usha

കിളിമാനൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ 'കൈപ്പത്തി" കരുത്തിൽ കന്നിയങ്കത്തിനിറങ്ങുന്ന അമ്മയും മകളും, നഗരൂർ ഗ്രാമപഞ്ചായത്തിലെ 15, 16 വാർഡുകളാണ് ഈ അപൂർവ കൗതുകത്തിന് സാക്ഷിയാകുന്നത്. ഈഞ്ചമൂല, കിണറ്റുവിളാകത്തു വീട്ടിൽ ഉഷ 15-ാം വാർഡായ ഈഞ്ചമൂലയിൽ ജനവിധി തേടുമ്പോൾ 16-ാം വാർഡായ വെള്ളരൂലിലാണ് മകൾ അർച്ചന സഞ്ജു കളത്തിലിറങ്ങിയത്. ഇരുവരും കോൺഗ്രസ് സ്ഥാനാ‌ർത്ഥികളാണ്.

കുടുംബത്തിന്റെ കോൺഗ്രസ് അനുഭാവവും കുടുംബശ്രീയിലെ പ്രവർത്തനങ്ങളുമാണ് ഇരുവരെയും തിരഞ്ഞെടുപ്പിലെത്തിച്ചത്. ഇരു വാർഡുകളിലെയും പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലക്കാർ അമ്മയെയും മകളെയും സ്ഥാനാർത്ഥികളാക്കാൻ തീരുമാനിച്ച ശേഷമാണ് മത്സരിക്കുന്ന വിവരം ഇരുവരും പരസ്‌പരമറിഞ്ഞത്.

വെള്ളല്ലൂർ, വട്ടവിള വീട്ടിൽ സഞ്ജുവിനെ വിവാഹം ചെയ്തതോടെയാണ് അർച്ചന ഇവിടെ താമസമാക്കിയത്. അയൽകൂട്ടത്തിന്റെ സെക്രട്ടറിയും തയ്യൽത്തൊഴിലാളിയുമാണ് അർച്ചന. അമ്മ ഉഷ വാർഡുതല എ.ഡി.എസ് പ്രസിഡന്റ്, തൊഴിലുറപ്പ് പദ്ധതിയുടെ കൺവീനർ എന്നീ നിലകളിൽ പൊതുപ്രവർത്തനരംഗത്ത് പരിചിതയാണ്. സി.പി.എമ്മിലെ എസ്. ബിജിയും, ബി.ജെ.പിയിലെ ദീപയുമാണ് ഉഷയുടെ എതിർ സ്ഥാനാർത്ഥികൾ. സി.പി.ഐയിലെ ഗീതു അജിയും, ബി.ജെ.പിയിലെ ബിന്ദു രാജേന്ദ്രനുമാണ് അർച്ചനയുടെ എതിരാളികൾ.