des04a

ആറ്റിങ്ങൽ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണഘടനാധികാരം ഉപയോഗിക്കുന്നതിന് ഓരോ വോട്ടറെയും ആഹ്വാനം ചെയ്തുകൊണ്ട് ബോധവത്കരണവുമായി കുട്ടി പൊലീസ് വീടുകളിൽ എത്തിയത് കൗതുകമായി.

തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട കൊവിഡ് മുൻകരുതലുകളും പ്രകൃതിയെ സംരക്ഷിക്കുന്നതിന് ഹരിതചട്ടം പാലിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചുമാണ് അവനവഞ്ചേരി ഗവ. എച്ച്.എസിലെ സ്റ്റുഡന്റ് പൊലീസിന്റെ ബോധവത്കരണം.

തിരുവനന്തപുരം റൂറൽ ജില്ലയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിലാണ് തദ്ദേശം 2020 - അറിയേണ്ടതും ചെയ്യേണ്ടതും എന്ന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

ഇതിന്റെ ഭാഗമായി ഡിസംബർ ഒന്നുമുതൽ അഞ്ചുവരെ ജില്ലയിലെ ഏഴായിരത്തിലധികം കേഡറ്റുകൾ തങ്ങളുടെ വീടിന് ചുറ്റുപാടുമുള്ള പത്തു വീടുകളിൽ വോട്ടർമാരെ നേരിട്ട് കണ്ട് ലഘുലേഖകൾ വിതരണം ചെയ്തു വരികയാണ്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഈ ബോധവത്കരണ പരിപാടിയിൽ കേഡറ്റുകൾ തയ്യാറാക്കിയ ലഘുലേഖകളും വിതരണം ചെയ്യുന്നു. കൊവിഡ് കാലത്ത് വീട്ടിലടച്ചിരിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾക്ക് പരിഹാരം കാണാനായി കേരള പൊലീസ് നടപ്പിലാക്കുന്ന ചിരി പദ്ധതിയുടെ പ്രചാരണവും കേഡറ്റുകൾ ഇതോടൊപ്പം നടത്തുകയാണ്.