kaeikkarakadave

വക്കം: മഹാകവി കുമാരനാശാന്റെ പേരിൽ ആരംഭിക്കുന്ന ടൗൺ ഷിപ്പും, ആശാൻ - മൗലവി പാലവും പ്രഖ്യാപനങ്ങളിലും നിവേദനങ്ങളിലും മാത്രമൊതുങ്ങി.

42 വർഷം പഴക്കമുള്ള പ്രഖ്യാപനം പൂർത്തിയാക്കാൻ ഇനി എന്താണ് വേണ്ടതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. മഹാകവിയുടെ ജന്മസ്ഥലമായ കായിക്കരയുടെയും സമീപ പ്രദേശമായ വക്കത്തിന്റെയും സമഗ്ര വികസനത്തെ ലക്ഷ്യമാക്കി ഒരു ഡെവലപ്മെന്റ് അതോറിട്ടി രൂപീകരിക്കുന്നതിന് കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ തീരുമാനിച്ചു.

മഹാകവിയുടെ ജന്മസ്ഥലമായ കായിക്കരയും വക്കം മൗലവി, ഐ.എൻ.എ ഹീറോ വക്കം അബ്ദുൽ ഖാദർ തുടങ്ങിയവരുടെ ജന്മസ്ഥലമായ വക്കവും തമ്മിൽ യോജിപ്പിക്കാനും ആശാൻ ടൗൺഷിപ്പ് ഉണ്ടാക്കാനും, അഞ്ചുതെങ്ങ് കായലിൽ കായിക്കരക്കടവിൽ ആശാൻ - മൗലവി പാലവും നിർമ്മിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി.1979ൽ ഗവർണറായിരുന്ന ജ്യോതി വെങ്കിടാചലത്തിനാണ് നിവേദനം നൽകിയത്. ഇതിന്റെ ആവശ്യകതയെപ്പറ്റി വിവിധയിടങ്ങളിൽ സിമ്പോസിയങ്ങളും ചർച്ചകളും നടത്തി. അന്ന് മന്ത്രിയായിരുന്ന ആർ.എസ്. ഉണ്ണി, പി.ഡബ്ലി.യു.ഡി മന്ത്രി അബൂബക്കർ എന്നിവർക്ക് പുറമേ അസോസിയേൻ ഭാരവാഹികൾ അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശശാങ്കനും നിവേദനം നൽകിയിരുന്നു. ബന്ധപ്പെട്ടവർ അനുകൂല അഭിപ്രായമാണ് അസോസിയേഷന് നൽകിയത്. കായിക്കരയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന്‌ സഹായകമാകുന്ന വിധത്തിൽ ആശാൻ അസോസിയേഷൻ പദ്ധതികൾ രൂപപ്പെടുത്തി.