
മലബന്ധം ഒരു രോഗമേയല്ല. ഒരു ലക്ഷണം മാത്രമാണ്. നിരവധി രോഗങ്ങളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കാൻ രോഗിയോട് അന്വേഷിച്ച് മനസ്സിലാക്കേണ്ട ഒരു പ്രധാന ലക്ഷണം. 'മലശോധന എങ്ങനെയുണ്ട്?'എന്ന് ചോദിക്കുന്ന ഡോക്ടർക്ക് പലവിധ മറുപടികളാണ് രോഗികളിൽ നിന്ന് കിട്ടുന്നത്. മലം ഇളകി പോകുന്നതും ആവശ്യത്തിന് പോകാത്തതും എന്ന് രണ്ടായി തിരിച്ചാൽ ആവശ്യത്തിന് മലശോധന ലഭിക്കാത്ത 'മലബന്ധം' എന്ന അവസ്ഥയെ മനസ്സിലാക്കേണ്ടതുണ്ട്.
മലബന്ധത്തിന്റെ കാരണങ്ങൾ പലതാണ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നവർക്കും മറ്റു പല കാരണങ്ങളാൽ ശരീരത്തിനുണ്ടാകുന്ന നിർജ്ജലീകരണവും നാരുകളടങ്ങിയ ഭക്ഷണത്തിന്റെ അഭാവവും ശാരീരികമായ അദ്ധ്വാനക്കുറവും മരുന്നുകളുടെ പാർശ്വഫലങ്ങളുമാണ് പ്രധാനമായും മലബന്ധത്തിന് കാരണം.
മാനസികസമ്മർദ്ദം, ശീലങ്ങളിലെ വ്യത്യാസം, മലശോധന ചെയ്യണമെന്ന് തോന്നിയ സമയത്ത് പോകാതെ തടസ്സപ്പെടുത്തുക, മാംസം, ചീസ്,പലവിധ പാലുൽപന്നങ്ങൾ എന്നിവയും മലബന്ധത്തിന് കാരണമാകാറുണ്ട്.
ശരിയായ ഭക്ഷണശീലം പാലിക്കാത്തവർ, തീരെ വ്യായാമം ചെയ്യാത്തവർ, ഇറിറ്റബിൽ ബവൽ സിൺഡ്രോം എന്ന അസുഖമുള്ളവർ, ഗർഭിണികൾ, മലശോധനയ്ക്കായുള്ള മരുന്നുകൾ പതിവായി ഉപയോഗിക്കുന്നവർ, സ്ഥിരമായി യാത്രകൾ ചെയ്യുന്നവർ, ഹോർമോൺ വ്യതിയാനമുള്ളവർ, ഞരമ്പ് സംബന്ധമായ അപകടങ്ങൾ സംഭവിച്ചവർ എന്നിവരിലാണ് മലബന്ധം കാരണമുള്ള ബുദ്ധിമുട്ടുകൾ അധികമായി അനുഭവിക്കുന്നത്.
മദ്യം, ഗ്ലൂട്ടൻ അടങ്ങിയിട്ടുള്ള ഗോതമ്പ്, ബാർലി തുടങ്ങിയവ, ഗോതമ്പ് വർഗ്ഗത്തിൽപ്പെട്ടതും മദ്യം ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്നതുമായ ചില ധാന്യങ്ങൾ, ഉമി കളഞ്ഞ ധാന്യങ്ങൾ, ബീഫ്, മട്ടൻ,പോർക്ക് തുടങ്ങിയ മാംസം, പൊരിച്ചതും കരിച്ചതുമായ ഭക്ഷണം തുടങ്ങിയവയുടെ ഉപയോഗവും മലബന്ധത്തിന് ഇടയാക്കും.
മൂന്നു ദിവസം വരെ മലശോധനയില്ലാത്തവരിൽ മലം കട്ടിയാകുകയും പോകാൻ വളരെ പ്രയാസമുള്ളതാകുകയും ചെയ്യും. ഒരു ദിവസം മൂന്നു തവണയിൽ കൂടുതൽ പോകുന്നതും ഒരാഴ്ചയിൽ മൂന്നു തവണയിൽകുറച്ച് പോകുന്നതും വളരെ ബലംപ്രയോഗിച്ച് മലം പോകുന്നതും ചുവപ്പ്, കറുപ്പ്, പച്ച,വെള്ള,ചാരം എന്നീ നിറങ്ങളിലും കറുത്തുരുണ്ട് ചെറിയ പാറക്കഷണം പോലെയും പറ്റിപ്പിടിക്കുന്ന വിധത്തിലും കൊഴുപ്പോട് കൂടിയും മലം പോകുന്നത് അത്ര നല്ലതല്ല.
മലത്തിലൂടെ രക്തം പോകുന്നവർ കരളിനും പാൻക്രിയാസിനും കുഴപ്പങ്ങളില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മലത്തിൽ കറുത്ത നിറം കണ്ടാൽ അൾസർ രോഗമില്ലെന്ന് ഉറപ്പാക്കണം.കൊഴുപ്പിന്റെ അംശം കണ്ടാൽ കൊഴുപ്പിനെ ദഹിപ്പിക്കാനുള്ള കരളിന്റെ പ്രവർത്തനത്തിന് തടസ്സമുണ്ടോ എന്ന് അറിയണം. അൾസർ, കരൾരോഗങ്ങൾ, പ്ലീഹാ രോഗം, പാൻക്രിയാസ് സംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം, പ്രമേഹം എന്നിവയുള്ളവർക്കാണ് പലപ്പോഴും മലബന്ധമുണ്ടാകുന്നത്. ആവശ്യത്തിന് വെള്ളം കുടിച്ചും നാരുകളടങ്ങിയ ഭക്ഷണം ആവശ്യത്തിന് ഉൾപ്പെടുത്തിയും വ്യായാമം ചെയ്തും മലശോധന ലഭിക്കുന്നതോ വയറിളക്കുന്നതോ ആയ ഔഷധം ഉപയോഗിച്ചും മലബന്ധം ഒഴിവാക്കാം.
നാരുകളടങ്ങിയ ഭക്ഷണം നല്ലത്
ഉണക്കിയ പ്രൂൺ, പ്ലം, കറുത്ത മുന്തിരി എന്നിവ മലശോധന ലഭിക്കുന്നതിന് നല്ലതാണ്.പ്രൂൺ, ആപ്പിൾ, പിയർ എന്നിവയുടെ ജ്യൂസും നല്ലത്. എന്നാൽ വെറുംവയറ്റിൽ ആപ്പിൾ കഴിക്കുന്നത് മലശോധനയെ തടസ്സപ്പെടുത്തും. തലേദിവസം നന്നായി കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ടുവച്ച ഉണക്കമുന്തിരി പിഴിഞ്ഞരിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് കുട്ടികളിൽ ശരിയായ മലശോധന ഉണ്ടാക്കും. മാർക്കറ്റിൽ ലഭിക്കുന്ന നീർവാളം അടങ്ങിയ തുള്ളിമരുന്നുകൾ മലശോധനയ്ക്ക് വേണ്ടി കുട്ടികളിൽ തുടർച്ചയായി പ്രയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. മുതിർന്നവരും പ്രമേഹരോഗികളും മൂന്നു നെല്ലിക്ക ചതച്ചോ മിക്സിയിൽ അടിച്ചോ നീരെടുത്ത് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് പ്രമേഹത്തെ കുറയ്ക്കുന്നതിനൊപ്പം മലശോധനയും ഉണ്ടാക്കും.വാഴപ്പഴം കഴിക്കുന്നതും പലർക്കും ഗുണംചെയ്യും. ചുവന്ന പഴം, നേന്ത്രപഴം എന്നിവ ഒഴിവാക്കേണ്ടതാണ്.
ഉമി കളഞ്ഞ ധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്ന ഭക്ഷണങ്ങൾ, പയർ വർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, ഈത്തപ്പഴം,അത്തിപ്പഴം, പേരയ്ക്ക, മാങ്ങ, നല്ലപോലെ പഴുത്ത പപ്പായ,പോപ്കോൺ എന്നിവ ഉപയോഗിച്ചാൽ മലശോധന ലഭിക്കും. ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ശരീരത്തിൽ ദഹിക്കുന്നവയല്ല. അതിനാൽ ഇവ ദഹിച്ചു ചേരാതെ പുറത്തേക്ക് പോകുമെന്നതിനാൽ മലതടസ്സം ഉണ്ടാകുന്നില്ല എന്നതാണ് കാരണം. നമുക്ക് ആവശ്യമായ പ്രോട്ടീൻ കൂടുതലുള്ള മുട്ട പോലുള്ളവ കഴിക്കേണ്ടി വരുമ്പോൾ മലശോധന പ്രശ്നമുള്ളവർ പുഴുങ്ങിയത് കഴിക്കാതെ ധാരാളം നാരുള്ളവ കൂടി ചേർത്ത് ഓംലെറ്റ് ആക്കി ഉപയോഗിക്കണം.
'വെറും വയറ്റിലൊരു ചായ കുടിച്ചാലേ മലശോധന കിട്ടൂ'എന്ന് ചിലർ പറയാറുണ്ട്. എന്നാൽ ചെറിയ ചൂടോടെ വെള്ളം കുടിച്ചാലും ഇതേ പ്രയോജനം കിട്ടുമെന്ന കാര്യത്തിൽ സംശയമില്ല. ശീലിച്ചതുകൊണ്ട് മാത്രം ചായയ്ക്ക് വേണ്ടി വാദിക്കുന്നവരുമുണ്ട്. ഇഞ്ചിനീര് ചേർത്ത ചായ വളരെ നല്ലതാണ്. എന്നാൽ, ഇഞ്ചി ഉണക്കി എടുത്ത ചുക്ക് മലശോധനയെ തടസ്സപ്പെടുത്തുന്നതാണ്.
മാംസം, പാലുല്പന്നങ്ങൾ, പഞ്ചസാര എന്നിവയിൽ നാരിന്റെ അംശം തീരെ ഇല്ലെന്നും അതിനാൽ തന്നെ അവ മലബന്ധത്തിന് കാരണമാകുമെന്നും അറിയണം.
അതുപോലെ വൈറ്റ് ബ്രെഡ്, വെള്ള അരി, കേക്ക്, പേയ്സ്ട്രി എന്നിവ നാരുകൾ നീക്കം ചെയ്തവയാണെന്നും അതിനാൽ മലബന്ധം ഉണ്ടാക്കാൻ കാരണമാണെന്നും മനസ്സിലാക്കണം.
കാരണമറിഞ്ഞ് ചികിത്സകൾ ചെയ്യുന്നതിനൊപ്പം മലബന്ധം പരിഹരിക്കുന്നതിനുള്ള മരുന്നുകളും ആയുർവേദത്തിൽ ലഭ്യമാണ്. പാർശ്വഫലങ്ങൾ കുറവായതിനാൽ അത്തരം മരുന്നുകൾ കൂടുതൽ സുരക്ഷിതമാണെന്ന് പറയേണ്ടതില്ല.