1

നെയ്യാറ്റിൻകര: രോഗികൾക്ക് ആശ്രയമാകുന്നതിന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വാങ്ങിയ മെഡിക്കൽ ആംബുലൻസ് നോക്കുകുത്തിയായതായി പരാതി. അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്നവരെയും നടക്കാൻ കഴിയാത്ത രോഗികളെയും വാർഡുകളിലേക്കും മറ്റ് പരിശോധകൾക്കുമായി കൊണ്ടുപോകുന്നതിന് വാങ്ങിയ വാഹനമാണ് പലപ്പോഴും ആവശ്യത്തിന് ഉപകരിക്കാത്തത്. മാസങ്ങൾ മുൻപാണ് എം.എൽ.എ ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപ ചെലവിൽ വാഹനം വാങ്ങിയത്.

ഇത് ഓടിക്കുന്നതിനായി രണ്ട് ഡ്രൈവർമാരെയും നിയമിച്ചിരുന്നു. എന്നാൽ പലപ്പോഴും ഇവരുടെ സേവനം രോഗികൾക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ഇവിടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തുന്നത്. ഇവരാണ് ദുരിതത്തിലായത്. ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കാണ് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. കൂടാതെ ലാബ്, എക്സ്റേ വിഭാഗങ്ങളിലേക്കു പോകുന്ന രോഗികൾക്കും ഈ വാഹനമായിരുന്നു ആശ്രയം. ഇത് സമയത്ത് ലഭിക്കാതായതോടെ രോഗികൾ പ്രതിഷേധത്തിലാണ്. എന്നാൽ രോഗികൾക്ക് മെഡിക്കൽ ആംബുലൻസിന്റെ സേവനം ലഭ്യമല്ലെന്ന പരാതിയിൽ കഴമ്പില്ലെന്നാണ് കെ. ആൻസലൻ എം.എൽ.എ പറയുന്നത്.