q

തിരുവനന്തപുരം: വിജയം തെന്നിപ്പോകുന്ന വിളപ്പിൽ പഞ്ചായത്തിലെ പേയാട് വാർഡിനെ പിടിച്ചെടുക്കാൻ ഇത്തവണ കോൺഗ്രസ് പാർട്ടി രംഗത്തിറക്കിയത് വിമുക്തഭടനായ മുൻ സ്‌പോർട്സ് താരത്തെയാണ്. സംസ്ഥാന, ജില്ലാ തല അത്‌ലറ്റിക്‌സിൽ നിരവധി വിജയം നേടിയിട്ടുള്ള വൈ. ജയകുമാറാണ് ഇവിടെ മത്സരിക്കുന്നത്. 1978ലെ അമച്വർ അത്‌ലറ്റിക്‌സ് തിരുവനന്തപുരം ജില്ലാ മത്സരത്തിൽ ലോംഗ് ജംപിൽ രണ്ടാംസ്ഥാനം തേടിയതോടെ കായിക രംഗത്ത് ശ്രദ്ധേനായി. സ്‌പോർട്‌സ് അതോറിട്ടി ഒഫ് ഇന്ത്യയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന നിഷാദ് കുമാറാണ് അന്ന് ഒന്നാം സ്ഥാനം നേടിയത്. കോളേജ് പഠനകാലത്ത് 1979, 1980 വർഷങ്ങളിൽ തിരുവനന്തപുരം സംസ്‌കൃത കോളേജിന്റെ സ്‌പോർട്സ് ചാമ്പ്യനായിരുന്നു. 1979ൽ കേരള യൂണിവേഴ്‌സിറ്റി സൗത്ത് സോൺ അത്‌ലറ്റിക്‌സ് മീറ്റിൽ ലോംഗ് ജംപിൽ ഒന്നാം സ്ഥാനം നേടി. നേമം ബ്ലോക്ക് ലെവൽ അത്‌ലറ്റിക്‌സ് ചാമ്പ്യനായിട്ടുണ്ട്. 2002ൽ 40 വയസിനു മുകളിൽ പ്രായമുള്ളവരുടെ സംസ്ഥാന വെറ്ററൻസ് മീറ്റിൽ 110 മീറ്റർ ഹർഡിൽസിൽ ഒന്നാം സ്ഥാനം നേടി. ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുമ്പോൾ സതേൺ കമാൻഡ്, നോർത്തേൺ കമാൻഡ് സ്‌പോർട്‌സ് മീറ്റുകളിൽ പങ്കെടുത്തു. എൽ.ഡി.എഫിന്റെ കുത്തകയായ വിളപ്പിൽ ക്ഷീരസഹകരണ സംഘം ഭരണസമിതിയിൽ യു.ഡി.എഫിന്റെ ഏക അംഗമായി ജയിച്ചിട്ടുണ്ട്. പേയാട് അമ്പൻകോട് സ്വദേശിയാണ്. ഭാര്യ ലതകുമാരി. എം.സി. സുരേഷ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും ശ്രീലാൽ എൻ.ഡി.എ സ്ഥാനാർത്ഥിയുമാണ്.