വെഞ്ഞാറമൂട്: കാവിയാട് മാധവൻ കുട്ടിയുടെ വിയോഗത്തോടെ നഷ്ടമായത് ശ്രീ നാരായണ ഗുരു ദർശനങ്ങൾ ജീവിതചര്യയാക്കിയ സാമുദായിക നേതാവിനെ.എസ്.എൻ.ഡി.പി യോഗം പിരപ്പൻകോട് ശാഖാ പ്രസിഡന്റായി തുടങ്ങി യോഗം ദേവസ്വം സെക്രട്ടറി സ്ഥാനത്ത് വരെയെത്തിയ അദ്ദേഹം വെഞ്ഞാറമൂട്, വെമ്പായം മേഖലകളിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. തികഞ്ഞ ശ്രീനാരായണ ഭക്തനായിരുന്ന കാവിയാട് പാറയ്ക്കൽ, പിരപ്പൻകോട്, വെമ്പായം ശാഖകൾക്ക് ഗുരുമന്ദിരം നിർമ്മിക്കാൻ സൗജന്യമായി സ്ഥലം നൽകുകയും പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുകയും ചെയ്തു. ' വിദ്യ കൊണ്ട് പ്രബുദ്ധരാവുക ' എന്ന ഗുരു സന്ദേശത്തെ ശിരസാ വഹിച്ച് കാവിയാട് എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് നിരവധി നിരാലംബർക്ക് വിദ്യാഭ്യാസവും, ജോലിയും നൽകുകയും, ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരമുള്ള സ്ഥാപനമാക്കി മാറ്റുകയും ചെയ്തു. ദീർഘകാലം ഗവ. കോൺട്രാക്ടറായിരുന്ന അദ്ദേഹം കാർഷിക മേഖലയിലും തിളങ്ങിയിരുന്നു. വീടിനോട് ചേർന്ന് പശു ഫാം, പച്ചക്കറിത്തോട്ടം എന്നിവയും ഉണ്ടായിരുന്നു. കാർഷിക മേഖലയിലെ പ്രവർത്തനത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സാമൂഹ്യ സേവന രംഗങ്ങളിലും ,ജീവകാരുണ്യ പ്രവർത്തനങ്ങളിലുമുള്ള സജീവ ശ്രദ്ധയും, ഗുരു ഭക്തിയുമായിരുന്നു മുഖമുദ്ര. ശ്രീ നാരായണ ഗുരുധർമ്മ പ്രചാരണ സംഘം പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹത്തിന് 2013 ൽ 'ഗുരു ദർശന ' പുരസ്‌കാരവും ലഭിച്ചു. ഗുരുദർശനത്തെ അടിസ്ഥാനമാക്കി 'ആത്മ സുഖത്തിന്റെ ദർശനം ' എന്ന പുസ്തകം രചിച്ചു.