
വിതുര: ബുറേവി ചുഴലിക്കാറ്റ് പൊന്മുടി വഴി കടന്നുപോകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പൊന്മുടിയിൽ നിന്ന് പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റിയ തോട്ടം തൊഴിലാളികളെ ഇന്ന് വൈകിട്ടോടെ തിരിച്ചെത്തിക്കും. പൊന്മുടി, കുളച്ചിക്കര എസ്റ്റേറ്റുകളാലായുള്ള 300 ൽപരം കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ചുഴലിക്കാറ്റ് നാശം വിതയ്ക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയെങ്കിലും ലയങ്ങൾ വിട്ടുപോകാൻ തൊഴിലാളികൾ തയ്യാറായിരുന്നില്ല. ഒരു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് നാല് കെ.എസ്.ആർ.ടി.സി ബസുകളിലായി 30 കിലോമീറ്റർ അകലെയുള്ള വിതുര ഹൈസ്കൂൾ, ആനപ്പാറ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സജ്ജമാക്കിയിരുന്ന താത്കാലിക കേന്ദ്രങ്ങളിലേക്ക് വ്യാഴാഴ്ച രാത്രിയോടെ ഇവരെ മാറ്റി പാർപ്പിച്ചത്. സർക്കാരിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് എല്ലാ സജ്ജീകരണങ്ങളും ക്യാമ്പുകളിൽ ഒരുക്കിയിരുന്നു.വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്, സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ് എന്നിവർ നേതൃത്വം നൽകി.
ബുറേവി ചുഴലിക്കാറ്റും അതിതീവ്രമഴയും കേരളത്തിലേക്ക് കടക്കുമെന്ന കാലാവസ്ഥാ പ്രവചനം എത്തിയതോടെ മലയോരമേഖലയിൽ കനത്ത ആശങ്ക നിലനിന്നിരുന്നു. ബുറേവി തമിഴ്നാട്ടിൽ വച്ചുതന്നെ ശക്തികുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നും ഇന്നലെ ഉച്ചയോടെ പൊന്മുടിയിലൂടെ കടന്ന് വർക്കലയ്ക്കും പരവൂരിനും ഇടയിലൂടെ അറബിക്കടലിൽ എത്തുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പുണ്ടായിരുന്നത്. അപകടസാദ്ധ്യത മുൻനിറുത്തി നെടുമങ്ങാട് തഹസിൽദാരും, പെരിങ്ങമ്മല വില്ലേജ് ഒാഫീസർ, വിതുര ഫയർഫോഴ്സ്, ദുരന്തനിവാരണവിഭാഗം, വിതുര പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും പൊന്മുടിയിലെത്തി.
പൊന്മുടിയിൽ മഴയും മഞ്ഞും
ബുറേവി ചുഴലിക്കാറ്റ് ഭീതി പരത്തിയ പൊന്മുടിയിൽ ഇന്നലെ മറ്റ് മേഖലകളെ അപേക്ഷിച്ച് നിരവധി തവണ കനത്ത മഴ പെയ്തു. കാറ്റും ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് കനത്ത മഞ്ഞ് വീഴ്ചുമുണ്ടായി. മഞ്ഞിന്റെ ആധിക്യം മൂലം ഉച്ചയ്ക്ക് ശേഷം കല്ലാർ ഗോൾഡൻവാലി മുതൽ പൊന്മുടി വരെ വാഹനങ്ങൾ ലൈറ്റ് തെളിച്ചാണ് സഞ്ചരിച്ചത്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു
വിതുരയിലും ആനപ്പാറയിലുമുള്ള ക്യാമ്പുകളിൽ ഇന്നലെ ഉച്ചയോടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എത്തി തൊഴിലാളികളോട് ആശയവിനിമയം നടത്തി. ബുറേവി ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞുവെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അടുത്ത ദിവസം തന്നെ തിരിച്ച് പൊന്മുടിയിൽ എത്തിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി. കെ.എസ്.ശബരീനാഥൻ എം.എൽ.എയും ക്യാമ്പുകൾ സന്ദർശിച്ചു.