹാസ്യശൈലികൾ തന്നെയാണ് അദ്ദേഹത്തെ ആളുകൾക്കിടയിൽ സുപരിചിതനാക്കിയത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വാഗ്ദാനങ്ങൾ നിരത്തുന്ന മുന്നണികളെ പരിഹസിച്ച് കലന്തൻ ഹാജി തയ്യാറാക്കിയിരുന്ന പ്രകടനപത്രികയും രസകരമായിരുന്നു.
ആകാശത്തിൽ പന്തലിടും, വയനാട്ടിൽ കടൽ, വടകരയിൽ വിമാനത്താവളം, പൊന്ന്യം പാലം പൊന്നാക്കും, കുറ്റ്യാടിപ്പുഴ കടലാക്കും, ആനയ്ക്ക് റേഷൻ, ആനയ്ക്ക് പെൻഷൻ, അന്താരാഷ്ട്ര നിലവാരമുള്ള കുറ്റ്യാടി മെട്രോപൊളിറ്റൻ സിറ്റി, റെയിൽവേ, തുറമുഖം ഇങ്ങനെ പോകുന്നു വാഗ്ദാനങ്ങൾ.
തിരക്കുള്ള സിനിമാശാലകൾക്ക് മുന്നിൽ സിനിമ തീരുന്നതിന് പത്ത് മിനിട്ടുമുൻപേ കലന്തൻ ഹാജിയെത്തും.
സിനിമ വിട്ട് ആളുകൾ തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ കലന്തൻ ഹാജിയുടെ വക അനൗൺസ്‌മെന്റ് വരികയായി.
' കലന്തൻ ഹാജിയെന്ന കരുത്തനായ സ്ഥാനാർത്ഥിക്ക് അകമ്പടിയായിതാ ജനലക്ഷങ്ങൾ അണിചേരുകയാണ്.
'' ഉപ്പ വീട്ടിലുണ്ടെങ്കിൽ എപ്പോഴും ചിരിയായിരിക്കും... തമാശകൾ പറഞ്ഞുകൊണ്ടേയിരിക്കും. തിരഞ്ഞെടുപ്പടുത്താൽ പ്രമുഖ സ്ഥാനാർത്ഥികളെക്കാൾ തിരക്കായിരുന്നു.
ഉപ്പ പോയതോടെ ചിരി നിലച്ചു...'' കലന്തൻ ഹാജിയുടെ മകൾ റുഖിയയുടെ വാക്കുകളിൽ നഷ്ടബോധത്തിന്റെ സങ്കടം.
കലന്തൻ ബഷീർ, നാസർ, സുലൈഖ, പരേതയായ ജമീല എന്നിവരാണ് കലന്തൻ ഹാജിയുടെ മക്കൾ.
കലന്തൻ ബഷീർ സിനിമ രംഗത്തെ അറിയപ്പെടുന്ന നടനാണ്. കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ ബഷീർ. 'ദൃശ്യ'ത്തിൽ സുമുഖനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് റോഷനാണ്.
കലന്തൻ ഹാജി ഒരിക്കൽ തന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ഇങ്ങനെ എഴുതി.
'കലന്തൻ ഹാജിയെ വിളിക്കൂ...
ഇന്ത്യയെ രക്ഷിക്കൂ '
ഒരിക്കലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കലന്തൻ ഹാജി മത്സരിച്ചിട്ടില്ല. നാട്ടുകാർ പലവട്ടം മത്സരിക്കാൻ കലന്തൻ ഹാജിയെ നിർബ്ബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. 'ബിരിയാണി ചെമ്പിലെന്തിനാ കഞ്ഞിവയ്ക്കുന്നേ ' മത്സരിച്ചെങ്കിൽ ഉറപ്പായും അദ്ദേഹം വിജയിക്കുമായിരുന്നു. അതിനുള്ള ആൾബലവും ബന്ധുബലവുമൊക്കെ പഞ്ചായത്ത് വാർഡിൽ ഉണ്ടായിട്ടും മത്സരിക്കാത്തതിനും കാരണമുണ്ട്.
' ജയിക്കാൻ ഹാജിക്ക് മനസില്ല ' എന്നതുതന്നെ.
പാർലിമെന്റിലടക്കം പത്തു തവണ സ്ഥാനാർത്ഥിയായിട്ടുണ്ട്. വടകര അസംബ്ലി പാർലിമെന്റ് മണ്ഡലം കൂടാതെ നാദപുരം, മേപ്പയൂർ, പെരിങ്ങളം, കോഴിക്കോട് 2, കൊണ്ടോട്ടി, ഗുരുവായൂർ എന്നീ മണ്ഡലങ്ങളിലും മത്സരിച്ചിട്ടുണ്ട്.