
ചെറുപുഴ: വനം പരിസ്ഥിതി മന്ത്രാലയം കണ്ണടച്ചതോടെ സ്വപ്നമായി മാറിയ ഏഴിമല-പുളിങ്ങോം-ബാഗമണ്ഡലം പാതയ്ക്ക് ബദലായി മറ്രൊരു പാത യാഥാർഥ്യമാകുന്നു. ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോമിൽ നിന്നും ആരംഭിച്ചു കാര്യങ്കോടു പുഴ മുറിച്ചുകടന്നു കർണാടക വനത്തിലൂടെ 18 കിലോമീറ്റർ സഞ്ചരിച്ച് ബാഗമണ്ഡലത്തിലെത്തി ബംഗളൂരുവിലേക്ക് വിഭാവനം ചെയ്ത പാതയക്ക് പകരമാണ് പുതിയ പാത വരിക.
മൂന്നു പതിറ്റാണ്ടോളം പരിശ്രമിച്ചിട്ടും കർണാടക വനംവകുപ്പിന്റെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും എതിർപ്പിൽ തട്ടിയാണ് ബാഗമണ്ഡലം പാത ഇല്ലാതായത്. ഈ പാത സ്വപ്നം കണ്ട് കേരള പൊതുമരാമത്ത് വകുപ്പ് കാര്യങ്കോട് പുഴയ്ക്കു കുറുകെ നിർമ്മിച്ച പാലവും വെറുതേയായി. ഈ സ്വപ്നം ഒരിക്കലും യാഥാർഥ്യമാകില്ലെന്ന് ഉറപ്പായതോടെയാണ് ഈ പാതയ്ക്കു ബദലായി കർണാടകത്തിലേക്ക് മറ്റൊരു പാത നിർമ്മിക്കാൻ ശ്രമം തുടരുന്നത്.
ബി.ജെ.പി പയ്യന്നൂർ നിയോജക മണ്ഡലം ഭാരവാഹികൾ മുഖേന നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാനാണ് നാട്ടുകാരായ ചിലരുടെ നീക്കം. കാനംവയലിൽ നിന്നും കർണാടക വനത്തിനുള്ളിലെ മാങ്കുണ്ടിയിലുള്ള സ്വകാര്യ എസ്റ്റേറ്റു വഴി ബാഗമണ്ഡലം ബംഗളൂരു പാതയിലെ കോറങ്കാല സർക്കാർ സ്‌കൂളിനു സമീപത്തേക്ക് എത്തുന്ന തരത്തിൽ പുതിയ പാത സാദ്ധ്യമാക്കാനാണ് നീക്കം. കാനംവയലിൽ നിന്നും 14.5 കിലോമീറ്റർ യാത്ര ചെയ്താൽ കോറങ്കാലയിലെത്താനാകും. നിലവിൽ കാനംവയലിൽ നിന്നും മാങ്കുണ്ടി എസ്റ്റേറ്റിലേക്കും അവിടെ നിന്നും മറ്റു സ്വകാര്യ വ്യക്തികളുടെ ഉടസ്ഥതയിലുള്ള സ്ഥലങ്ങളിലൂടെയും കോറങ്കാലയിലേക്ക് എത്തുന്നിടത്തേക്കും മണ്ണുറോഡുണ്ട്.
ഈ റോഡുകൾ വികസിപ്പിച്ച് പുതുതായി 5 കിലോമീറ്റർ റോഡും നിർമ്മിച്ചാൽ വെള്ളൂർ ദേശീയപാതയിൽ നിന്നും ചെറുപുഴ കാനംവയൽ വഴി ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബാഗമണ്ഡലം ബംഗളൂരു പാതയിലെത്താം. പുതിയ പാതയിൽ 3 കിലോമീറ്റർ മാത്രമേ നിബിഡ വനമുള്ളൂ. വിരാജ്‌പേട്ട ഡിവിഷനിലെ മുണ്ടറോട്ടു റേഞ്ചിൽപെട്ട പശ്ചിമഘട്ട റിസർവ് വനത്തിന്റെ ഭാഗമായ ഇവിടം വന്യജീവി സംരക്ഷണ കേന്ദ്രമാണ്. അതിനാൽ വന്യജീവികളുടെ സുരക്ഷ കൂടി കണക്കിലെടുത്തു കൊണ്ടുള്ള റോഡ് നിർമ്മാണം ആവശ്യമാണ്. ബാക്കിയുള്ള ഭാഗത്ത് നിലവിൽ മൺറോഡും മൊട്ടക്കുന്നുകളുമാണ്.
കാര്യങ്കോട് പുഴ മുറിച്ചുകടന്നു മാങ്കുണ്ടി എസ്റ്റേറ്റിലേക്ക് എത്തുന്നതിന് കോൺക്രീറ്റ് പാലവും ആവശ്യമാണ്. നിലവിൽ കാനംവയൽ കോളനിയിലേക്ക് നിർമ്മിക്കുന്ന പാലത്തിന്റെ എസ്റ്റിമേറ്റും ഘടനയും പുതുക്കിയാൽ ഇതും പരിഹരിക്കപ്പെടും. കേരളാ അതിർത്തിയിൽ ആദ്യമായി മാവോവാദികൾ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ച സ്ഥലമാണ് മാങ്കുണ്ടി എസ്റ്റേറ്റ്. മാവോവാദി നേതാവ് രൂപേഷും സംഘവുമാണ് അന്ന് ഇവിടെയെത്തിയത്. മാവോവാദികളുടെ സഞ്ചാരപാത ഈ മേഖലയിലാണെന്നു കർണാടക പൊലിസും വിശ്വസിക്കുന്നുണ്ട്. മാവോവാദികളുടെ നീക്കങ്ങൾക്കു തടയിടുന്ന വിധത്തിൽ, രണ്ടു സംസ്ഥാനത്തെയും മലയോരജനതയ്ക്ക് പ്രയോജനപ്പെടുന്ന വിധത്തിലും കാനംവയൽ മാങ്കുണ്ടി എസ്‌റ്റേറ്റ് കോറങ്കാല പാത വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശമാണ് കേന്ദ്രസർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.