road

ഫറോക്ക്: റോഡ് നവീകരണം തടസപ്പെടുത്തിയുള്ള റെയിൽവേ ഉദ്യോഗസ്ഥരുടെ 'പാര' ക്കെതിരെ ജനങ്ങളിൽ പ്രതിഷേധം. ഫറോക്ക്-വെസ്റ്റ് നല്ലൂർ റോഡ് നവീകരണം തടഞ്ഞ നടപടിയിലാണ് പ്രതിഷേധം. ഫറോക്ക് ഹൈസ്‌കൂൾ മുതൽ ഓവുപാലം വരെയുള്ള റോഡുയർത്തി ഇന്റർലോക്ക് ചെയ്യുന്ന പ്രവൃത്തിയ്ക്കു വേണ്ടി 20 ലോഡോളം കല്ലും മണ്ണും ഇറക്കിയപ്പോഴാണ് റെയിൽവേ ഉദ്യോഗസ്ഥർ എതിർപ്പുമായി എത്തിയത്. തുടർന്ന് കരാറുകാർ പണി നിർത്തി. റെയിൽവേ സ്ഥലത്തിനടുത്തു കൂടിയുള്ള റോഡാണെന്നതിന്റെ പേരിലാണ് നിർമ്മാണം തടഞ്ഞത്. കാലങ്ങളായി നാട്ടുകാർ ഉപയോഗിക്കുകയും നഗരസഭ നവീകരണം നടത്തുകയും ചെയ്യുന്ന റോഡാണിത്. പാണ്ടിപ്പാടം, പള്ളിത്തറ, പൂത്തോളം പ്രദേശത്തുകാർക്ക് ഫറോക്കിലെത്താനുള്ള ഏക വഴിയാണിത്. വഴിയടഞ്ഞതോടെ ജനങ്ങൾ ദുരിതത്തിലാണ്.

സഞ്ചാര സ്വാതന്ത്ര്യം തടയുകയും ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയ്ത നടപടിയിൽ എൽ.ഡി.എഫ് ഫറോക്ക് നഗരസഭാ കമ്മിറ്റി പ്രതിഷേധിച്ചു. റയിൽവേ നടപടിക്കെതിരെ എൽ.ഡി.എഫ് ഇന്നലെ വൈകീട്ട് ഫറോക്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കൺവീനർ എ. ബാലകൃഷ്ണൻ അറിയിച്ചു. റോഡ് നവീകരണം തടഞ്ഞതിൽ സി.പി.ഐ ഫറോക്ക് ലോക്കൽ കമ്മിറ്റിയും പ്രതിഷേധിച്ചു. എം.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. പി. മുരളീധരൻ, ടി. ചന്ദ്രൻ, വി. സുഭാഷ്, വിജയകുമാർ പൂതേരി എന്നിവർ സംസാരിച്ചു.