ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ വഴിമുക്ക് തയ്ക്കാപള്ളിക്കു സമീപം ലോറിക്കടിയിൽപ്പെട്ട് സഹോദരങ്ങൾ മരിച്ചു. വഴിമുക്ക് പ്ലാങ്കാലവിളയിൽ ഷറഫുദ്ദീൻ -ഷക്കീല ദമ്പതികളുടെ മക്കൾ ഷർമാൻ (21)​,​ ഷഫീർ (18)​ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ തയ്ക്കാപള്ളി വളവിന് സമീപം യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്കടിയിൽപ്പെടുകയായിരുന്നു. ഷർമാന്റെ ദേഹത്ത് ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. സഹോദരൻ ഷഫീറിന് ബൈക്കിൽ നിന്നു ദൂരേക്കു തെറിച്ചുവീണ് തലയ്ക്കും ദേഹത്തും ഗുരുതര പരിക്കേറ്റു. സംഭവ സ്ഥലത്ത്തന്നെ ഇരുവരും മരിച്ചു. ഷർമാനും ഇളയ സഹോദരൻ ഷഫീനും ജോലി കഴിഞ്ഞ് തിരുവനന്തപുരം ഭാഗത്ത് നിന്ന് വരികയായിരുന്നു. യുവാക്കളുടെ വീടിന് അരക്കിലോമീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്. ബാലരാമപുരം എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി മൃതദേഹം ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബാലരാമപുരം ടൗൺ ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു. ബാലരാമപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. മാർത്താണ്ഡം സ്വദേശിയായ ഡ്രൈവറും അപകടത്തിൽപ്പെട്ട ലോറിയും പൊലീസ് കസ്റ്റഡിയിലാണ്.