kavi

വെഞ്ഞാറമൂട്: എസ്.എൻ ഡി പി യോഗം മുൻ ദേവസ്വം സെക്രട്ടറിയും, നെടുമങ്ങാട് യൂണിയൻ മുൻ പ്രസിഡൻറും പ്രമുഖ സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായ പിരപ്പൻകോട് കാവിയാട് ബംഗ്ലാവിൽ വീട്ടിൽ കാവിയാട് മാധവൻകുട്ടി (86) അന്തരിച്ചു .

തിരുവനന്തപുരം ജില്ലയിലെ പുരാതനമായ കാവിയാട് കുടുംബത്തിൽ പരേതനായ കാവിയാട്ടു കുഞ്ഞൻ പണിക്കരുടെയും ഭാർഗ്ഗവിയുടെയും മകനാണ്. വാർദ്ധക്യ സഹജമായ അസുഖം മൂലം വീട്ടിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി പതിന്നൊന്ന് മണിയോടെയായിരുന്നു അന്ത്യം . ചെമ്പഴന്തി എസ് എൻ കോളേജ് ആർ ഡി സി ചെയർമാൻ, എസ്.എൻ ട്രസ്റ്റ് സ്ഥിരാംഗം, കാവിയാട്ട് എഡ്യൂക്കേഷണൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്ഥാപകൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ജില്ലയിലെ ആദ്യകാല പി.ഡബ്ല്യൂ.ഡി കോൺട്രാക്റ്റർമാരിൽ ഒരാളാണ്. കാർഷിക രംഗത്തും പ്രാഗൽഭ്യം തെളിയിച്ചു .ഭാര്യ പി. ജി. തങ്കമ്മ. മകൾ: സൂര്യ ഗുരുദേവ്, മരുമകൻ: രാഹുൽ പ്രകാശം.കോൺഗ്രസ്സ് നേതാവും മുൻ ഡി.സി.സി പ്രസിഡൻറും, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ കാവിയാട് ദിവാകരപ്പണിക്കർ സഹോദരനാണ്.

കാവിയാട് ബംഗ്ളാവിൽ വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ കേരള കൗമുദിക്ക് വേണ്ടി ജനറൽ മാനേജർ ശ്രീസാഗർ റീത്ത് സമർപ്പിച്ചു.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടി തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേം രാജ്,വർക്കല യൂണിയൻ പ്രസിഡന്റ് അജി എസ്.ആർ.എം, ചെമ്പഴന്തി യൂണിയൻ ഡയറക്ടർ ബോർഡംഗം ചെമ്പഴന്തി ശശി എന്നിവർ റീത്ത് സമർപ്പിച്ചു.മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി , ഡി.കെ മുരളി എം .എൽ. എ, ജമീല പ്രകാശം എക്സ് എം .എൽ .എ, കെ. പി. സി .സി വൈസ് പ്രസിഡന്റ് ശരത് ചന്ദ്രപ്രസാദ്, അഡ്വ. വെമ്പായം അനിൽകുമാർ , യോഗം വാമനപുരം യൂണിയൻ പ്രസിഡൻറ് പാങ്ങോട് വി.ചന്ദ്രൻ , സി.പി.എം വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി ഇ.എ സലിം, അശോക് ശശി തുടങ്ങി നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു.